

ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും നേരിടുന്നതിനായി അന്തരീക്ഷ വായുവിൽ നിന്ന് നേരിട്ട് ശുദ്ധജലം ഉത്പാദിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിക്കാൻ അബുദാബി. ഇതിന്റെ ഭാഗമായി 'മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവ്' തങ്ങളുടെ ആദ്യ ഗവേഷണ ഗ്രാന്റ് പ്രഖ്യാപിച്ചു. യുഎഇ സർവ്വകലാശാല, അമേരിക്കയിലെ പ്രശസ്തമായ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ജോർജിയ ടെക്), മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവർ സംയുക്തമായി നടത്തുന്ന രണ്ട് വർഷത്തെ ഗവേഷണ പദ്ധതിക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക.
കുറഞ്ഞ ഊർജ്ജം മാത്രം ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈർപ്പത്തിൽ നിന്ന് ശുദ്ധജലം വേർതിരിച്ചെടുക്കുന്ന ലളിതവും ചെലവ് കുറഞ്ഞതുമായ സംവിധാനം വികസിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ജോർജിയ ടെക്കിൽ വെച്ചാണ് ഇത് സംബന്ധിച്ച കരാറിൽ മൂന്ന് സ്ഥാപനങ്ങളും ഒപ്പുവെച്ചത്. ജോർജിയ ടെക്കിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബഷീർ അൽ ഫീലിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകുന്നത്.
വായുവിലെ ഈർപ്പം വലിച്ചെടുക്കാൻ ശേഷിയുള്ള പ്രത്യേക പദാർത്ഥങ്ങളും മൂടൽമഞ്ഞിൽ നിന്ന് വെള്ളം ശേഖരിക്കാൻ സഹായിക്കുന്ന പ്രത്യേക വലകളും സംയോജിപ്പിച്ചാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുക. ഏത് കാലാവസ്ഥയിലും കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് ശുദ്ധജലം ഉത്പാദിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന രീതിയിൽ ഈ കണ്ടെത്തലുകളെ പ്രായോഗിക തലത്തിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയിഷ അൽ അതീഖി പറഞ്ഞു.
ഗൾഫ് മേഖലയിൽ ഭൂഗർഭജലം കുറഞ്ഞുവരുന്ന സാഹചര്യത്തിലും കടൽവെള്ളം ശുദ്ധീകരിക്കുന്നതിന് വലിയ തോതിൽ ഊർജ്ജം ആവശ്യമായി വരുന്ന സാഹചര്യത്തിലും ഈ പുതിയ സാങ്കേതികവിദ്യ ഏറെ നിർണ്ണായകമാണ്. സൗരോർജ്ജം പോലുള്ള പ്രകൃതിസൗഹൃദ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നതിനാൽ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
ഭാവിയിൽ മരുഭൂമിയിലെ കൃഷി ആവശ്യങ്ങൾക്കും, പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനും ഈ സാങ്കേതികവിദ്യ വലിയ തോതിൽ ഉപയോഗപ്പെടുത്താനാകും. 2050-ഓടെ പരിസ്ഥിതി മലിനീകരണം പൂർണ്ണമായി ഒഴിവാക്കാനുള്ള യുഎഇയുടെ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്ന ഈ പദ്ധതി, ആഗോളതലത്തിൽ ജലസംരക്ഷണ രംഗത്ത് അബുദാബിയെ ഒരു മാതൃകാ കേന്ദ്രമാക്കി മാറ്റുകയാണ്.
Content Highlights: Abu Dhabi has launched a major international research project to develop technology that can produce clean water directly from the air. The Mohamed bin Zayed Water Initiative has awarded its first Water Catalyst Research Grant to a two-year collaboration involving the United Arab Emirates University, the Massachusetts Institute of Technology and Georgia Institute of Technology