ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധിയിൽ മാറ്റം; നവംബർ ഒന്ന് മുതൽ പുതിയ നിയമം

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി മാറ്റങ്ങൾ വ്യക്തമാക്കുന്ന പുതിയ സൈൻ ബോർഡുകൾ ഈ റോഡുകളിൽ സ്ഥാപിക്കും

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധിയിൽ മാറ്റം; നവംബർ ഒന്ന് മുതൽ പുതിയ നിയമം
dot image

ദുബായ് നഗരത്തിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തി റോഡ് ഗതാഗത അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും. ഗതാഗത പ്രവാഹം സുഗമമാക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നടത്തിയ സംയുക്ത പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മൂന്ന് റോഡുകളിലെ വേഗപരിധി ഉയർത്തിയപ്പോൾ, അപകടസാധ്യത ഒഴിവാക്കാൻ മറ്റ് രണ്ട് റോഡുകളിൽ വേഗപരിധി കുറയ്ക്കുകയാണ് ചെയ്തത്. പുതുക്കിയ വേഗപരിധി നവംബർ ഒന്ന് മുതൽ നിലവിൽ വരും.

അൽ അസായൽ സ്ട്രീറ്റിൽ ഊദ് മേത്ത സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്തെ വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി ഉയർത്തി. ശൈഖ് റാഷിദ് സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിലുള്ള അൽ മുസ്തഖ്ബൽ സ്ട്രീറ്റിലും ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലത്തീഫ ബിന്ത് ഹംദാൻ സ്ട്രീറ്റിലും വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായാണ് ഉയർത്തിയത്.

അതേസമയം, കാൽനടയാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തി മർകേഷ് സ്ട്രീറ്റിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലുള്ള അൽ റെബാത് സ്ട്രീറ്റിൽ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി കുറച്ചു. കൂടാതെ സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനും ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിനും ഇടയിലുള്ള ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റിൽ വേഗപരിധി മണിക്കൂറിൽ 80-ൽ നിന്ന് 70 കിലോമീറ്ററായും കുറച്ചിട്ടുണ്ട്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി മാറ്റങ്ങൾ വ്യക്തമാക്കുന്ന പുതിയ സൈൻ ബോർഡുകൾ ഈ റോഡുകളിൽ സ്ഥാപിക്കും. കൂടാതെ, പുതുക്കിയ വേഗപരിധിക്ക് അനുസൃതമായി റോഡുകളിലെ സ്പീഡ് ക്യാമറകൾ പുനഃക്രമീകരിക്കുമെന്നും ആർടിഎ അറിയിച്ചു. അതിനാൽ വാഹനമോടിക്കുന്നവർ വേഗത സൂചികകൾ ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Dubai will introduce revised speed limits on five major roads from November 1, 2026. Speed limits will increase on three roads and decrease on two others as part of efforts to improve road safety and traffic flow

dot image
To advertise here,contact us
dot image