ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താന് ഇന്ത്യയുടെ മറുപടി; ലോക രാ​ജ്യങ്ങളുടെ പ്രതികരണങ്ങൾ ഇങ്ങനെ...

ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം

dot image

ഹൽ​ഗാമിൽ 26 നിരപരാധികളായ മനുഷ്യരെ കൊന്നുതള്ളിയ പാകിസ്താന് ഇന്ത്യ ഒടുവിൽ ശക്തമായ മറുപടി നൽകിയിരിക്കുകയാണ്. തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗിക പ്രഖ്യാപനം നടത്തിയ മണിക്കൂറിൽ തന്നെ നടത്തിയ ഇരുട്ടടിയിൽ ഇന്ത്യക്കെതിരെ കെട്ടിപ്പൊക്കിയ ഭീകര സാമ്രാജ്യങ്ങൾ നിലം പൊത്തിയപ്പോൾ പാകിസ്താന് പ്രതിരോധിക്കാനായില്ല.

'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിലൂടെ ഒരു രാത്രിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യംവച്ചത്. ഇതിലൂടെ നൂറോളം ഭീകരരെ വകവരുത്താനായി. പുരുഷന്മാരെ തിരഞ്ഞുപിടിച്ചാക്രമിച്ച് സ്ത്രീകളെ തീരാ കണ്ണീരിലേക്ക് തള്ളിവിട്ട ഭീകര ർക്ക് അർഹിച്ച ശിക്ഷ നൽകിയതിലൂടെ 'ഓപ്പറേഷൻ സിന്ദൂർ' അതിന്റെ പേര് കൊണ്ടും കർമം കൊണ്ടും അർത്ഥപൂർണമാവുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ പ്രതികരിച്ച് നിരവധി ലോക രാ​ജ്യങ്ങളാണ് ഇതിനോടകം രംഗത്തെത്തിയത്. അമേരിക്ക,ചൈന, ഇസ്രായേൽ, യുഎഇ, ജപ്പാൻ, ഖത്തർ, റഷ്യ,ഫ്രാൻസ്, യുകെ തുടങ്ങിവരെല്ലാം ഇന്ത്യയെ പിന്തുണച്ചും അല്ലാതെയും പ്രതികരിച്ചിട്ടുണ്ട്.

അമേരിക്ക

ഏപ്രിൽ 22ൽ കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറ‍ഞ്ഞിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് മാർക്കോ റൂബിയോയെ അറിയിച്ചതായി യുഎസ് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഏപ്രിൽ 22-ന് 26 പേർ കൊല്ലപ്പെട്ട പഹൽ​ഗാം ആക്രമണത്തിന് ശേഷവും ട്രംപ് ഉൾപ്പെടെയുള്ള യുഎസ് നേതാക്കൾ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
മാർക്കോ റൂബിയോ

ചൈന

ഓപ്പറേഷൻ സിന്ദൂറിനോട് വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ടാണ് ചൈന രം​ഗത്തെത്തിയത്. ഇന്ത്യയുടെ നടപടി ഖേദകരമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ ഗുരുതരമാക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റേതാണ് പ്രതികരണം.

'നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ട്. ഇന്ത്യയും പാകിസ്താനും ഇപ്പോഴും ഭാവിയിലും അയല്‍ക്കാരായിരിക്കും. ഇരുവരും ചൈനയുടെ അയല്‍രാജ്യങ്ങള്‍ കൂടിയാണ്. എല്ലാ ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നു. സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളണമെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയാണ്. സംയമനം പാലിക്കുക. സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക', എന്നായിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം.

ഇസ്രയേൽ

ഇന്ത്യയെ പിന്തുണച്ചാണ് ഇസ്രയേൽ പ്രതികരിച്ചത്. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് ഇസ്രയേൽ ഇന്ത്യക്ക് പിന്തുണ അറിയിച്ചത്.

