

ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനും മറ്റ് വാഹനങ്ങളെ മറികടക്കാനും റോഡ് ഷോൾഡർ ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇത്തരം പ്രവൃത്തികൾ ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. തിരക്കേറിയ സമയങ്ങളിൽ നിരവധി വാഹനങ്ങൾ റോഡ് ഷോൾഡറിലൂടെ മുന്നോട്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
യുഎഇയിലെ ഗതാഗത നിയമലംഘനങ്ങളുടെ പട്ടികയിലെ ആർട്ടിക്കിൾ 42 പ്രകാരം റോഡ് ഷോൾഡറിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കുന്നവർക്ക് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. അപകടസ്ഥലങ്ങളിലേക്ക് അതിവേഗം എത്തേണ്ട ആംബുലൻസുകൾക്കും പൊലീസ്, സിവിൽ ഡിഫൻസ് വാഹനങ്ങൾക്കുമായി നീക്കിവെച്ചിരിക്കുന്ന പാതയാണിത്. ഈ പാതയിൽ മറ്റ് വാഹനങ്ങൾ പ്രവേശിക്കുന്നത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വാഹനങ്ങൾക്ക് തകരാർ സംഭവിക്കുമ്പോൾ സുരക്ഷിതമായി നിർത്തിയിടുന്നതിനും റോഡ് ഷോൾഡർ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അതിവേഗത്തിൽ എത്തുന്ന വാഹനങ്ങൾ നിർത്തിയിട്ട വാഹനങ്ങളിൽ ഇടിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഡ്രൈവർമാർ കൃത്യമായ ലെയ്നുകൾ പാലിച്ച് വാഹനമോടിക്കണമെന്നും വാഹനം തകരാറിലായാൽ റോഡിൽ നിന്ന് മാറ്റി ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്ത് നിർത്തണമെന്നും അബുദാബി പൊലീസ് നിർദേശിച്ചു. അബുദാബിക്ക് പുറമെ ദുബായ് പൊലീസും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡ് ഷോൾഡർ ദുരുപയോഗം ചെയ്യുന്നത് അപകടസാധ്യതയുള്ള ഗതാഗത നിയമലംഘനങ്ങളിലൊന്നാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. ഈ വർഷം ഇതുവരെ ദുബായിൽ മാത്രം ഇത്തരം 4,504 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
Content Highlights: Abu Dhabi Police has warned motorists against overtaking other vehicles using road shoulders, highlighting the importance of following traffic rules and maintaining road safety.