
പി വി അൻവർ രാജിവച്ച സാഹചര്യത്തിൽ അപ്രതീക്ഷിതമായി വന്ന ഉപതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് നിലമ്പൂർ മണ്ഡലത്തിലെ വോട്ടർമാർ. ജൂൺ 19ന് നിലമ്പൂർ പോളിങ്ബൂത്തിലേയ്ക്ക് പോകുകയാണ്. ഇരുമുന്നണികളെയും പി വി അൻവറിനെയും സംബന്ധിച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അഭിമാനപ്രശ്‌നമാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം അതിനാൽ തന്നെ കേരളം വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മാസങ്ങൾ ബാക്കി നിൽക്കേ നിലമ്പൂരിൽ എന്ത് വിലകൊടുത്തും വിജയിക്കുക എന്നതായിരിക്കും മുന്നണികളുടെ മുന്നിലുള്ള ഏകലക്ഷ്യം.
രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. ഇതുവരെ നടന്ന മറ്റ് നാല് ഉപതിരഞ്ഞെടുപ്പിലും എൽഡിഎഫും യുഡിഎഫും സിറ്റിങ് സീറ്റുകൾ നിലനിർത്തിയിരുന്നു. നിലമ്പൂരിൽ സിറ്റിങ് എംഎൽഎയായ പി വി അൻവർ പിണറായി വിജയനുമായി ഇടഞ്ഞ് രാജിവച്ച് യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ തന്നെ നിലമ്പൂർ നിലനിർത്തേണ്ടത് എൽഡിഎഫിനും സിപിഐഎമ്മിനും അഭിമാനപ്രശ്‌നം കൂടിയാണ്. ഒരുകാലത്ത് ആര്യാടൻ മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂർ ഒൻപത് വർഷങ്ങൾക്ക് ശേഷം തിരിക പിടിക്കാനുള്ള തന്ത്രമാണ് യുഡിഎഫ് പയറ്റുക. അതിനായി അൻവറിനെ ചേർത്തു നിർത്തി മുന്നോട്ടു പോകുക എന്നതായിരിക്കും യുഡിഎഫിൻ്റെ തുരുപ്പ് ചീട്ട്. എൽഡിഎഫ് ആകട്ടെ നിലമ്പൂർ അൻവറിലൂടെ തിരിച്ച് പിടിച്ചപ്പോൾ പയറ്റിയ സ്വതന്ത്രൻ എന്ന തന്ത്രം തന്നെ ഇത്തവണ പയറ്റുമോ എന്നാണ് അറിയേണ്ടത്. അതോ കുഞ്ഞാലിയുടെ നാട്ടിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സിപിഐഎം തയ്യാറാകുമോ എന്നും കണ്ടറിയണം.
പിണറായിസത്തിനെതിരാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് അൻവർ വെല്ലുവിളിക്കുമ്പോൾ പിണറായി വിജയനും ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. സിപിഐഎം സെക്രട്ടറി സ്ഥാനത്തേയ്ക്ക് വീണ്ടും എത്തിയ എം വി ഗോവിന്ദനും വിജയത്തിനായി നിലമ്പൂരിൽ പാർട്ടിയെ ഒരുക്കുക എന്നത് വെല്ലുവിളിയാണ്. പുതിയ കെപിസിസി പ്രസിഡൻ്റിനെ സംബന്ധിച്ച് ആദ്യത്തെ സുപ്രധാന ദൗത്യമാണ് നിലമ്പൂർ തിരഞ്ഞെടുപ്പ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ നിലയിൽ കടുത്ത പോരാട്ടത്തിന് വഴിയൊരുങ്ങുമ്പോൾ എല്ലാ രാഷ്ട്രീയ കണ്ണുകളും ഉറ്റുനോക്കുന്നത് നിലമ്പൂരിലേക്കാണ്.
സിപിഐഎം സൈബർ അണികളുടെ ആവേശവും പിണറായി വിജയൻ അടക്കമുള്ള നേതാക്കളുടെ വിശ്വസ്തനുമായ നേതാവായിരുന്നു പി വി അൻവർ. മലപ്പുറം എസ് പി സുജിത് ദാസ്, എഡിജിപി അജിത്കുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നതോടെയാണ് അൻവർ എൽഡിഎഫിൽ നിന്നും അകലാൻ ആരംഭിക്കുന്നത്. തുടക്കത്തിൽ അൻവറിൻ്റെ അരോപണങ്ങൾക്ക് സിപിഐഎമ്മിനുള്ളിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നതോടെയാണ് അൻവർ സിപിഐഎമ്മിന് പൂർണ്ണമായും അനഭിമതനാകുന്നത്. പിന്നീട് ശശിക്കെതിരായ അൻവറിൻ്റെ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരായി മാറിയതോടെ സിപിഐഎം അൻവറിനെ തള്ളിപ്പറഞ്ഞു. അൻവറും സിപിഐഎമ്മും വഴി പിരിഞ്ഞതിന് പിന്നാലെയാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതും യുഡിഎഫ് പാളയത്തിനൊപ്പം കൂടിയതും.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും, അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലമ്പൂർ നിയമസഭാ മണ്ഡലം. 1987 മുതൽ 2011 വരെ നിലമ്പൂരിൽ നിന്നും കോൺഗ്രസിൻ്റെ ആര്യാടൻ മുഹമ്മദാണ് തുടർച്ചയായി വിജയിച്ചത്. 1977ലും 1980ലും ആര്യാടൻ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. 2016ൽ ആര്യാടൻ്റെ കുത്തക തകർത്താണ് അൻവർ നിലമ്പൂർ എൽഡിഎഫിനായി പിടിച്ചെടുത്തത്. 2016ലെ നിലമ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ 1, 504 വോട്ടുകളുടെ ഭൂരിപക്ഷവും, 2021ലെ തിരഞ്ഞെടുപ്പില്‍ 2,700 വോട്ടുകളുടെ ഭൂരിപക്ഷവും സ്വന്തമാക്കിയിരുന്നു.
ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകൾക്കാണ് കോൺഗ്രസിൽ മുൻതൂക്കം. കോൺഗ്രസ് നേതൃത്വത്തിലെ വലിയൊരു വിഭാഗവും പി വി അൻവറും വി എസ് ജോയ് സ്ഥാനാർത്ഥിയാകണമെന്ന നിലപാടിലാണ്. സ്ഥാനാർത്ഥിത്വം നിഷേധിച്ചാൽ ഇടതുസ്വതന്ത്രനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കോൺഗ്രസ് എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു ഷറഫലി, പ്രൊഫ. തോമസ് മാത്യു തുടങ്ങിയ സ്വതന്ത്രരുടെ പേരുകൾ സിപിഐഎം പരിഗണിക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിപിഐഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെയോ ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയെയോ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ ബിജെപിയിൽ ആശയക്കുഴപ്പമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മത്സരിക്കേണ്ടെന്ന നിലപാട് ഒരു വിഭാഗം നേതാക്കൾ മുന്നോട്ടുവെച്ചതോടെയാണ് ആശയക്കുഴപ്പം രൂപപ്പെട്ടത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രസക്തിയില്ല. അതിനാൽ സമയവും അധ്വാനവും സാമ്പത്തികവും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കൾ സ്ഥാനാർത്ഥിയെ നിർത്തുന്നതിനെ എതിർക്കുന്നത്. നിലമ്പൂർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ ബിജെപി നേതൃത്വത്തിന്റെ ആലോചനയെന്നാണ് വിവരം.
1967ലാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് നിലമ്പൂരുകാർ നാടിനെ ചുവപ്പണിയിച്ചു. നിലമ്പൂരുകാരുടെ പ്രിയ നേതാവ് കെ കുഞ്ഞാലിയുടെ മണ്ഡലം ഇടതിനോട് ചേർന്ന് നിന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം കുഞ്ഞാലി ക്രൂരമായി കൊല ചെയ്യപ്പെട്ടു. നിലമ്പൂരിന്റെ ആദ്യ എംഎൽഎ തോക്കിനിരയാവുകയായിരുന്നു. ഈ കൊലപാതകത്തിൽ ആര്യാടൻ മുഹമ്മദ് ആരോപണ വിധേയനായിരുന്നു. തുടർന്ന് 1970ൽ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നു, എന്നാൽ ആദ്യതവണ ഇടതിനെ ചേർത്ത് നിർത്തിയ ജനങ്ങൾ ഇത്തവണ ഇടതിനെ കൈവെടിഞ്ഞു. എം പി ഗംഗാധരനെ അക്കുറി വിജയിപ്പിച്ച നിലമ്പൂർ 1977ൽ ആര്യാടനെ ആദ്യമായി വിജയിപ്പിച്ചു. 1980ൽ ഇടതു പിന്തുണയോടെ മത്സരിച്ച ആര്യാടൻ ഇവിടെ വിജയിച്ചു. എന്നാൽ 1982ൽ കോൺഗ്രസ് വിട്ടെത്തിയ ടി കെ ഹംസ ആര്യാടനെ പരാജയപ്പെടുത്തി നിലമ്പൂരിനെ വീണ്ടും ചുകപ്പണിയിച്ചു.
1987 മുതൽ വലതിന്റെ വിജയഗാഥയ്ക്കായിരുന്നു നിലമ്പൂർ സാക്ഷിയായത്. തുടർന്നുള്ള ആറ് തവണയും വിജയിച്ച് ആര്യാടൻ മുഹമ്മദ് നിലമ്പൂരിനെ യുഡിഎഫ് കോട്ടയാക്കി മാറ്റി. എന്നാൽ 2016ൽ സ്ഥിതി മാറി. ആര്യാടൻ കെട്ടിപ്പൊക്കിയ യുഡിഎഫിന്റെ അടിത്തറ സിപിഎമ്മിന് വേണ്ടി സ്വതന്ത്ര വേഷത്തിലെത്തിയ പി വി അൻവർ പൊളിച്ചു. ഇനി അറിയേണ്ടത് അൻവർ പൊളിച്ച യുഡിഎഫ് കോട്ടയിൽ ഇടതിന് വീണ്ടും വിള്ളൽ വീഴുമോയെന്നാണ്.
Content Highlight; In the Nilambur Byelection, Did Voters Side with the Left or the Right?