

വാഷിങ്ടണ്‍: ചൈനയും പാകിസ്താനും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സൈനിക സഹകരണം ഇന്ത്യയ്ക്ക് ഇരട്ട സുരക്ഷാ വെല്ലുവിളിയുടെ സാധ്യത ഉയര്‍ത്തുകയാണെന്ന് യുഎസ് കോണ്‍ഗ്രസ് കമ്മീഷന് മുന്നറിയിപ്പ് നല്കി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുമായുള്ള പ്രതിരോധ, സൈനിക പ്രവര്‍ത്തന സഹകരണം ശക്തമാക്കണമെന്നും വാഷിങ്ടണിനോട് നിര്‍ദേശിച്ചു. പാകിസ്താന് ചൈന നല്കുന്ന വര്‍ധിച്ച സൈനിക, സുരക്ഷാ പിന്തുണ ഇന്ത്യയ്ക്ക് ഒരേസമയം പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന സാഹചര്യം കൂടുതല്‍ ആശങ്കാജനകമാക്കുകയാണെന്ന് യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന് (USCC) റിപ്പോര്‍ട്ടില്‍ പറയുന്നു.
'ചൈനയുടെ മറ്റൊരു മുന്നണി: ഇന്ത്യയും ഇന്‍ഡോ-പസഫിക്കിലെ യുഎസ് തന്ത്രത്തിന്റെ ഭാവിയും' എന്ന റിപ്പോര്‍ട്ടില്‍ 2025 മേയിലെ ഇന്ത്യ-പാക് സൈനിക ഏറ്റുമുട്ടല്‍ ചൈനയുടെ ഇടപെടലിന്റെ സാധ്യതകള്‍ വ്യക്തമാക്കിയതായി കമ്മീഷന് വിലയിരുത്തുന്നു. നേരിട്ട് യുദ്ധത്തില്‍ പ്രവേശിക്കാതെ പ്രതിസന്ധി ഘട്ടത്തില്‍ പാകിസ്താനെ പിന്തുണയ്ക്കാന്‍ ചൈനയ്ക്ക് കഴിയുമെന്ന് സംഭവം തെളിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 26 പേരെ ലക്ഷ്യമിട്ട പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയായിരുന്നു ഇന്ത്യ-പാക് സംഘര്‍ഷം. തുടര്‍ന്ന് ഇന്ത്യ ഓപ്പറേഷന് സിന്ദൂരിലൂടെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു. ഭാവിയില്‍ പാകിസ്താനുമായുള്ള സംഘര്‍ഷങ്ങളില്‍ ചൈനയുടെ പിന്തുണ ഇന്ത്യയുടെ സൈനിക ആസൂത്രണത്തെ സങ്കീര്‍ണമാക്കുമെന്നും വെല്ലുവിളികള്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
അമേരിക്കയുടെ സഖ്യ സംവിധാനത്തിന് പുറത്തുള്ള രാജ്യങ്ങളില്‍ ചൈനയുമായുള്ള ദീര്‍ഘകാല ശക്തി മത്സരത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള രാജ്യമാണ് ഇന്ത്യയെന്നും കമ്മീഷന് വിലയിരുത്തുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായ ഇന്ത്യ ആണവശക്തിയും വലിയ സൈനിക ശേഷിയുമുള്ള രാജ്യമാണ്. ചൈനയുമായി 2,100 മൈല്‍ തര്‍ക്ക അതിര്‍ത്തി പങ്കിടുന്ന ഇന്ത്യ, ചൈനയുടെ ഊര്‍ജ വ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രധാന സമുദ്രപാതകള്‍ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറന്‍ പസഫിക് മേഖല അമേരിക്ക-ചൈന മത്സരത്തിന്റെ പ്രധാന കേന്ദ്രമായി തുടരുമ്പോഴും കരയിലും കടലിലും ചൈനയ്ക്ക് മറ്റൊരു തന്ത്രപരമായ വെല്ലുവിളിയാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ നാവിക, നിരീക്ഷണ, ഗവേഷണ സാന്നിധ്യം വര്‍ധിക്കുന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മേഖലയില്‍ ഇന്ത്യയ്ക്കുള്ള പരമ്പരാഗത തന്ത്രപരമായ മുന്‍തൂക്കം കുറയ്ക്കുകയും സൈനിക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ദീര്‍ഘകാല നാവിക വിന്യാസങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക് സംവിധാനങ്ങളും ചൈന വികസിപ്പിക്കുകയാണ്. ഇന്ത്യന്‍ തീരങ്ങളോടും പ്രധാന സമുദ്രപാതകളോടും കൂടുതല്‍ അടുത്ത് ചൈനീസ് കപ്പലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദക്ഷിണ ചൈനാ കടലിലെ തന്ത്രങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുന്ന ചൈന ചരിത്രപരമായ അവകാശവാദങ്ങളും കടലിനടിയിലെ പ്രദേശങ്ങളുടെ പേരുമാറ്റലും നടത്തുന്നതായി റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഭാവിയില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ക്കും സമുദ്ര മേഖലയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാനും ഇത് വഴിയൊരുക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ടിലുണ്ട്.
