

പ്രവാസികൾക്ക് താമസിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി യുഎഇയിലെ റാസൽഖൈമയെ തിരഞ്ഞെടുത്തു. ഇന്റർനേഷൻസ് പുറത്തിറക്കിയ 2026ലെ എക്സ്പാറ്റ് സിറ്റി റാങ്കിങ്ങിലാണ് 33 നഗരങ്ങളെ പിന്നിലാക്കി റാസൽഖൈമ ഒന്നാം സ്ഥാനം നേടിയത്. 162 രാജ്യങ്ങളിൽ നിന്നുള്ള 8,000 പ്രവാസികൾ പങ്കെടുത്ത എക്സ്പാറ്റ് ഇൻസൈഡർ സർവേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പുതിയ സ്ഥലത്ത് താമസം തുടങ്ങാനുള്ള എളുപ്പം, വിദേശത്തെ തൊഴിൽ സാഹചര്യം, പ്രവാസികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലും റാസൽഖൈമ ഒന്നാം സ്ഥാനം നേടി. വ്യക്തിഗത സാമ്പത്തിക സ്ഥിതിയിലും പൊതുവായ സന്തോഷത്തിലും രണ്ടാം സ്ഥാനവും നേടി.
റാസൽഖൈമയിലെ ജീവിതത്തിൽ 84 ശതമാനം പ്രവാസികളും സന്തുഷ്ടരാണെന്ന് സർവേയിൽ വ്യക്തമാക്കി. എമിറേറ്റിൽ താമസിക്കുന്ന 45 ശതമാനം പേർ പൂർണമായും സന്തുഷ്ടരാണെന്നും അഭിപ്രായപ്പെട്ടു. പ്രാദേശിക ജനങ്ങളുടെ സൗഹൃദപരമായ പെരുമാറ്റത്തിന് 86 ശതമാനം പ്രവാസികളും അനുകൂല അഭിപ്രായം രേഖപ്പെടുത്തി. പ്രാദേശിക സംസ്കാരവുമായി പൊരുത്തപ്പെടാൻ എളുപ്പമാണെന്ന് 80 ശതമാനം പേർ അഭിപ്രായപ്പെട്ടു. പുതിയ സ്ഥലത്ത് സ്വാഗതം ചെയ്യപ്പെടുന്നുവെന്ന തോന്നലിലും സ്വന്തം വീടുപോലെ അനുഭവപ്പെടുന്നതിലും സുഹൃത്തുക്കളെ കണ്ടെത്തുന്നതിലും റാസൽഖൈമ ഒന്നാം സ്ഥാനത്തെത്തി. 64 ശതമാനം പേർക്ക് പ്രാദേശിക സുഹൃത്തുക്കളെ കണ്ടെത്താൻ എളുപ്പമായെന്നും സർവേയിൽ പറയുന്നു.
തൊഴിൽ അവസരങ്ങളിലും സാമ്പത്തിക സാഹചര്യങ്ങളിലും എമിറേറ്റ് മികച്ച പ്രകടനം കാഴ്ചവച്ചു. റാസൽഖൈമയിലേക്ക് താമസം മാറിയത് തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തിയെന്ന് ജോലി ചെയ്യുന്ന പ്രവാസികളിൽ 85 ശതമാനം പേർ അഭിപ്രായപ്പെട്ടു. പ്രാദേശിക സമ്പദ്വ്യവസ്ഥയെ 90 ശതമാനം പേരും അനുകൂലമായി വിലയിരുത്തി. ജോലി ചെയ്യുന്ന പ്രവാസികളിൽ 22 ശതമാനം പേർക്ക് സ്വന്തം ബിസിനസുമുണ്ട്. ആഗോള ശരാശരി എട്ട് ശതമാനമാണ്.
വിസ ലഭിക്കാനുള്ള എളുപ്പം, താമസസൗകര്യം കണ്ടെത്തൽ, വാടക താങ്ങാനാകുന്ന സാഹചര്യം എന്നിവയിലും റാസൽഖൈമ മുന്നിലെത്തി. വിസ ലഭിക്കാൻ എളുപ്പമാണെന്ന് 86 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 80 ശതമാനം പേർക്ക് താമസസൗകര്യം കണ്ടെത്താനും എളുപ്പമായിരുന്നു. വീടുകളുടെ താങ്ങാനാകുന്ന വിലയെ 69 ശതമാനം പേർ അനുകൂലമായി വിലയിരുത്തി.
സുരക്ഷയുടെ കാര്യത്തിലും എമിറേറ്റ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 94 ശതമാനം പ്രവാസികളും വ്യക്തിഗത സുരക്ഷയ്ക്ക് അനുകൂലമായ വിലയിരുത്തൽ നൽകി. ഈ വിഭാഗത്തിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് റാസൽഖൈമയ്ക്ക്. കുടുംബത്തിന്റെ ചെലവുകൾക്കും സുഖകരമായ ജീവിതത്തിനും ലഭിക്കുന്ന വരുമാനം മതിയെന്ന് 85 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം പട്ടികയിൽ ദുബായ് നാലാം സ്ഥാനവും അബുദാബി അഞ്ചാം സ്ഥാനവും നേടി. ഇതോടെ ലോകത്തിലെ പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ ആദ്യ അഞ്ച് നഗരങ്ങളിൽ മൂന്നും യുഎഇയിൽ നിന്നായി. ഈ നേട്ടം ജനങ്ങളുടെ അനുഭവങ്ങളിൽനിന്ന് ലഭിച്ചതാണെന്നും സുരക്ഷിതവും അവസരങ്ങൾ നിറഞ്ഞതുമായ എമിറേറ്റ് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും റാസൽഖൈമ ഗവൺമെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഹെബ ഫത്താനി പ്രതികരിച്ചു.
Content Highlights: Ras Al Khaimah has been ranked the world's number one city for expatriates in the 2026 Expat City Ranking by InterNations.