അഗ്‌നിവീര്‍ ഡാറ്റ ഹാക്ക് ചെയ്തു, 500 ഡോളറിന് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചു; 14കാരന്‍ പിടിയിൽ

രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കുട്ടിയെ വിട്ടയച്ചു. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു

അഗ്‌നിവീര്‍ ഡാറ്റ ഹാക്ക് ചെയ്തു, 500 ഡോളറിന് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചു; 14കാരന്‍ പിടിയിൽ
dot image

ന്യൂഡല്‍ഹി: 2500 അഗ്‌നിവീര്‍ ഉദ്യോഗസ്തരുടെ നിര്‍ണായക വിവരങ്ങള്‍ ഹാക്ക് ചെയ്ത 14-കാരന്‍ പിടിയില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് 14-കാരന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടലില്‍ നിന്ന് അനധികൃതമായി വിവരങ്ങള്‍ ചോര്‍ത്തിയത്. ചോര്‍ത്തിയ വിവരങ്ങള്‍ 500 ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോകറൻസിക്ക് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ച കൗമാരക്കാരനെ ഡല്‍ഹി പൊലീസാണ് പിടികൂടിയത്.

സെപ്റ്റംബറിലാണ് അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടലില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന കാര്യം ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് വിഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 14കാരനെ പിടികൂടിയത്. ചില നിര്‍ണ്ണായക ഫയലുകള്‍ ഡാര്‍ക്ക് വെബില്‍ അപ്‌ലോഡ് ചെയ്ത കൗമാരക്കാരന്‍, പണത്തിനായി ഇവ വാങ്ങാന്‍ ആളുകളെ തിരയുകയായിരുന്നു. എന്നാല്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ അന്വേഷണ ഏജന്‍സികള്‍ ഇയാളെ പിടികൂടുകയായിരുന്നു. വിവരങ്ങള്‍ക്കൊപ്പം പങ്കുവെച്ച ടെലിഗ്രാം ഐഡിയാണ് പ്രതിയിലേക്ക് എത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്. ഹരിയാനയിലെ ബല്ലബ്ഗഢില്‍ നിന്നാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കുട്ടി എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുട്ടിയുടെ ഇലക്ട്രോണിക് ഡിവൈസുകള്‍ പരിശോധിച്ചപ്പോള്‍ ചോര്‍ത്തിയ വിവരങ്ങള്‍ കണ്ടെത്തി. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കുട്ടിയെ വിട്ടയച്ചു. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ വില്‍ക്കാന്‍ ശ്രമിച്ച വിവരങ്ങള്‍ ആധികാരികമാണോ എന്നും പോര്‍ട്ടലിലെ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം ഇതുവരെ സ്ഥികരിച്ചിട്ടില്ല.

കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ അഗ്‌നിവീര്‍ ആയി നിയമിക്കപ്പെട്ട 2500ലധികം പേരുടെ വിവരങ്ങളാണ് കുട്ടി കൈക്കലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയവരാണ് ഇവര്‍.

Content Highlights: Delhi Police detained a 14-year-old boy from Haryana for allegedly using AI to access Agniveer recruitment data. Information of over 2,500 personnel was reportedly listed for $500 in cryptocurrency on the dark web.

dot image
To advertise here,contact us
dot image