കശ്മീരിന്റെ വിരിമാറിലെ മരതകപ്പരവതാനി; പഹല്‍ഗാമെന്ന 'ഇടയന്മാരുടെ താഴ്‌വര'

നിരവധിപേരുടെ ഹൃദയം കവര്‍ന്ന പഹല്‍ഗാമിന്റെ ചരിത്രം

അശ്വതി കെ
1 min read|23 Apr 2025, 08:02 am
dot image

ടയന്മാരുടെ താഴ്‌വര എന്ന അറിയപ്പെട്ടിരുന്ന പഹല്‍ഗാമിന് ഇന്ന് മനുഷ്യരക്തത്തിന്റെ മണമാണ്..ശാന്തവും സുന്ദരവുമായ പഹല്‍ഗാമിന്റെ ചരിത്രത്തില്‍ ഭീതിയുടെ ഒരേടുകൂടി എഴുതിച്ചേര്‍ത്താണ് ഇന്നലെ ഭീകരര്‍ ആക്രമണമഴിച്ചുവിട്ടത്. നിരവധി പേരുടെ ജീവനെടുത്ത സ്വര്‍ഗീയ സുന്ദരഭൂമിയെന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തും മുന്‍പേ നിരവധിപേരുടെ ഹൃദയം കവര്‍ന്ന പഹല്‍ഗാമിന്റെ ചരിത്രം അറിയണം. വര്‍ഷംതോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പഹല്‍ഗാം, വിനോദസഞ്ചാരികളുടെ പറുദീസ.

പഹല്‍ഗാമിനെ വേറിട്ടൊരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത് എന്തായിരിക്കും..

കശ്മീരിന്റെ വിരിമാറിലെ മരതക പരവതാനി, മഞ്ഞുപാളികള്‍ ഉടയാട ചുറ്റിയ അതിമനോഹരമായൊരിടം… പൈന്‍ കാടുകളാല്‍ ചുറ്റപ്പെട്ട പഹല്‍ഗാമിനെ സദാ സുഗന്ധം പരത്തുന്ന നയനമനോഹരമായ പൂന്തോട്ടങ്ങളും പളുങ്ക് നീര്‍ത്തടങ്ങളും അതിസുന്ദരിയാക്കുന്നുണ്ട്. വേനല്‍ക്കാലത്ത് പോലും പഹല്‍ഗാമിന് പട്ടുമെത്തയൊരുക്കുന്ന മഞ്ഞുമലകളും, കുതിരസവാരിയും തന്നെയാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. പഹല്‍ഗാമിന്റെ സിരയാണ് ഇവിടെ ശുദ്ധജലം ചുരത്തിയൊഴുകുന്ന ലിഡര്‍ നദി.

ജമ്മുകശ്മീരിലെ അനന്ത് നാഗ് ജില്ലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ലിഡര്‍ നദിയുടെ തീരത്ത് 7,200 അടി ഉയരത്തിലാണ് പഹല്‍ഗാം തലയുയര്‍ത്തി നില്‍ക്കുന്നത്. മതപരമായും സാംസ്‌കാരികപരമായും ഏറെ പ്രാധാന്യമുണ്ട് പഹല്‍ഗാമിന്. ഹിന്ദു പാരമ്പര്യമനുസരിച്ച്, പഹല്‍ഗാമിന്റെ യഥാര്‍ത്ഥ പേര് ബേല്‍ഗാവ് എന്നാണ്, അതായത് കാളയുടെ(നന്ദി)ഗ്രാമം. ശിവന്‍ അമര്‍നാഥ് ഗുഹയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്റെ കാളയെ ഉപേക്ഷിച്ച സ്ഥലമെന്നാണ് ഇവിടം അറിയപ്പെടുന്നത്. പഹല്‍ഗാമിന്റെ പാതയോരങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വലിയ മരങ്ങളുടെ വേരുകള്‍ കൊണ്ട് സമൃദ്ധമാണിവിടം. മാത്രമല്ല ബോളിവുഡിന് പഹല്‍ഗാമിനോട് വല്ലാത്തൊരു പ്രണയമാണ്. യേ ജവാനി ഹേയ് ദിവാനി, ബജ്രംഗി ഭായിജാന്‍, ബേതാബ്, ഹൈദര്‍, നോട്ട്ബുക്ക്, ജംഗ്ലീ, ഫാന്റം, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്കൊക്കെ പഹല്‍ഗാം തന്റെ കാന്‍വാസ് നല്‍കിയിട്ടുണ്ട്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പഹല്‍ഗാമിന്റെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍ ഇതെല്ലാമാണ്

അരുവാലി: പഹല്‍ഗാമില്‍ നിന്നു 12 കിലോമീറ്റര്‍ മാത്രം അകലെയുള്ള നയനമനോഹരമായ ഹില്‍ സ്റ്റേഷന്‍. ട്രെക്കര്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം.

