

ന്യൂഡല്‍ഹി: എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്. റോഷ് എന്ന അന്താരാഷ്ട്ര കമ്പനി ആണ് ഇതുവരെ മരുന്ന് വിതരണം ചെയ്തിരുന്നത്. ഈ മരുന്നിന് വലിയതോതില്‍ വില വര്‍ധിച്ചതോടെയാണ് വില കുറവില്‍ മരുന്ന് നല്കുന്ന മറ്റൊരു ഇന്ത്യന്‍ കമ്പനിയെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ലഭിച്ചതിന് സമാനമായ ഗുണനിലവാരത്തില്‍ മരുന്ന് നല്കുന്ന പുതിയ കമ്പനിയുടെ മരുന്നിന്റെ വില 15,000 രൂപ മാത്രമാണ്. ഒരു അന്തരാഷ്ട്ര കമ്പനി 6.5 ലക്ഷവും ഇന്ത്യന്‍ കമ്പനി 15,000 രൂപയും വിലയിടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് അഡ്ഡാ പരിപാടിയിലാണ് വി ഡി സതീശന്റെ പ്രതികരണം.
കേരളത്തില്‍ യുഡിഎഫ് പ്രവര്‍ത്തിക്കുന്നത് ഒറ്റപ്പാര്ട്ടിയായാണെന്നും പരസ്പരം ചര്‍ച്ചയും ആശയവിനിമയവും നടക്കുന്നതായും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ മുന്നണി സംവിധാനമാണ് കേരളത്തിലെ യുഡിഎഫ് എന്നും ജനങ്ങള്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. നല്ല ഉദ്ദേശത്തോടെ എന്ത് പദ്ധതിയും കൊണ്ടുവരാം. എന്ത് മാധ്യമവിമര്‍ശനം ഉണ്ടായാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കും. എന്നാല്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ പാര്‍ട്ടിയുമായി ആലോചിക്കാറില്ല. മന്ത്രിസഭയില്‍ തന്നെ പ്രധാന നേതാക്കള്‍ ഉണ്ട്. എല്ലാ കാര്യവും മന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ ഒരു സമ്മര്‍ദവും ഇല്ലെന്നും പ്രധാന കാര്യങ്ങള്‍ എല്ലാം മുതിര്‍ന്ന നേതാക്കളോടും മന്ത്രിമാരോടും കൂടിയാലോചിക്കാറുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. ഭരണകാര്യത്തില്‍ മുസ്ലിം ലീഗ് സമ്മര്‍ദം ചെലുത്താറില്ല. ഒരു പാര്‍ട്ടിയും തന്നെയോ ഭരണത്തെയോ സമ്മര്‍ദ്ദത്തിലാക്കാറില്ല. എല്ലാ തീരുമാനവും കൂട്ടായി ആലോചിച്ചാണ് എടുക്കുന്നത്. ഐയുഎംഎല്‍ വിഭജനകാലത്തെ മുസ്ലിംലീഗ് അല്ല ഇപ്പോഴുള്ളത്. അന്‍പത് വര്‍ഷമായി കോണ്‍ഗ്രസിനൊപ്പമുള്ള പാര്‍ട്ടിയാണ്. മുസ്ലിംലീഗ് ഇല്ലെങ്കില്‍ ആ സ്ഥാനം തീവ്ര ആശയവാദികള്‍ കയ്യടക്കും. തീവ്ര ആശയങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് മുസ്ലിംലീഗാണ്. വലിയ തോതില്‍ ഹിന്ദു വോട്ട് നേടിയാണ് മുസ്ലിംലീഗ് എംഎല്‍എമാര്‍ വിജയിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക പ്രതിഷേധങ്ങളാണ്. വിദ്യാര്‍ത്ഥികൾ മാനസിക പിരിമുറുക്കത്തിലാണ്. എന്നാല്‍ പ്രതിഷേധത്തിന് വിദേശ സഹായം ലഭിക്കുന്നു എന്നതൊക്കെ തമാശയാണെന്നും വി ഡി സതീശന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി യുദ്ധത്തിനില്ല. എന്നാല്‍ ആശയപരമായി ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കും. എപ്പോഴും കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് വേണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും കേരളത്തോട് വിവേചനം കാണിച്ചാല്‍ പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Kerala Chief Minister VD Satheesan says the UDF functions as a united front with collective decision-making, denying pressure from the Muslim League and reaffirming his ideological opposition to the BJP and RSS