
വിനോദസഞ്ചാരികളുടെ പറുദീസയായ പഹല്‍ഗാമില്‍ ഇതാദ്യമായല്ല ഭീകരര്‍ നുഴഞ്ഞുകയറുന്നതും സഞ്ചാരികളുടെ ജീവന് വിലയിടുന്നതും. ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപക നേതാവ് മസൂദ് അസര്‍ അടക്കം 20 പേരുടെ മോചനം ആവശ്യപ്പെട്ട് ട്രക്കിങ്ങിനെത്തിയ ആറു വിദേശ വിനോദസഞ്ചാരികളെയും 2 ഗൈഡുകളെയും ഹര്‍ക്കത്തുള്‍ അന്‍സാര്‍ എന്ന ഭീകരസംഘടനാംഗങ്ങള്‍ തട്ടിക്കൊണ്ടുപോകുന്നത് 1995ലാണ്. ബന്ദികളാക്കപ്പെട്ടത് വിനോദസഞ്ചാരികളായതുകൊണ്ടുതന്നെ തുടക്കം മുതല്‍ പാശ്ചാത്യമാധ്യമങ്ങളുടെ ശ്രദ്ധ നേടിയ സംഭവമായിരുന്നു ഇത്. കശ്മീരില്‍ ഇസ്ലാമിക ഭീകരത പിടിമുറുക്കിത്തുടങ്ങിയെന്ന രീതിയിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാന്‍ ഈ മാധ്യമറിപ്പോര്‍ട്ടുകള്‍ക്ക് സാധിക്കുകയും ചെയ്തു. 'ഒരു പുതിയ ഭീകരയുഗ'ത്തിന്റെ തുടക്കമെന്നാണ് ദി മെഡോ എന്ന പുസ്തകത്തില്‍ എഴുത്തുകാരായ അഡ്രിയാന്‍ ലെവിയും കാത്തി സ്‌കോട്ട്-ക്ലാര്‍ക്കും സംഭവത്തെ വിശേഷിപ്പിച്ചത്. തട്ടിക്കൊണ്ടുപോയവര്‍ക്ക് എന്തുസംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ ഒരു വിശദീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.
എന്താണ് 1995ല്‍ സംഭവിച്ചത്?
സമുദ്രനിരപ്പില്‍ നിന്ന് എണ്ണായിരം അടി ഉയരത്തില്‍ ലിദ്ദര്‍ വാലിയില്‍ ഗൈഡുകളും വിനോദസഞ്ചാരികളും നില്‍ക്കുന്നതിനിടയിലാണ് സൈനികരെപ്പോലെ വേഷം ധരിച്ച സായുധസംഘം ഇവരെ സമീപിക്കുന്നത്. സഞ്ചാരികളോട് അവരുടെ പാസ്‌പോര്‍ട്ട് കാണിക്കുന്നതിനായി സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്മാരായ കെയ്ത് മേന്‍ഗന്‍, പോള്‍ വെല്‍സ്, അമേരിക്കന്‍ പൗരന്മാരായ ജോണ്‍ ചൈല്‍ഡ്‌സ്, ഡോണാള്‍ഡ് ഹച്ചിങ്‌സ്, ജര്‍മന്‍ വിദ്യാര്‍ഥി ഡിര്‍ക് ഹസേട്ട്, നോര്‍വീജിയന്‍ അഭിനേതാവ് ഹാന്‍സ് ക്രിസ്റ്റിയന്‍ ഓസ്‌ട്രോ എന്നീ ആറു വിദേശ വിനോദസഞ്ചാരികളും രണ്ട് ഗൈഡുകളും അടക്കം എട്ടുപേരെ തോക്കിന്‍മുനയില്‍ അവര്‍ കൂടെക്കൂട്ടി.
മേന്‍ഗന്റെയും ഹച്ചിങ്‌സിന്റെയും ഭാര്യമാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഭീകരര്‍ അവരെ വെറുതെ വിട്ടു. നാളെ രാവിലെ ഇവര്‍ മടങ്ങിയെത്തുമെന്നാണ് വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായ സ്ത്രീകളോട് ഭീകരര്‍ പറഞ്ഞത്. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക' എന്നുവ്യക്തമാക്കുന്ന ഭീകരരുടെ കുറിപ്പുമായി ഭര്‍ത്താക്കന്മാരെ കാത്തിരുന്ന അവര്‍ക്കരികിലേക്ക് ബന്ദികളാക്കപ്പെട്ട ഗൈഡ് എത്തുകയായിരുന്നു. ഇസ്ലാം വിരുദ്ധ ശക്തികള്‍ക്കെതിരായാണ് തങ്ങളുടെ പോരാട്ടമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു.