ബൈസാരന്‍ - പ്രകൃതി കനിഞ്ഞനുഗ്രഹിച്ചൊരിടം. ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡെന്നും മിനി സ്വിറ്റ്‌സര്‍ലന്‍ഡെന്നും ഈ പ്രദേശം അറിയപ്പെടുന്നു. പഹല്‍ഗാമില്‍ നിന്ന് കുതിര സവാരിയായോ കാല്‍നടയായോ ഇവിടേക്ക് എത്താം. ശുദ്ധവായു ശ്വസിക്കാം.

ചന്ദന്‍വാരി: അമര്‍നാഥ് തീര്‍ത്ഥയാത്രയുടെ ആദ്യഘട്ടം തുടങ്ങുന്ന സ്ഥലമാണ് ഇത്. മഞ്ഞുമൂടിയ പാതകളും, പാറകളും വേറിട്ട കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.

അമര്‍നാഥ് ഗുഹ- ഹിന്ദുക്കള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട പുണ്യപുരാതനസ്ഥലമാണ് പഹല്‍ഗാം. പഹല്‍ഗാമില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ആരാധനാലയമാണ് അമര്‍നാഥ് ഗുഹ. 3,888 മീറ്റര്‍ ഉയരത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.ട്രെക്കിംഗിനും ക്യാമ്പിങ്ങിനും സ്‌കീയിങ്ങിനും, ഗോള്‍ഫിങ്ങിനും, ഫിഷിംഗിനും പറ്റിയ ഇടം. ടെന്റ് ഹൗസുകള്‍, വുഡ് കാബിനുകള്‍, ആഡംബര ഹോട്ടലുകള്‍, ഹോം സ്റ്റേ തുടങ്ങി എല്ലാത്തരം ബജറ്റിനും അനുയോജ്യമായ താമസ സൗകര്യങ്ങള്‍ പഹല്‍ഗാമിലുണ്ട്.

പഹല്‍ഗാമിലെ ജനങ്ങള്‍, അവരുടെ സംസ്‌കാരം

പഹല്‍ഗാമിലെ ജനങ്ങള്‍ പ്രധാനമായും ഗുജ്ജറുകളും കശ്മീരികളും ആണ്. അതിഥികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഇവരുടെ ആതിഥ്യമര്യാദ മാതൃകയാക്കേണ്ടത് തന്നെയാണ്.

പഹല്‍ഗാമിലെ ഭക്ഷണവിഭവങ്ങള്‍

റൊഗന്‍ ജോഷ്: കടുത്ത കശ്മീര്‍ മസാലയില്‍ ഉണ്ടാക്കുന്ന രുചികരമായ മട്ടണ്‍ കറി. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വിഭവമാണിത്.

നഡ്രു യഖ്‌നി: കശ്മീരില്‍ ലഭ്യമാകുന്ന താമര തണ്ട്, താമര കിഴങ്ങ് ഉപയോഗിച്ച് പാചകം ചെയ്യുന്ന ഒരു വിഭവം.

തഹരി: കേരളത്തിലെ ഉണ്ണിയപ്പത്തെ അനുസ്മരിപ്പിക്കുന്ന ഒരു കശ്മീര്‍ പാചകവിഭവം.

കഹ്വാ: കശ്മീരിലെ കുങ്കുമപ്പൂവ്, കറുവപ്പട്ട, ഗ്രീന്‍ ടീ, തുടങ്ങി സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തരം ചായയാണിത്. ഈ വിഭവത്തിനും നിരവധി ആരാധകരുണ്ട്.

Content Highlights: Pahalgam, the village of shepherds

dot image
To advertise here,contact us
dot image