

ദുബായിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ നിരീക്ഷിക്കുന്നതിന് കർശനമായ പുതിയ സുരക്ഷാചട്ടങ്ങൾ ഏർപ്പെടുത്തി. പുതിയ നയമനുസരിച്ച്, ഒരു വിദ്യാർത്ഥി തുടർച്ചയായി അഞ്ച് ദിവസം സ്കൂളിൽ ഹാജരാകാതിരിക്കുകയോ, ഒരു ടേമിലെ ആകെ പ്രവൃത്തിദിവസങ്ങളുടെ 10 ശതമാനം ദിവസം അവധിയെടുക്കുകയോ ചെയ്താൽ സ്കൂൾ അധികൃതർ ഇക്കാര്യം വിദ്യാഭ്യാസ അതോറിറ്റിയെ നിർബന്ധമായും അറിയിക്കണം.
വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും അവർ നേരിട്ടേക്കാവുന്ന അപകടസാധ്യതകൾ നേരത്തേ തിരിച്ചറിയുന്നതിനുമായി ആവിഷ്കരിച്ച 'സേഫ്ഗാർഡിംഗ് ആൻഡ് ലേണർ പ്രൊട്ടക്ഷൻ' നയത്തിന്റെ ഭാഗമായാണ് ഈ നടപടി. നിശ്ചിത അവധി പരിധി എത്തിയില്ലെങ്കിൽ പോലും ഒരു വിദ്യാർത്ഥിയുടെ അസാന്നിധ്യം സുരക്ഷാപരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിൽ സ്കൂളുകൾ ഉടൻ ഇടപെടുകയും അധികൃതരെ വിവരം അറിയിക്കുകയും വേണം.
18 വയസ്സിന് താഴെയുള്ള വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച ആശങ്കകൾ രക്ഷിതാക്കളെയാണ് അറിയിക്കേണ്ടത്. എന്നാൽ 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികളെ നേരിട്ടാണ് ബന്ധപ്പെടേണ്ടത്. ഇവരുടെ സമ്മതത്തോടെയോ അല്ലെങ്കിൽ ഗുരുതരമായ സുരക്ഷാ ഭീഷണിയുള്ള സാഹചര്യങ്ങളിലോ മാത്രമേ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ പാടുള്ളൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃത്യമായ ഹാജർ നയങ്ങൾ രൂപീകരിക്കുകയും രക്ഷിതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വീകരിച്ച നടപടികളും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം. കൂടാതെ, ബോർഡിംഗ് സ്കൂളുകളിൽ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെയും സന്ദർശക നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, സർവകലാശാലകൾക്കും തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾക്കും നഴ്സറികൾക്കും ഈ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. സർവകലാശാലകൾക്ക് സെമസ്റ്ററുകളും കോഴ്സുകളും കണക്കിലെടുത്ത് സ്വന്തമായി ഹാജർ പരിധി നിശ്ചയിക്കാവുന്നതാണ്. നഴ്സറികളിലും ഏർലി ചൈൽഡ്ഹുഡ് സെന്ററുകളിലും കുട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള ദിവസങ്ങൾക്ക് ആനുപാതികമായായിരിക്കും ഹാജർ കണക്കാക്കുക.
Content Highlights: Dubai schools have tightened student attendance monitoring under new regulations aimed at improving student safety. The measures focus on tracking student absences, strengthening attendance records and improving communication with parents.