ജൂലൈ 19ന് തട്ടിക്കൊണ്ടുപോയവരുടെ ചിത്രം ഭീകരവാദികള്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടലുകളും ഇതിനിടയില്‍ നടന്നു. വിനോദസഞ്ചാരികള്‍ക്കുള്‍പ്പെടെ ഇതില്‍പരിക്കുപറ്റിയതായി ഇവരുടേതായി പുറത്തുവന്ന ശബ്ദരേഖകളില്‍ പിന്നീട് പറയുന്നുണ്ട്. ഭീകരരുടെ ആവശ്യങ്ങള്‍ വകവച്ചുകൊടുക്കാന്‍ തയ്യാറാകാതിരുന്നതിന് നോര്‍വീജിയന്‍ പൗരന്റെ തലയറുത്തുകൊണ്ടാണ് ഭീകരര്‍ മറുപടി നല്‍കിയത്. ഓഗസ്റ്റ് 13ന് കണ്ടെടുത്ത അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ 'അല്‍ ഫരാന്‍' എന്ന് നെഞ്ചിലായി വരഞ്ഞിരുന്നു. ദേശീയ-അന്തര്‍ദേശീയ സംഘടനകള്‍ സഞ്ചാരികളുടെ മോചനം ആവശ്യപ്പെട്ട് രംഗത്തുവന്നു. വിനോദസഞ്ചാരികളുടെ രാജ്യങ്ങളില്‍ നിന്നുള്ള എംബസി ഉദ്യോഗസ്ഥര്‍ കശ്മീരിലേക്ക് കുതിച്ചെത്തി. പക്ഷെ ആര്‍ക്കും ഒന്നിനും ഭീകകരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല.
ഹാന്‍സിനെ വധിച്ച് നാലാം പക്കമാണ് അമേരിക്കന്‍ പൗരനായ ജോണ്‍ ചൈല്‍ഡ്‌സ് ഭീകരുടെ പിടിയില്‍ നിന്ന് ഓടിരക്ഷപ്പെടുന്നത്. ഇതോടെ ബന്ദികളാക്കപ്പെട്ടവര്‍ എങ്ങനെയും രക്ഷപ്പെട്ട് തിരിച്ചെത്തിയേക്കുമെന്ന പ്രതീക്ഷ ചിലരെങ്കിലും പ്രകടിപ്പിച്ചു. ഓഗസ്റ്റ് 24ന് വീണ്ടും ബന്ദികളുടെ ചിത്രങ്ങള്‍ പുറത്തുവന്നു, അവരുടെ ശബ്ദരേഖകളും... ഡിസംബറില്‍ തട്ടിക്കൊണ്ടുപോയവരെ ഇനിയും ബന്ദികളാക്കി തുടരാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഭീകരരുടെ പ്രസ്താവന പുറത്തുവന്നു. പിന്നീട് ബന്ദികളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ മരിച്ചതായി പിന്നീട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
96ല്‍ പിടിയിലായ ഒരു ഭീകരന്‍ ബന്ദികളെ 95 ഡിസംബര്‍ 13-ന് വധിച്ചതായി ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. 95ലെ തട്ടിക്കൊണ്ടുപോകലിനെ ആസ്പദമാക്കി എഴുതപ്പെട്ട ദ മെഡോ എന്ന പുസ്തകത്തില്‍ ബന്ദികളെ അല്‍ ഫരന്‍ പിന്നീട് ഗുലാം നബി മിറിന് കൈമാറിയതായി പറയുന്നുണ്ട്. ഇവരെ പിന്നീട് ഡിസംബര്‍ 24ന് കൊലപ്പെടുത്തിയെന്നും. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയതിനെ തുടര്‍ന്ന് ഇന്ത്യക്ക് മസൂദ് അസറിനെ പിന്നീട് വിട്ടുകൊടുക്കേണ്ടി വന്നു. കൊടുംഭീകരരെ വിട്ടുകൊടുത്തുകൊണ്ട് ഒത്തുതീര്‍പ്പിന് വഴങ്ങിയ ഇന്ത്യയുടെ നിലപാട് ശക്തമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു.
ഡോണാള്‍ഡ് ഹച്ചിങ്‌സിന്റെ ഭാര്യ സ്‌കെല്ലി ഇതിനെല്ലാം ഉത്തരം തേടി പലതവണ ഇന്ത്യ സന്ദര്‍ശിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല... 2001 ഓഗസ്റ്റ് മാസത്തിലെ അവസാന ആഴ്ച അവരെ തേടി ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ ഒരു കവറെത്തി... ഹച്ചിങ്‌സിന്റെ മരണ സര്‍ട്ടിഫിക്കറ്റായിരുന്നു അതിലുണ്ടായിരുന്നത്..
Content Highlights: 1995 Pahalgam kidnapping played role in rise of brutal terrorism