ചൈനയുടെ നീക്കങ്ങളെ നേരിടാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടലിനടിയിലെ പ്രവര്‍ത്തനങ്ങളും സമുദ്ര മേഖലയിലെ നീക്കങ്ങളും നിരീക്ഷിക്കുന്നതിനുള്ള ശേഷി ഇന്ത്യയുമായി ചേര്‍ന്ന് വര്‍ധിപ്പിക്കണമെന്ന് യുഎസ് കോണ്‍ഗ്രസിനോട് കമ്മീഷന് നിര്‍ദേശിച്ചു. പ്രതിരോധ വകുപ്പും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫും ഇന്ത്യയുമായി സഹകരിക്കണം. ഇടയ്ക്കിടെയുള്ള സൈനിക അഭ്യാസങ്ങളില്‍ മാത്രം ഒതുങ്ങാതെ സ്ഥിരമായ രഹസ്യാന്വേഷണ വിവര കൈമാറ്റം, നിരീക്ഷണ സഹകരണം, ചൈനീസ് നാവിക-അന്തര്‍വാഹിനി നീക്കങ്ങള്‍ സംയുക്തമായി പിന്തുടരല്, സമുദ്ര ഭീഷണികള്‍ നേരിടുന്നതിനുള്ള ഏകോപനം എന്നിവ നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രതിരോധം, സര്‍ക്കാര്‍, ബിസിനസ്, അക്കാദമിക് മേഖലകളിലെ യുവ നേതൃത്വങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല ബന്ധം വളര്‍ത്താന്‍ ഇന്‍ഡോ-അമേരിക്കന്‍ സ്ട്രാറ്റജിക് ലീഡര്‍ഷിപ്പ് എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിക്കണമെന്നും ശുപാര്‍ശ ചെയ്തു.
ചൈനയോടുള്ള ഇന്ത്യയുടെ സമീപനം സ്വന്തം ദേശീയ താല്‍പ്പര്യങ്ങളും തന്ത്രപരമായ സ്വയംഭരണ നയവുമാണ് നിര്‍ണയിക്കുന്നതെന്നും അമേരിക്കയുടെ എല്ലാ വിദേശനയ ലക്ഷ്യങ്ങളോടും ഇന്ത്യ യോജിക്കണമെന്നില്ലെന്നും റിപ്പോര്‍ട്ട് അംഗീകരിക്കുന്നു. ഏഷ്യയിലെ ശക്തി സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും ചൈനയ്ക്ക് പകരമുള്ള ഉല്‍പ്പാദന, വിതരണ ശൃംഖലകള്‍ വികസിപ്പിക്കാനും ശക്തമായ ഇന്ത്യ അമേരിക്കയ്ക്ക് സഹായകമാകുമെന്നും കമ്മീഷന് വിലയിരുത്തുന്നു. അതേസമയം, ഇന്ത്യയും ചൈനയും ബന്ധം സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തി പ്രശ്നത്തിന് ന്യായവും പരസ്പരം അംഗീകരിക്കാവുന്നതുമായ പരിഹാരം കണ്ടെത്താനും ഉഭയകക്ഷി ബന്ധങ്ങളെ ദീര്‍ഘകാല തന്ത്രപരമായ കാഴ്ചപ്പാടോടെ സമീപിക്കാനും ഇരുവരും സമ്മതിച്ചു. അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിനും പരസ്പര താല്‍പ്പര്യങ്ങള്‍ മാനിക്കുന്നതിനും നേതാക്കള്‍ ഊന്നല്‍ നല്‍കിയിരുന്നു.
Content Highlights: The US-China Economic and Security Review Commission (USCC) has warned that growing military cooperation between China and Pakistan could intensify India's two-front security challenge. The report highlights China's expanding military and security support to Pakistan as a concern for India, which faces challenges along its western and northern borders. It also recommends that Washington strengthen defence and military cooperation with India, particularly in the Indian Ocean region.