നാസ്ഡാക്കിനെയും ഹോങ്കോങ് എക്സ്ചേഞ്ചിനെയും മറികടന്ന് ഇന്ത്യയുടെ എൻ.എസ്.ഇ

59.3 ബില്യൺ ഡോളർ വിപണി മൂല്യത്തോടെ ലോകത്തെ അഞ്ചാമത്തെ വലിയ ലിസ്റ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പറേറ്ററായാണ് എൻ.എസ്.ഇ മാറിയത്

നാസ്ഡാക്കിനെയും ഹോങ്കോങ് എക്സ്ചേഞ്ചിനെയും മറികടന്ന് ഇന്ത്യയുടെ എൻ.എസ്.ഇ
dot image

വിപണി മൂല്യത്തിൽ ആഗോള ഭീമന്മാരായ നാസ്ഡാക്കിനെയും ഹോങ്കോങ് എക്സ്ചേഞ്ചിനെയും മറികടന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കി. 59.3 ബില്യൺ ഡോളർ വിപണി മൂല്യത്തോടെ ലോകത്തെ അഞ്ചാമത്തെ വലിയ ലിസ്റ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പറേറ്ററായാണ് എൻ.എസ്.ഇ മാറിയത്. സെപ്റ്റംബറിലെ ഓഹരി വിപണി പ്രവേശനത്തിന് ശേഷം എൻ.എസ്.ഇ ഓഹരികളിലുണ്ടായ ശക്തമായ കുതിപ്പാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. നിലവിൽ 57.7 ബില്യൺ ഡോളർ വീതം വിപണി മൂല്യമുള്ള നാസ്ഡാക്കിനെയും ഹോങ്കോങ് എക്സ്ചേഞ്ചിനെയും ഏകദേശം 1.6 ബില്യൺ ഡോളറിനാണ് എൻ.എസ്.ഇ പിന്നിലാക്കിയത്.

ആഗോള പട്ടികയിൽ 109.6 ബില്യൺ ഡോളർ വിപണി മൂല്യമുള്ള സി.എം.ഇ ഗ്രൂപ്പ് ആണ് ഒന്നാം സ്ഥാനത്ത്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മാതൃകമ്പനിയായ ഇന്റർകോണ്ടിനെന്റൽ എക്സ്ചേഞ്ച് (95.5 ബില്യൺ ഡോളർ) രണ്ടാമതും, ജർമ്മനിയുടെ ഡച്ച് ബോഴ്‌സ് (63.7 ബില്യൺ ഡോളർ) മൂന്നാമതും നിൽക്കുന്നു. നാലാം സ്ഥാനത്തുള്ള ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിന് (60.1 ബില്യൺ ഡോളർ) തൊട്ടുപിന്നിലാണ് എൻ.എസ്.ഇയുടെ സ്ഥാനം.

സെപ്റ്റംബറിൽ നടന്ന ഐ.പി.ഒയ്ക്ക് (IPO) ശേഷം രണ്ട് മാസത്തിനുള്ളിൽ എൻ.എസ്.ഇ ഓഹരി വിലയിൽ ഏകദേശം 24.5 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 1,785 രൂപയായിരുന്നു ഐ.പി.ഒ ഇഷ്യൂ വില. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുള്ള വ്യാപാരത്തിൽ ഓഹരി വില 2,222 രൂപയിലെത്തി. ഇതോടെ എൻ.എസ്.ഇയുടെ ആകെ വിപണി മൂല്യം ഏകദേശം 5.5 ലക്ഷം കോടി രൂപയായി ഉയർന്നു.

ലിസ്റ്റിംഗ് സമയത്ത് 4.4 ലക്ഷം കോടി രൂപയായിരുന്ന വിപണി മൂല്യത്തിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ 1.1 ലക്ഷം കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. 2024-ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ നടത്തിയ 27,870 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ പബ്ലിക് ഇഷ്യൂ ആയിരുന്നു എൻ.എസ്.ഇയുടേത്. വിപണിയിൽ ലിസ്റ്റ് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ തന്നെ ആഗോളതലത്തിൽ മുൻനിര സ്ഥാനം ഉറപ്പിക്കാൻ സാധിച്ചത് ഇന്ത്യൻ ഓഹരി വിപണിയുടെ കരുത്താണ് വ്യക്തമാക്കുന്നത്.

Content highlights: National Stock Exchange of India (NSE) becomes the world's fifth-largest listed stock exchange operator by market capitalisation.

dot image
To advertise here,contact us
dot image