പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷ ബാധയുണ്ടാകുന്നത് എന്തുകൊണ്ട്? ജാഗ്രത വേണം ഇക്കാര്യങ്ങളിൽ

ചികിത്സയിലിരിക്കെ ഏപ്രില്‍ 29നാണ് അഞ്ച് വയസ്സുകാരി മരണത്തിന് കീഴടങ്ങിയത്

അമിത മോഹന്‍
4 min read|04 May 2025, 02:08 pm
dot image

പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷ ബാധയുണ്ടാകുന്നത് എന്തുകൊണ്ടാണ്? മലപ്പുറത്തെ അഞ്ച് വയസുകാരികാരിയുടെ മരണവും കൊല്ലത്ത് ഏഴ് വയസുകാരി ഗുരുതരാവസ്ഥയില്‍ കഴിയുന്നതും കേരളത്തെ വേദനപ്പിക്കുക മാത്രമല്ല, ഭയപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. മലപ്പുറം സ്വദേശിയായ സിയ ഫാരിസിനെ മാര്‍ച്ച് 29 നാണ് തെരുവുനായ ആക്രമിക്കുന്നത്. പിന്നാലെ കുട്ടിക്ക് റാബിസ് വാക്സിന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കകം കുട്ടി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ചികിത്സയിലിരിക്കവെ ഏപ്രില്‍ 29ന് അഞ്ച് വയസ്സുകാരി മരണത്തിന് കീഴടങ്ങി.

കൊല്ലം സ്വദേശിനിയായ കുട്ടിയുടെ നിലയും ഗുരുതരമാണ്. ഏപ്രില്‍ 12-നാണ് കുട്ടിയെ തെരുവുനായ ആക്രമിക്കുന്നത്. ആക്രമണം നടന്നയുടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ഐഡിആര്‍വി ഡോസും ആന്റി റാബിസ് സിറവും നല്‍കിയിരുന്നു. മൂന്ന് തവണ കൂടി കുട്ടിക്ക് ഐഡിആര്‍ബി നല്‍കിയതായാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ പിന്നീട് പനി വന്നതോടെ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. മെയ് 3 ന് പേവിഷബാധ സ്ഥിരീകരിച്ച പെണ്‍കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

നായയുടെ കടിയേറ്റ ശേഷം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും എന്തുകൊണ്ടാണ് പേവിഷബാധ ഉണ്ടാവുന്നത്?

എല്ലാ മുറിവും ഒരുപോലെയല്ല എന്നതാണ് പ്രധാനമായ കാരണം. ആഴത്തിലുള്ള മുറിവുകള്‍ അപകടകാരികളാണ്.വളരെ വേഗം ചികിത്സ തേടുക എന്നത് അത്യാവശ്യവുമാണ്. ഒരു വ്യക്തിയുടെ തലച്ചോറിന് അടുത്തുളള ഭാഗങ്ങളിലാണ് നായയുടെ കടിയേല്‍ക്കുന്നതെങ്കില്‍ അത് രോഗബാധ വളരെ പെട്ടെന്നുണ്ടാകാന്‍ കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

പ്രതിരോധ കുത്തിവെയ്പ്പിന് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും എന്നത് മാത്രമാണ് ചെയ്യാനാകുക. നായയുടെ ഉമിനീരില്‍ പേവിഷബാധ ഉണ്ടെങ്കില്‍ കടിയേല്‍ക്കുന്ന സമയത്ത് തന്നെ ആ വൈറസ് കടിയേല്‍ക്കുന്ന വ്യക്തിയിലേക്കും ബാധിക്കപ്പെടും. പിന്നീട് ഞരമ്പുകളിലേക്ക് കടക്കുന്ന വൈറസിന് 100-മുതല്‍ 250 മില്ലിമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈറസ് ഞരമ്പുകളിലേക്ക് കടക്കുന്ന ഈ സമയത്തെയാണ് ഇന്‍ക്യുബേഷന്‍ കാലയളവായി കണക്കാക്കുക.

