

പ്രാദേശികമായി വികസിപ്പിച്ച വീഡിയോ ഗെയിമുകൾ പരീക്ഷിക്കുന്നതിനും ഡെവലപ്പർമാർക്ക് നേരിട്ട് അഭിപ്രായങ്ങൾ നൽകുന്നതിനുമായി സംഘടിപ്പിച്ച പ്രഥമ 'ദുബായ് പ്ലേടെസ്റ്റ് നൈറ്റിൽ' ഗെയിമിംഗ് പ്രേമികളുടെ വലിയ പങ്കാളിത്തം. ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മീഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന പരിപാടി പ്രാദേശിക ഡെവലപ്പർമാരെയും ഇൻഡി സ്റ്റുഡിയോകളെയും ഗെയിമിംഗ് പ്രേമികളെയും ഒരു കുടക്കീഴിൽ അണിനിരത്തി. യൂണിവേഴ്സിറ്റി പ്രോജക്റ്റുകൾ മുതൽ അന്താരാഷ്ട്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവ വരെയുള്ള പത്ത് പ്രാദേശിക 2D, 3D ഗെയിമുകളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
ഗെയിം ഡെവലപ്പർമാരുടെയും കളിക്കാരുടെയും ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഡിഎഫ്ജിസി ടാലന്റ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് മറിയം ലൂത്ത പറഞ്ഞു. ഗെയിമുകൾ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ്, അവയിലെ രസകരമായ ഘടകങ്ങൾ എന്തൊക്കെയാണെന്നും എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നും മനസ്സിലാക്കാൻ ഇത്തരം പരീക്ഷണ വേദികൾ ഡെവലപ്പർമാരെ സഹായിക്കുമെന്ന് അവർ വ്യക്തമാക്കി. പ്രാദേശിക സ്റ്റുഡിയോകളെ പിന്തുണയ്ക്കുന്നതിനും ഗെയിമിംഗ് വ്യവസായത്തിന്റെ ദീർഘകാല വളർച്ചയ്ക്കും ഇത്തരം വേദികൾ അനിവാര്യമാണെന്ന് ഗെയിംസ് കമ്മീഷണർ ഫൈസൽ കാസിം അഭിപ്രായപ്പെട്ടു.
അറബ് സംസ്കാരവും നാടോടിക്കഥകളും യുഎഇയുടെ പശ്ചാത്തലവും കോർത്തിണക്കിയ ഗെയിമുകളായിരുന്നു മേളയുടെ പ്രധാന ആകർഷണം. എമിറാത്തി ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലുള്ളവയും അറബി ഭാഷയിൽ നിർമ്മിച്ചവയും കൂട്ടത്തിലുണ്ടായിരുന്നു. സ്വന്തം സംസ്കാരം ഗെയിമുകളിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള യുവാക്കളുടെ ആഗ്രഹമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് മറിയം ലൂത്ത ചൂണ്ടിക്കാട്ടി. നാല് വർഷത്തെ പ്രയത്നത്തിലൂടെ 'സാംഗെ' എന്ന ആക്ഷൻ ഗെയിം നിർമ്മിച്ച ഇബ്രാഹിം ഹിന്ദാവിയെപ്പോലുള്ള ഡെവലപ്പർമാർക്ക് കളിക്കാരിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ അറിയാൻ കഴിഞ്ഞത് വലിയ ആവേശമായി.
The Dubai Films and Games Commission (DFGC) hosts the inaugural Dubai Playtest Night today, bringing together local electronic game developers, independent studios, and gaming enthusiasts to test new games, exchange ideas, and provide feedback to improve them ahead of release. The event drew participants testing 10 locally developed games and sharing insights to help developers refine their creations.
— Dubai Media Office (@DXBMediaOffice) November 14, 2026
പ്രോഗ്രാമർമാർ, 3D ആർട്ടിസ്റ്റുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് പരസ്പരം ആശയങ്ങൾ പങ്കുവെക്കാനുള്ള മികച്ചൊരു നെറ്റ്വർക്കിംഗ് വേദി കൂടിയായി ഈ സായാഹ്നം മാറി. ദുബായിലെ ഗെയിമിംഗ് മേഖല പതുക്കെ വളർന്നുവരികയാണെന്നും നിരവധി സ്റ്റാർട്ടപ്പുകളും പുതിയ അവസരങ്ങളും ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്നും പരിപാടിയിൽ പങ്കെടുത്ത 3D ആർട്ടിസ്റ്റുകളായ നാദ ഖലീഫയും ഹസീഖയും പറഞ്ഞു. പ്രാദേശിക ഗെയിമുകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനായി വരും ദിവസങ്ങളിലും പ്ലേടെസ്റ്റ് നൈറ്റുകൾ തുടരാനാണ് ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മീഷന്റെ തീരുമാനം.
Content Highlights: Dubai has taken another step towards strengthening its gaming industry by hosting its first-ever Dubai Playtest Night on November 14, 2026. Organised by the Dubai Films and Games Commission, the event showcased 10 locally developed 2D and 3D games from nine studios. Gaming enthusiasts got the opportunity to play the games and share feedback to help developers improve them before release. Some games also feature themes inspired by Arab culture and folklore.