

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' സിനിമയുടെ അനൗദ്യോഗിക ഫാൻ മെയ്ഡ് പ്രമോഷനുകൾക്കെതിരെ സംവിധായകൻ. പ്രൊഡക്ഷൻ ടീമിന്റെ അറിവോ അനുമതിയോ ഇല്ലാതെ സ്റ്റാൻഡികൾ സ്ഥാപിക്കുന്നതും സിനിമയുടെ ലോഗോയും സംവിധായകന്റെ പേരും ഉപയോഗിക്കുന്നതും പ്രേക്ഷകർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് തരുൺ മൂർത്തി പറഞ്ഞു. സിനിമയുടെ പ്രമോഷൻ അണിയറപ്രവർത്തകർ ആസൂത്രണം ചെയ്ത രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കണമെന്നും അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചു.

'ഒരു ക്രിയേറ്റർ എന്ന നിലയിൽ ഇത്തരം ഫാൻ മെയ്ഡ് പ്രമോഷനുകൾ പലപ്പോഴും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച്, പ്രൊഡക്ഷൻ ടീമിന്റെ അറിവോ അനുമതിയോ ഇല്ലാതെ സ്റ്റാൻഡികൾ സ്ഥാപിക്കുകയും അതിൽ പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോയും സംവിധായകന്റെ പേരും ഉപയോഗിക്കുകയും ചെയ്യുന്നത് പ്രേക്ഷകർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പത്തിന് ഇടയാക്കും.
എന്റെ ക്രിയേറ്റീവ് ടീമും പ്രൊഡക്ഷൻ ഹൗസും പ്രധാനമായും ലാലേട്ടന്റെ യഥാർഥ ആരാധകരും ഒരുമിച്ചാണ് ചിത്രത്തിന്റെ പ്രമോഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമയുടെ ജോണർ, ടോൺ, മൂഡ് എന്നിവയ്ക്ക് കൃത്യമായി യോജിക്കുന്ന തരത്തിൽ കൃത്യമായ ഇടവേളകളിൽ പ്രമോഷണൽ കണ്ടന്റുകൾ പുറത്തിറക്കാനാണ് ഞങ്ങളുടെ തീരുമാനം.
വലിയ മാനസിക സമ്മർദത്തിനിടയിലും ഒരിക്കൽക്കൂടി ഇക്കാര്യം ആവർത്തിക്കുകയാണ്. കാരണം, ഞങ്ങൾ വിഭാവനം ചെയ്തിരിക്കുന്ന അതേ രീതിയിൽ തന്നെ പ്രേക്ഷകർക്ക് സിനിമ ആസ്വദിക്കാൻ കഴിയണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. 'അതിമനോഹരം' ഒരു ഫാമിലി ഡ്രാമയാണ്. അതിനൊപ്പം പൊലീസ് പ്രൊസീജറൽ ഘടകങ്ങളും തുല്യ പ്രാധാന്യത്തോടെ ചിത്രത്തിലുണ്ട്. ഞങ്ങളുടെ പദ്ധതികളെ മാനിക്കണമെന്നും ഞങ്ങൾ രൂപകൽപ്പന ചെയ്ത രീതിയിൽ തന്നെ പ്രമോഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കണമെന്നും അഭ്യർഥിക്കുന്നു. പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം സമ്മാനിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം,' തരുൺ മൂർത്തി കുറിച്ചു.
Content Highlights: The Athimanoharam team has issued a warning against unauthorized fan-made promotional activities using the film's logo and director's name. director tharun moorthy team stated that unofficial campaigns and promotional materials are creating confusion among audiences and clarified the importance of authorized promotions.