

ദുബായിൽ വാടകച്ചെലവ് കുറയ്ക്കാനായി പുതിയ വീടുകളിലേക്ക് മാറുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. നിലവിലുള്ള വീട്ടിൽ തന്നെ തുടർന്ന് വാടക കരാർ പുതുക്കുന്നവർക്ക് കാര്യമായ ഇളവുകൾ ലഭിക്കാത്തതാണ് വീടുമാറ്റത്തിന് പ്രധാന കാരണം. പുതിയ വീടുകളിലേക്ക് മാറുന്നവർക്ക് ശരാശരി ഒമ്പത് ശതമാനം വരെ വാടക കുറഞ്ഞുകിട്ടുന്നുണ്ടെന്ന് പ്രോപ്പർട്ടി കൺസൾട്ടൻസി സ്ഥാപനങ്ങളായ ജെ എൽ എല്ലിന്റെയും ഫാം പ്രോപ്പർട്ടീസിന്റെയും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡൗൺടൗൺ ദുബായ്, ദുബായ് മറീന തുടങ്ങിയ പ്രധാന മേഖലകളിൽ വാടക നിരക്കിൽ 15 ശതമാനം വരെയാണ് ഇടിവുണ്ടായത്. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ശരാശരി വാടക 5.2 ശതമാനം കുറഞ്ഞതായി ജെ എൽ എല്ലിന്റെ മൂന്നാം പാദ റിപ്പോർട്ടിൽ പറയുന്നു. ഫ്ലാറ്റുകളുടെ വാടകയിൽ 5.3 ശതമാനവും വില്ലകളുടെ വാടകയിൽ മൂന്ന് ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്.
സ്കൂൾ അധ്യയന വർഷം തുടങ്ങുന്നതിന് മുൻപുള്ള തിരക്കും വാടക കുറച്ച് ചോദിക്കാൻ താമസക്കാർക്ക് ലഭിച്ച അവസരവും പുതിയ കരാറുകൾ കൂടാൻ കാരണമായി. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ രജിസ്റ്റർ ചെയ്ത 18,096 പുതിയ ഫ്ലാറ്റ് കരാറുകളിൽ 73 ശതമാനവും 2025-ലെ നിരക്കിനേക്കാൾ കുറവായിരുന്നുവെന്ന് ഫാം പ്രോപ്പർട്ടീസിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു. വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഇത് 24 ശതമാനം മാത്രമായിരുന്നു.
അതേസമയം, കരാർ പുതുക്കിയ 17,234 പേരുടെ അനുഭവം മറ്റൊന്നാണ്. കരാർ പുതുക്കിയവരിൽ 44 ശതമാനം പേർക്ക് മുൻ വർഷത്തേക്കാൾ കൂടുതൽ വാടക നൽകേണ്ടി വന്നു. 37 ശതമാനം പേർക്ക് പഴയ നിരക്കിൽ തന്നെ തുടരേണ്ടി വന്നു. വാടക കരാർ പുതുക്കുമ്പോൾ ഇളവുകൾ ലഭിക്കാത്തതിനാലാണ് പലരും കുറഞ്ഞ നിരക്കിൽ പുതിയ വീടുകൾ തേടി മാറാൻ തീരുമാനിക്കുന്നത്.
Content Highlights: Rental prices in prime Dubai locations, including Downtown Dubai and Dubai Marina, are declining, encouraging more expatriates to relocate in search of affordable housing. A fäm Properties study found that new tenants in Dubai are paying an average of 9% less than the previous year's rent for the same properties. New leases in Downtown Dubai recorded a 15% reduction, while Dubai Marina saw a 13.6% decline.