

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുമ്പോഴും ദുബായിൽ വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കില്ലെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA - ദീവ). പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളും ബദൽ ഊർജ്ജ പദ്ധതികളും വേഗത്തിൽ വികസിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആശ്വാസ തീരുമാനമെന്ന് ദീവ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ യാത്രാ പ്രതിസന്ധിയും കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നിരിക്കുകയാണ്. ഇതേത്തുടർന്ന് യുഎഇയിലെ പെട്രോൾ നിരക്കുകൾ നാല് വർഷത്തെ ഉയർന്ന നിലയിലെത്തിനിൽക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന പ്രഖ്യാപനം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുന്നത്. ഹരിത ഊർജ്ജ പദ്ധതികളിലൂടെ ആഗോള ഊർജ്ജ പ്രതിസന്ധിയെ മറികടക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മാത്രം ദീവ ഉത്പ്പാദിപ്പിച്ച മൊത്തം വൈദ്യുതിയുടെ 16.23 ശതമാനവും ഹരിത ഊർജ്ജമായിരുന്നു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 2030 ആകുമ്പോഴേക്കും ഇതിന്റെ ഉത്പ്പാദന ശേഷി 5,000 മെഗാവാട്ടിൽ നിന്ന് 8,000 മെഗാവാട്ടായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 2030-ഓടെ ദുബായിയുടെ മൊത്തം ഊർജ്ജ ആവശ്യകതയുടെ 36 ശതമാനത്തിലധികവും ബദൽ ഊർജ്ജത്തിലൂടെ കണ്ടെത്താൻ ദീവ പദ്ധതിയിടുന്നു. ഇതിലൂടെ പ്രതിവർഷം 8.5 ദശലക്ഷം ടണ്ണിലധികം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കും.
2050 ഓടെ നഗരത്തിന്റെ വൈദ്യുതി ഉത്പ്പാദനം 100 ശതമാനവും പൂർണ്ണമായും ശുദ്ധ ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറ്റുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോർജ്ജ-സംഭരണ പദ്ധതികളുടെ പങ്കാളിത്തവും പുരസ്കാര ഫലങ്ങളും വരാനിരിക്കുന്ന നവംബറിൽ പ്രഖ്യാപിക്കുമെന്നും ദീവ വ്യക്തമാക്കി.
Content Highlights: Dubai authorities have indicated that electricity tariffs will remain unchanged despite rising global oil prices, offering relief to residents and businesses concerned about increasing living and operating costs.