
അഹമ്മദാബാദ്: ലോകകപ്പില് ഇന്ന് ഇന്ത്യ-പാകിസ്താന് സൂപ്പര് മത്സരം. ക്രിക്കറ്റിലെ 'എല് ക്ലാസിക്കോ' എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമാണ് ഇന്ത്യ-പാക് പോരാട്ടം. ലോകകപ്പില് കലാശപ്പോരിനേക്കാള് ആരാധകര് ഉറ്റുനോക്കുന്ന മത്സരം. ഉച്ചയ്ക്ക് 1.30ന് ടോസ് വീഴുമ്പോള് ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കണ്ണുകളും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ചുരുങ്ങും. പരമ്പരവൈരികൾ ഏറ്റുമുട്ടുമ്പോൾ ഇത്തവണ ഗ്യാലറി നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടര്ജയങ്ങളുടെ ആത്മവിശ്വാസത്തില് ഇരുടീമുകളും നേര്ക്കുനേര് എത്തുമ്പോള് പോരാട്ടത്തിന്റെ വീറും വാശിയും ആവേശവും ഒട്ടും തന്നെ കുറയില്ലെന്നുറപ്പാണ്. ശക്തരായ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും മുട്ടുകുത്തിച്ചാണ് നീലപ്പടയുടെ വരവ്. മറുവശത്ത് നെതര്ലന്ഡ്സിനെയും ശ്രീലങ്കയെയും തകര്ത്താണ് പാക് പട ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. അതേസമയം ലോകകപ്പില് ഇന്ത്യക്ക് അനുകൂലമായ ചരിത്രമാണുള്ളത്. ലോകകപ്പില് ഇതുവരെ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടിട്ടില്ല. ചരിത്രം ആവര്ത്തിക്കാന് രോഹിത് ശര്മ്മയും സംഘവും ഇറങ്ങുമ്പോള് ചരിത്രം തിരുത്താനാണ് ബാബര് അസമും സംഘവും അഹമ്മദാബാദില് ഇറങ്ങുന്നത്.
ടീം ഇന്ത്യ ഫോര് ദ ബിഗ് ഫൈറ്റ്
ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം 'ദ മെന് ഇന് ബ്ലൂ' മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡെങ്കിപ്പനി മാറിയ സ്റ്റാര് ഓപ്പണര് ശുഭ്മാന് ഗില് തിരിച്ചെത്തുക കൂടി ചെയ്താൽ എല്ലാ ഘടകങ്ങളും ഇന്ത്യക്ക് അനുകൂലമാണ്. ഗില് കൂടിയെത്തിയാല് ഇന്ത്യയുടെ ആത്മവിശ്വാസവും കരുത്തും ഇരട്ടിയാകും. രോഹിത്-ഗില് ഓപ്പണിങ് കൂട്ടുകെട്ട് പാകിസ്താന് വെല്ലുവിളി സൃഷ്ടിക്കും. ഗില് ഇറങ്ങിയാൽ താരത്തിന് പകരക്കാരനായി ആദ്യ രണ്ടു മത്സരങ്ങളില് ഓപ്പണിങ്ങിന് ഇറങ്ങിയിരുന്ന ഇഷാന് കിഷന് പ്ലേയിങ് ഇലവനില് നിന്ന് പുറത്തായേക്കും. മറിച്ചായാൽ ഇഷാന് ഒരു അവസരം കൂടി ലഭിക്കും. ഫോമിലല്ലാത്ത മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിലെത്തിയേക്കും.
പാക് ആര്മി എഗെയ്ന്സ്റ്റ് റൈവല്സ്
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആതിഥേയരും ഇറങ്ങുന്നത്. ബാറ്റര്മാർ കരുത്ത് തെളിയിച്ച ആദ്യ രണ്ട് മത്സരങ്ങളുടെ ചരിത്രം ആവര്ത്തിക്കാനുള്ള ഒരുക്കത്തിലാണ് ബാബര് അസമും സംഘവും. ശ്രീലങ്കക്കെതിരെ മുഹമ്മദ് റിസ്വാനും അബ്ദുള്ള ഷഫീഖും നടത്തിയ പോരാട്ടം പാകിസ്താന് ചെറുതല്ലാത്ത പ്രതീക്ഷയാണ് നല്കുന്നത്. എന്നാല് ഓപ്പണിങ്ങില് ഇമാമുല് ഹഖും ക്യാപ്റ്റന് ബാബര് അസമും ഫോം കണ്ടെത്തിയിട്ടില്ലെന്നത് ആശങ്കയുണര്ത്തുന്നുണ്ട്. ഷഹീന്ഷാ അഫ്രീദി നയിക്കുന്ന പേസ് നിരയും അപകടകരമാണ്. അഫ്രീദിയുടെ ആദ്യ ഓവറുകളെ ഇന്ത്യന് ബാറ്റര്മാര് എങ്ങനെ നേരിടുമെന്നത് നിര്ണായകമാകും.