മലപ്പുറത്തെ അഞ്ചു വയസുകാരിയുടെ കാര്യത്തിലേക്ക് വന്നാല്‍, മുറിവ് വീട്ടില്‍ വെച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ലെന്നും ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മുറിവ് കഴുകിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 13 മുറിവുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. തലയില്‍ ആഴത്തിലുള്ള നാല് മുറിവുകളുണ്ടായിരുന്നു. കാലിലും ചുണ്ടിലും മുഖത്തും തോളിലുമായിരുന്നു മറ്റ് മുറിവുകള്‍. കുട്ടിക്ക് ഐഡിആര്‍വി നല്‍കിയെങ്കിലും വൈറസ് വ്യാപനം തടയാനുള്ള ഇമ്മ്യൂണോ ഗ്ലോബുലിന്‍ നല്‍കിയിരുന്നില്ലെന്നും പറയുന്നു. വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചതാണ് പ്രതിരോധ വാക്‌സിന്‍ ഫലം ചെയ്യാതിരിക്കാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

നായയുടെ കടിയേറ്റാല്‍ പേവിഷബാധ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

നായയുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ കടിയേറ്റ ഭാഗത്തെ വൈറസ് എത്രയും പെട്ടെന്ന് കഴുകിക്കളയേണ്ടത് അത്യാവശ്യമാണ്. സോപ്പും വെളളവും ഉപയോഗിച്ച് കഴുകി കളയുന്നത് വൈറസുകളെ നീക്കം ചെയ്യുന്നതിന് സഹായിക്കും. ഇത് പിന്നീടുളള വൈറസ് സഞ്ചാരത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. ഒരു വ്യക്തിയുടെ തലച്ചോറിന് അടുത്തുളള ഭാഗങ്ങള്‍ തല,മൂക്ക്,മുഖം,കഴുത്ത് ,ചെവി തുടങ്ങിയ സ്ഥലങ്ങളിലാണ് കടിയേല്‍ക്കുന്നതെങ്കില്‍ അത് അപകടമാണ്. വൈറസ് നേരിട്ട് ഞരമ്പുകളില്‍ നിന്ന് മസ്തിഷ്‌കത്തിലെത്തിയാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ഫലിക്കണമെന്നില്ല. കടിയേറ്റത് ശരീരത്തിന്റെ താഴ് ഭാഗത്താണെങ്കില്‍ വൈറസ് തലച്ചോറിലെത്താന്‍ സമയമെടുക്കും. രണ്ട് രീതിയില്‍ ആയാലും കടിയേറ്റയുടന്‍ തന്നെ 15 മിനിറ്റെങ്കിലും കടിയേറ്റ ഭാഗം മുഴുവന്‍ ഒഴുകുന്ന വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് ആത്യാവശ്യമാണ്.

രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ദിവസങ്ങളോ മാസങ്ങളോ ചിലപ്പോള്‍ അതില്‍ കൂടുതലോ എടുത്തേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗലക്ഷണങ്ങളില്‍ പ്രധാനം ഹൈഡ്രോ ഫോബിയയാണ്. വെളളം കുടിക്കാന്‍ കഴിയാതിരിക്കുക വെളളത്തോടുളള ഭയം അല്ലെങ്കില്‍ വിഭ്രാന്തി പോലുളള ലക്ഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും.

ഇന്ത്യയിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നായകളിലാണ് പേ വിഷബാധ കൂടുതലായി കാണുന്നത്. വളര്‍ത്തുനായ ആയാലും പേ വിഷബാധ ഉണ്ടായേക്കാം എന്നതിനെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. വളര്‍ത്തു നായകളില്‍ നിന്നും പേ വിഷബാധയേറ്റ സംഭവങ്ങള്‍ വിരളമല്ല. കൂടാതെ പൂച്ചകളിലും, പശുവിന്റെ ഉമിനീരുകളിലും റാബിസ് വൈറസുകള്‍ കണ്ടെത്തിയിട്ടുണ്ട്. നായയുടെ മറ്റ് മൃഗങ്ങളുടെയോ ആക്രമണം ഏല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക എന്നതിന് തന്നെയാണ് ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. കടിയേറ്റാല്‍ എത്രയും വേഗം മുറിവ് കഴുകി വൃത്തിയാക്കാനും വാക്‌സിനടക്കമുള്ള ചികിത്സ തേടാനും അതീവ ശ്രദ്ധ നല്‍കണം.

Content Highlights: Why do people get rabies after being vaccinated?

dot image
To advertise here,contact us
dot image