നേട്ടങ്ങളുടെയും തിരിച്ചടികളുടെയും ആറ് മാസങ്ങള്‍; വി ഡി സതീശന്‍ സര്‍ക്കാര്‍ 180 ദിവസം പിന്നിടുമ്പോള്‍

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലെത്തിയ യുഡിഎഫിന് ചരിത്രവിജയമാണ് കേരളത്തിലെ ജനങ്ങള്‍ സമ്മാനിച്ചത്

നേട്ടങ്ങളുടെയും തിരിച്ചടികളുടെയും ആറ് മാസങ്ങള്‍; വി ഡി സതീശന്‍ സര്‍ക്കാര്‍ 180 ദിവസം പിന്നിടുമ്പോള്‍
dot image

കൊച്ചി: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസം പിന്നിടുമ്പോള്‍ നേട്ടങ്ങളും തിരിച്ചടികളും ഒരുപോലെ ചര്‍ച്ചയാകുകയാണ്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലെത്തിയ യുഡിഎഫിന് ചരിത്രവിജയമാണ് കേരളത്തിലെ ജനങ്ങള്‍ സമ്മാനിച്ചത്. നിയമസഭയില്‍ 102 സീറ്റുകളുടെ പിന്തുണയോടെ ഭരണത്തില്‍ വലിയ വെല്ലുവിളികളില്ലാതെ മുന്നോട്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. അധികാരത്തിലെത്തി മൂന്ന് മാസത്തിനുള്ളില്‍ പ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ രൂപീകരിച്ചതും ശ്രദ്ധേയമായ തീരുമാനമാണ്. എന്നാല്‍ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. പദ്ധതി സ്വകാര്യ ബസ് മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വയോജന കമ്മീഷന്‍ രൂപീകരിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തമായ ആക്ഷന്‍ പ്ലാനിനും ഇനിയും പ്രാധാന്യം നല്‍കേണ്ടതുണ്ട്.

ആശാ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പ്രതീക്ഷയോടെയാണ് കേരളം കണ്ടത്. അധികാരത്തിലെത്തിയതിന് പിന്നാലെ ഓണറേറിയം 3,000 രൂപ വര്‍ധിപ്പിച്ചെങ്കിലും അടിസ്ഥാന വേതനം 21,000 രൂപയാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇന്‍സെന്റീവ് കുടിശികയും മെഡിക്കല്‍ ലീവ് ആനുകൂല്യങ്ങളും സംബന്ധിച്ച ആവശ്യങ്ങളിലും തീരുമാനമുണ്ടായിട്ടില്ല. ഇതോടെ ആശാ പ്രവര്‍ത്തകര്‍ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങി. അതേസമയം, ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ സര്‍ക്കാരിന് നേട്ടമായി ഉയര്‍ത്തിക്കാട്ടാനുണ്ട്. കേരള പൊലീസ് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ 2026 നവംബര്‍ 13-ലെ കണക്കുപ്രകാരം പദ്ധതിയുടെ ഭാഗമായി 14,995 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16,203 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 29.86 കിലോ എംഡിഎംഎ, 2,022.686 കിലോ കഞ്ചാവ്, 732.6 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തു. എന്നാല്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ പിടിയിലാകുമ്പോള്‍ ആഭ്യന്തര വകുപ്പ് നടപടികളില്‍ വിമുഖത കാണിക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനം സര്‍ക്കാരിന് തലവേദനയായി. വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും 400 കോടി രൂപയുടെ മിഷന്‍ സമുദ്ര പദ്ധതിയും സര്‍ക്കാരിന്റെ പ്രധാന വികസന നേട്ടങ്ങളാണ്. 10,000 പുതിയ എംഎസ്എംഇ സംരംഭങ്ങള്‍ ആരംഭിക്കാനും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ അല്ലെങ്കില്‍ ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എന്നാല്‍ ഇത്തരം പദ്ധതികളില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവാദങ്ങളും രാഷ്ട്രീയ തര്‍ക്കങ്ങളും സര്‍ക്കാരിനെ തുടക്കം മുതല്‍ പിന്തുടര്‍ന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാന യാത്രയും ജിഎന്‍എ വൈദ്യുതി കരാറും വിവാദമായി. കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയത് പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമായി. ശബരിമല സ്വര്‍ണപ്പാളി കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനുവേണ്ടി ഹാജരായ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ചതും എന്‍ ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ നിയമനങ്ങളും ബി ആര്‍ എം ഷെഫീറിന്റെ ഭാര്യയുടെ സീമാറ്റിലെ നിയമനവും വിവാദമായതോടെ ചില തീരുമാനങ്ങളില്‍ സര്‍ക്കാരിന് തിരുത്തല്‍ വരുത്തേണ്ടിവന്നു. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരവും സര്‍ക്കാരിന് വെല്ലുവിളിയായി.

അതേസമയം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സംഘപരിവാര്‍ അനുകൂല നിലപാടുകളാണ് സര്‍ക്കാരിനെതിരെ ഉയരുന്ന മറ്റൊരു പ്രധാന വിമര്‍ശനം. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാട് മാറ്റം, വഖഫ് ബോര്‍ഡിലെ അമുസ്ലീം നിയമന ചര്‍ച്ചകള്‍, കരിക്കുലം കമ്മിറ്റി, സര്‍വകലാശാലകളിലെ നിയമനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വിവാദമായി. കാസര്‍കോട് വിദ്യാഭ്യാസ വകുപ്പിന്റെ ക്വിസില്‍ വി ഡി സവര്‍ക്കറെ പ്രകീര്‍ത്തിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയതും മയില്‍പ്പീലി പ്രസിദ്ധീകരണത്തിന് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അനുമതി നല്‍കിയതും വിമര്‍ശനത്തിന് ഇടയാക്കി. ഇതിനുപുറമെ സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ഏകോപനക്കുറവും ഭരണത്തിന്റെ ശോഭ കെടുത്തുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന യുഡിഎഫ് കണ്‍വീനറുടെ വിമര്‍ശനവും മന്ത്രിമാരെ അറിയിക്കാതെ മുഖ്യമന്ത്രി വകുപ്പുകളില്‍ ഇടപെടുന്നുവെന്ന ആരോപണവും പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പുറത്തുകൊണ്ടുവന്നു. മദ്യനയം, വൈദ്യുതി കരാര്‍, ചാര്‍ട്ടേഡ് വിമാന യാത്ര തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് യോഗങ്ങളും വീണ്ടും സജീവമാകുകയാണ്. ഈ ഭിന്നതകള്‍ പരിഹരിച്ച് വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനും ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും സര്‍ക്കാരിന് കഴിയുമോ എന്നതാണ് ഇനി നിര്‍ണായകം.

Content Highlights: As the VD Satheesan-led UDF government completes six months in office, its achievements and challenges are under discussion. The government's key initiatives include free travel for women on KSRTC ordinary buses and the formation of the country's first Elderly Commission. However, limiting the free travel scheme to ordinary buses has drawn criticism from the opposition and reportedly created challenges for private bus operators. The Elderly Commission also needs a clear action plan and follow-up measures to translate its formation into meaningful outcomes.

dot image
To advertise here,contact us
dot image