യുഎഇ

ഇന്ത്യയുടെ തിരിച്ചടിയിൽ ആശങ്ക പ്രകടിപ്പിച്ചാണ് യുഎൻ രം​ഗത്തെത്തിയത്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 'നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിൽ സെക്രട്ടറി ജനറൽ വളരെയധികം ആശങ്കാകുലനാണ്. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ലെ'ന്ന് യുഎൻ സെക്രട്ടറി പറഞ്ഞതായി മേധാവിയുടെ വക്താവ് സ്റ്റീഫൻ ഡുജാറിക് മാധ്യമങ്ങളോട് പറ‍ഞ്ഞു.യുഎഇ

പാകിസ്താന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രതികരിച്ചത്. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും, സംഘർഷം ലഘൂകരിക്കണമെന്നും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. അന്തർദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതൽ സംഘർഷം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ
ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് നേരത്തെ യുഎഇ രം​ഗത്തെത്തിയിരുന്നു. ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യുഎഇ അറിയിച്ചിരുന്നു. ഭീകരവാദത്തെ എങ്ങനെയും തടയണം. ഹീനമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്നും യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറ‍ഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജപ്പാൻ

ഏപ്രിൽ 22 ന് കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നതായി ജപ്പാൻ മന്ത്രിസഭാ സെക്രട്ടറി യോഷിമാസ ഹയാഷി പറ‍ഞ്ഞു. ഇന്ത്യയും പാകിസ്താനും കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുന്നതിലും സൈനിക സംഘർഷത്തിലും ആശങ്കയുണ്ടെന്ന് യോഷിമാസ ഹയാഷി പറഞ്ഞു. ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുന്നു. സംസാരിച്ച് സ്ഥിതിഗതികൾ സുസ്ഥിരമാക്കാനും ജപ്പാൻ മന്ത്രിസഭാ സെക്രട്ടറി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജപ്പാൻ മന്ത്രിസഭാ സെക്രട്ടറി യോഷിമാസ ഹയാഷി  | Yoshimasa Hayashi
യോഷിമാസ ഹയാഷി

ഖത്തർ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥയിൽ ആശങ്കയുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ നയതന്ത്ര മാർഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഖത്തര്‍.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിനും പഹൽഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഇന്ത്യയ്ക്ക് പൂർണ പിന്തുണ ഖത്തര്‍ ഇന്നലെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഇന്ത്യയോടുള്ള ഐക്യദാർഢ്യവും അറിയിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. പിന്തുണ അറിയിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞതായും ജയ്‌സ്വാൾ അറിയിച്ചു.

റഷ്യ

പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ ആശങ്ക പ്രകടിപ്പിച്ച് റഷ്യയും രം​ഗത്തെത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൽ വളരെയധികം ആശങ്കയുണ്ട്. ഭീകരപ്രവർത്തനങ്ങളെ റഷ്യ ശക്തമായി അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

മേഖലയിലെ സ്ഥിതി കൂടുതൽ വഷളാകുന്നത് തടയുന്നതിനായി ബന്ധപ്പെട്ട കക്ഷികളോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നു. 1972 ലെ സിംല കരാറിലെയും 1999 ലെ ലാഹോർ പ്രഖ്യാപനത്തിലെയും വ്യവസ്ഥകൾക്കനുസൃതമായി ഇരു രാജ്യങ്ങളും നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിലുണ്ട്.

ഫ്രാൻസ്

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ ആക്രമണമാണിതെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭീകരവാദത്തിന്റെ വിപത്തിൽ നിന്നും സ്വയം രക്ഷനേടാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് അറിയാം. പക്ഷേ സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും ജീൻ-നോയൽ ബാരറ്റ് പറഞ്ഞു.

ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ്
ജീൻ-നോയൽ ബാരറ്റ്

യുകെ

ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ നയതന്ത്രപരമായ പങ്ക് വഹിക്കാമെന്നാണ് യുകെ വാഗ്ദാനം. ഇരു രാജ്യങ്ങളും ‍തങ്ങളുടെ സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളെയും പിന്തുണയ്ക്കാൻ തങ്ങൾ തയ്യാറാണെന്ന് യുകെ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു. ബിബിസി റേഡിയോയിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക സ്ഥിരത, സംഭാഷണം, സംഘർഷം ലഘൂകരിക്കൽ എന്നിവയിൽ വലിയ താൽപ്പര്യമുളളവരാണ് ഇരുരാജ്യങ്ങളിലും. അതിനാൽ തങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഇവിടെയുണ്ടാവുമെന്നും യു കെ വ്യക്തമാക്കി.

യുകെ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ്
ജോനാഥൻ റെയ്നോൾഡ്സ്

Content Highlights: How world leaders are reacting to India-Pakistan military attacks

dot image
To advertise here,contact us
dot image