കുടുംബ തർക്കങ്ങൾക്കിടയില്‍പ്പെടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ

കസ്റ്റഡി സംബന്ധമായ തീരുമാനങ്ങളിൽ കുട്ടികളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും മാതാപിതാക്കൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

കുടുംബ തർക്കങ്ങൾക്കിടയില്‍പ്പെടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ
dot image

കുടുംബ തർക്കങ്ങൾക്കിടയിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംരംഭവുമായി യുഎഇ. മാതാപിതാക്കൾ തമ്മിലുള്ള കുടുംബ തർക്കങ്ങൾക്കിടയിൽ കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കുന്നതിനും കുടുംബസ്ഥിരത മെച്ചപ്പെടുത്തുന്നതിനുമായി ദേശീയതലത്തിലുള്ള വിവിധ സംരംഭങ്ങളുമായി യുഎഇ. കുട്ടികളുടെ കസ്റ്റഡി നടപടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷവും കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.

രാഷ്ട്രമാതാവ്(Mother of Nation) ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നേതൃത്വത്തിൽ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ജുഡീഷ്യൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും ജനറൽ വിമൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് സംരംഭങ്ങൾ പ്രഖ്യാപിച്ചത്. മാതാപിതാക്കൾ വേർപിരിഞ്ഞതിന് ശേഷമുള്ള കുടുംബബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗരേഖയായ പോസ്റ്റ് സെപ്പറേഷൻ ഫാമിലി ചാർട്ടർ സമ്മേളനത്തിൽ ചർച്ച ചെയ്ത പ്രധാന സംരംഭങ്ങളിലൊന്നാണ്. കസ്റ്റഡി സംബന്ധമായ തീരുമാനങ്ങളിൽ കുട്ടികളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും മാതാപിതാക്കൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. കുടുംബ തർക്കങ്ങൾ ബാധിക്കുന്ന കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും സമ്മേളനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിയമപരമായ പരിരക്ഷ മാത്രം മതിയാകില്ലെന്ന് ജനറൽ വിമൻസ് യൂണിയൻ സെക്രട്ടറി ജനറൽ നൂറ ഖലീഫ അൽ സുവൈദി പറഞ്ഞു. കുട്ടികൾക്ക് വൈകാരിക പിന്തുണയും കുടുംബസ്ഥിരതയും സുരക്ഷിതമായി വളരാനുള്ള അന്തരീക്ഷവും ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് ജനറൽ വിമൻസ് യൂണിയൻ ആസ്ഥാനത്ത് സ്ഥാപിച്ച ചൈൽഡ് കസ്റ്റഡി വിസിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങളും അവർ വിശദീകരിച്ചു. മാതാപിതാക്കളുമായുള്ള ബന്ധം നിലനിർത്താൻ കുട്ടികൾക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നതിനൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണയും കേന്ദ്രം നൽകുന്നു. കുടുംബ തർക്കങ്ങൾ കുട്ടികളിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിനും അവരുടെ സുരക്ഷിതത്വബോധം ശക്തിപ്പെടുത്തുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുഎഇ നിയമങ്ങളും മറ്റ് നടപടിക്രമങ്ങളും വികസിപ്പിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി കൂടിയായ ഫെഡറൽ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ അബ്ദുള്ള സുൽത്താൻ ബിൻ അവാദ് അൽ നുഐമി പറഞ്ഞു. കുടുംബ തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കോടതികളും സർക്കാർ സ്ഥാപനങ്ങളും കുടുംബക്ഷേമവുമായി ബന്ധപ്പെട്ട സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൺലൈൻ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ പബ്ലിക് പ്രോസിക്യൂഷന്റെ പങ്കും സമയബന്ധിതമായ മാനസിക ഇടപെടലിന്റെ പ്രാധാന്യവും സമ്മേളനത്തിൽ ചർച്ചചെയ്തു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവരുടെ സംരക്ഷണത്തിനുമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും മാധ്യമങ്ങൾക്കും വഹിക്കാവുന്ന പങ്കും വിദഗ്ധർ വിലയിരുത്തി. നീതിന്യായ വിഭാഗങ്ങൾ, പൊലീസ്, സാമൂഹിക സംഘടനകൾ എന്നിവ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്ന ശുപാർശകളോടെയാണ് സമ്മേളനം സമാപിച്ചത്. കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുടുംബങ്ങൾക്കിടയിൽ ബോധവത്കരണ പരിപാടികൾ വിപുലീകരിക്കുന്നതിനും പ്രാധാന്യം നൽകുമെന്നും അധികൃതർ പറഞ്ഞു.

Content Highlights: UAE has introduced initiatives to protect children during family disputes, focusing on safe custody arrangements, psychological support and family cooperation after separation.

dot image
To advertise here,contact us
dot image