യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് വിതരണത്തിന് താൽക്കാലിക ക്രമീകരണം; പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

നാല് കേന്ദ്രങ്ങൾ അടച്ചതോടെ നിലവിൽ യുഎഇയിലുടനീളം 12 കേന്ദ്രങ്ങളിൽ മാത്രമാണ് കോൺസുലർ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകുന്നത്

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് വിതരണത്തിന് താൽക്കാലിക ക്രമീകരണം; പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
dot image

യുഎഇയിൽ നാല് ഇന്ത്യൻ കോൺസുലർ അപേക്ഷാകേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിന് പിന്നാലെ, പാസ്‌പോർട്ടുകൾ കൈപ്പറ്റുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സേവനദാതാക്കളായ അൽഹിന്ദ് ടൂഴ്സ് ആൻഡ് ട്രാവൽസ്. പ്രവർത്തനം നിർത്തിവെച്ച അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പ്രോസസ്സ് ചെയ്ത പാസ്‌പോർട്ടുകൾ നേരിട്ടെത്തി കൈപ്പറ്റാനുള്ള സൗകര്യമുണ്ടാകും. എന്നാൽ ഈ ഓഫീസുകളിൽ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അൽഹിന്ദിന്റെ പുതിയ അറിയിപ്പ് പ്രകാരം അബുദാബിയിലെ മുസഫ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഷാർജയിലെ അൽ മജാസ് കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് പാസ്‌പോർട്ടുകൾ വാങ്ങാം. അബുദാബി അൽ റീം കേന്ദ്രത്തിൽ സമർപ്പിച്ച അപേക്ഷകളുടെ പാസ്‌പോർട്ടുകൾ അൽ ദാന സെന്ററിൽ നിന്നാണ് വിതരണം ചെയ്യുന്നത്. അപേക്ഷിക്കുമ്പോൾ നേരിട്ട് വന്ന് കൈപ്പറ്റാൻ ഓപ്ഷൻ നൽകിയവർ മാത്രമാണ് ഈ കേന്ദ്രങ്ങളിൽ എത്തേണ്ടത്. കൊറിയർ ഡെലിവറി തിരഞ്ഞെടുത്തവർക്ക് പാസ്‌പോർട്ടുകൾ വിലാസത്തിൽ ലഭിക്കും.

നാല് കേന്ദ്രങ്ങൾ അടച്ചതോടെ നിലവിൽ യുഎഇയിലുടനീളം 12 കേന്ദ്രങ്ങളിൽ മാത്രമാണ് കോൺസുലർ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകുന്നത്. ദുബായിൽ നിലവിൽ ഒരു കേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്. ഷാർജയിൽ മൂന്നും (റോള, കൽബ, ഖോർഫക്കാൻ), അബുദാബിയിൽ നാലും (അൽ ദാന, അൽ ഐൻ, മദീനത്ത് സായിദ്, ഗയാത്തി) കേന്ദ്രങ്ങൾ തുടരുന്നു. അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ ലഭ്യമാണ്.

ഇന്ത്യൻ എംബസിയുടെയും ദുബായ് കോൺസുലേറ്റിന്റെയും ഔട്ട്‌സോഴ്‌സ് സേവനദാതാവിനെ തിരഞ്ഞെടുക്കാനുള്ള പുതിയ ടെൻഡർ നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. നവംബർ 27-നാണ് പുതിയ കരാർ അനുവദിക്കുന്നത്. പുതിയ ടെൻഡർ തീരുമാനത്തെ ആശ്രയിച്ചായിരിക്കും അൽഹിന്ദ് സേവനദാതാവായി തുടരുമോ എന്ന കാര്യം ഉറപ്പാവുക.

Content Highlights: Indian passport services in the UAE face temporary changes following the closure of four application centres. New applications are not being accepted at the closed centres, while services continue at 12 other centres.

dot image
To advertise here,contact us
dot image