
രാജ്യത്തെ പെണ്‍മക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം തിരഞ്ഞെടുത്തത് കരുത്തിന്റെ പ്രതീകങ്ങളായ രണ്ട് സ്ത്രീകളെയാണ്. ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമിക സിംഗിനെയും കരസേനയിലെ കേണല്‍ സോഫിയ ഖുറേഷിയെയും. പഹല്‍ഗാമിലെ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ഇരുവശത്തുമായി അവരുമുണ്ടായിരുന്നു. ഇന്ത്യന്‍ ആക്രമണ തന്ത്രങ്ങളെപ്പറ്റിയും സാധാരണക്കാരോടുളള കരുതലിനെപ്പറ്റിയും അവര്‍ സൈനിക നീക്കത്തിലുണ്ടായ അതേ കൃത്യതയില്‍ സംസാരിച്ചു.
ഇന്ത്യന്‍ സ്ത്രീകള്‍ക്കുവേണ്ടി പകരം ചോദിക്കാന്‍ സൈന്യം ചുമതലപ്പെടുത്തിയ ഈ രണ്ട് വനിതകള്‍ ആരാണ്? നോക്കാം
സോഫിയ ഖുറേഷി
ഇന്ത്യന്‍ സൈന്യത്തിലെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിതാ ഓഫീസറാണ് കേണല്‍ സോഫിയാ ഖുറേഷി. ഗുജറാത്തിലെ വഡോദരയില്‍ ജനിച്ച സോഫിയ ഖുറേഷിയുടെ കുടുംബം സൈനിക പശ്ചാത്തലമുളളവരാണ്. സോഫിയയുടെ പിതാവും മുത്തശ്ശനും സേനയില്‍ പ്രവര്‍ത്തിച്ചവരാണ്. ആ പാത പിന്തുടര്‍ന്നാണ് സോഫിയ ഖുറേഷി ഇന്ത്യന്‍ സൈന്യത്തിലെത്തുന്നത്. 1999-ല്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്ന് ലെഫ്റ്റനന്റായാണ് സോഫിയ സൈന്യത്തില്‍ ചേര്‍ന്നത്. തുടര്‍ന്ന് നിരവധി നേട്ടങ്ങളിലൂടെ സേനയില്‍ തന്റേതായ സ്ഥാനം നേടിയ വനിതയാണ് സോഫിയ ഖുറേഷി.
ആസിയാന്‍ അന്താരാഷ്ട്ര സൈനിക അഭ്യാസ ക്യാംപില്‍ ഇന്ത്യന്‍ സേനയെ നയിച്ച ആദ്യ വനിതാ ഓഫീസറാണ് സോഫിയ ഖുറേഷി. 2016-ല്‍ പൂനെയില്‍ വെച്ച് നടന്ന 17 രാജ്യങ്ങള്‍ പങ്കെടുത്ത ക്യംപില്‍ നാല്‍പ്പതംഗ ഇന്ത്യന്‍ സേനാവിഭാഗത്തെ നയിച്ചതും സോഫിയയാണ്. അന്ന് ക്യാംപില്‍ പങ്കെടുത്ത രാജ്യങ്ങളുടെ ലീഡിംഗ് കമാന്‍ഡര്‍മാരിലെ ഏക വനിതയും സോഫിയയായിരുന്നു. അന്ന് കേവലം 35 വയസ് മാത്രമായിരുന്നു അവരുടെ പ്രായം.
യുഎന്‍ സമാധാന സേനയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പരിചയവും സോഫിയക്ക് ഉണ്ട്. 2006-ല്‍ കോംഗോയിലെ യുഎസ് പീസ് മിഷന്റെ ഭാഗമായിരുന്നു. സോഫിയയുടെ ഭര്‍ത്താവ് മേജര്‍ താജുദ്ദീന്‍ ഖുറേഷി മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രിയിലെ ഉദ്യോഗസ്ഥനാണ്. സോഫിയ ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
വ്യോമിക സിംഗ്
ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡറാണ് വ്യോമിക സിംഗ്. കുട്ടിക്കാലം മുതല്‍ തന്നെ സൈന്യത്തിലും വ്യോമസേനയിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യോമിക പഠനകാലത്ത് എന്‍സിസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് അവരുടെ സേനാമോഹത്തിന് ഊര്‍ജ്ജം പകര്‍ന്നു. എഞ്ചിനീയറിംഗ് പഠനത്തിനുശേഷമാണ് വ്യോമിക സൈന്യത്തില്‍ ചേരുന്നത്. 2019 ഡിസംബറിലാണ് ഹെലികോപ്റ്റര്‍ പൈലറ്റായുളള പെര്‍മനന്റ് കമ്മീഷന്‍ വ്യോമികയ്ക്ക് ലഭിച്ചത്. 2500 ഫ്‌ളയിംഗ് മണിക്കൂറുകളാണ് വ്യോമികയുടെ റെക്കോര്‍ഡിലുളളത്. ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകള്‍ വ്യോമിക പറത്തിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിലും വ്യോമിക സിംഗ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് മണിരംഗ് കീഴടക്കിയ വ്യോമസേനയുടെ ഓള്‍ വിമന്‍ ട്രൈ സര്‍വ്വീസസ് മൗണ്ടനീറിംഗ് ടീമിന്റെ ഭാഗമായിരുന്നു വ്യോമിക സിംഗ്. 2020-ല്‍ അരുണാചല്‍ പ്രദേശില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില പങ്കാളിയായിരുന്നു.
Content Highlights: operation sindoor india who are sophia qureshi and vyomika singh of indian army