തിരിച്ചടിയില്‍ ഇന്ത്യയുടെ ആയുധക്കരുത്ത്, എന്താണ് സ്‌കാല്‍പ് മിസൈലിന്റെ പവര്‍?

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണത്തില്‍ പാകിസ്ഥാന്‍ ഭീകര താവളങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ തൊടുത്തുവിട്ടത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളുമാണ്

dot image

25 ഇന്ത്യക്കാരും ഒരു നേപ്പാളിയും കൊല്ലപ്പെട്ട ക്രൂരമായ പഹല്‍ഗാം അക്രമണത്തെത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാന്റെ ഒന്‍പതോളം ഭീകര ക്യാമ്പുകള്‍ തകര്‍ത്താണ് ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. 2019 ലെ ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിനുശേഷം ഇന്ത്യ നടത്തുന്ന സുപ്രധാന സൈനിക നീക്കങ്ങളിലൊന്നാണിത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണത്തില്‍ പാകിസ്ഥാന്‍ ഭീകര താവളങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ തൊടുത്തുവിട്ടത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളുമാണ്. അതിനായി ഉപയോഗിച്ചതാവട്ടെ റഫാല്‍ യുദ്ധവിമാനങ്ങളും.

ആയുധശേഖരത്തില്‍ സമ്പന്നമായ ഇന്ത്യയുടെ പക്കല്‍ ശക്തിയേറിയ നിരവധി മിസൈലുകളുണ്ട്. ഇതില്‍ വിദേശനിര്‍മിതമായ സ്‌കാല്‍പ് മിസൈലാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ഉന്നം വച്ച് ഇന്ത്യ ഉപയോഗിച്ചത്. ബ്രിട്ടീഷ് എയറോസ്‌പേസും ഫ്രഞ്ച് കമ്പനിയായ മാത്രയും ചേര്‍ന്നാണ് സ്‌കാല്‍പ് മിസൈല്‍ വികസിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ ഇതിനെ സ്റ്റോം ഷാഡോ എന്നും ഫ്രാന്‍സില്‍ സ്‌കാല്‍പ്പ്-ഇജി എന്നും ഈ മിസൈലിനെ വിളിക്കുന്നു. 300 കിലോ മീറ്റര്‍ ദൂരപരിധിയുള്ള സ്‌കാല്‍പ്പ് മിസൈലിന്റെ കൃത്യതയുടെ പിന്നില്‍ അതിന്‍റെ നൂതന നാവിഗേഷന്‍ സംവിധാനമാണ്. ഐഎന്‍എസ്, ജിപിഎസ്, ടെറൈന്‍ റഫറന്‍സിങ് എന്നിവയാണ് ഈ മിസൈൽ ഉപയോഗിക്കുന്നത്. രാത്രിസമയത്തും ഏത് കാലാവസ്ഥയിലും ഇതിനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇതൊരു 'ഫയര്‍ ആന്റ് ഫോര്‍ര്‍ഗെറ്റ്' മിസൈലാണ്. അതായത് ഒരു ലക്ഷ്യസ്ഥാനത്തേക്ക് മിസൈല്‍ വിക്ഷേപിച്ച് കഴിഞ്ഞാല്‍ പിന്നീട് അതിനെ നിയന്ത്രിക്കാനോ അതിനെ സ്വയം നശിപ്പിക്കുവാനോ ലക്ഷ്യസ്ഥാനങ്ങള്‍ മാറ്റാനോ സാധിക്കില്ല. ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കിയാണ് സ്‌കാല്‍പ്പ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക. ലക്ഷ്യസ്ഥാനത്തോടടുക്കുമ്പോള്‍ മിസൈലിലെ ഇന്‍ഫ്രാറെഡ് ക്യാമറ പ്രവര്‍ത്തിക്കുകയും ലക്ഷ്യസ്ഥാനം കൃത്യമായി തിരിച്ചറിയുകയും അത് തകര്‍ക്കുകയും ചെയ്യും.

ഇന്ത്യ ഉപയോഗിച്ച മറ്റൊരു ആയുധം ഹാമ്മര്‍ ബോംബുകളുമാണ്. ആകാശത്ത് നിന്ന് ഭൂമിയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുക്കാവുന്ന, ഫ്രാന്‍സ് വികസിപ്പിച്ച അത്യാധുനിക ആയുധമാണ് ഹാമ്മര്‍ ബോംബ്. Highly Agile Modular Munition Extended Range എന്നാണ് ഇതിന്റെ ഔദ്യോഗികനാമം. എയര്‍ - ടു - ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 കിലോഗ്രാം മുതല്‍ 1000കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണ്. ബങ്കറുകളും ബഹുനില കെട്ടിടങ്ങളും ഉള്‍പ്പടെ ശക്തിയേറിയ നിര്‍മിതികള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഹാമ്മര്‍ ബോംബ്. ലഷ്‌കറെ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് പോലുള്ള ഭീകരസംഘനടകളുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹാമര്‍ ഉപയോഗിച്ചതിനുള്ള കാരണവും അതു തന്നെ.

റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ വ്യോമസേന ഹാമ്മര്‍ ഹോംബുകളും സ്വന്തമാക്കിയത്. റാഫേല്‍ വിമാനങ്ങള്‍ക്ക് ഒരേ സമയം ആറ് ഹാമ്മറുകള്‍ വരെ വഹിക്കാനാവും.

4.5 തലമുറ യുദ്ധവിമാനമായ റഫാല്‍, വ്യോമസേനയുടെ ആയുധപ്പുരയിലെ ഏറ്റവും നൂതനമായ വിമാനമാണ്. 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി, എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ വഹിക്കാനുള്ള ശേഷി, ആണവ മിസൈലുകള്‍ കൊണ്ടുള്ള ആക്രമണത്തിനുള്ള ശേഷി, അത്യാധുനിക റഡാര്‍ സംവിധാനം, ശത്രുസേനയുടെ റഡാര്‍ നിശ്ചലമാക്കാനുള്ള സംവിധാനം, ലഡാക് പോലെ ഉയര്‍ന്ന മേഖലകളില്‍ നിന്ന് ടേക്ക്ഓഫ് ചെയ്യുന്നതിനുള്ള എഞ്ചിന്‍ കരുത്ത്, അക്രമിക്കുന്ന ശത്രുമിസൈലുകളെ വഴിതിരിച്ച് വിടുക എന്നിവയൊക്കെ റഫാലിന്റെ പ്രത്യേകതയാണ്.

Content Highlights: :What is the power of the Scarp missile and hammer bomb

dot image
To advertise here,contact us
dot image