

തിരുവനന്തപുരം: എക്സൈസ് മന്ത്രി അറിയാതെ സംസ്ഥാനത്ത് ബേക്കറികള് വഴി വീര്യമുള്ള ഹോര്ട്ടി വൈന് വില്പ്പന ആരംഭിച്ചു. ചാലക്കുടിയിലെ ബേക്കറിയിലാണ് വില്പ്പന ആരംഭിച്ചത്. സംഭവത്തില് അതൃപ്തി വ്യക്തമാക്കിയ മന്ത്രി എം ലിജു എക്സൈസ് കമ്മീഷ്ണറോട് റിപ്പോര്ട്ട് തേടി. 2026 ജൂണ് 24 ന് എക്സൈസ് കമ്മീഷണര് ശ്രീറാം സാംബശിവ റാവൂ ആണ് വീര്യമുള്ള ഹോര്ട്ടി വൈന് വില്പ്പനയക്ക് അനുമതി നല്കിയത്. എക്സൈസ് മന്ത്രിയോട് ആലോചിക്കാതെ ആയിരുന്നു തീരുമാനമെടുത്തത്. അനുമതി നല്കിയതില് മന്ത്രി എം ലിജുവിന് അതൃപ്തിയുണ്ട്.
ഹോര്ട്ടി വൈന്റെ വില്പന മാധ്യമങ്ങളിലൂടെയാണ് ശ്രദ്ധയില് പെട്ടതെന്ന് എക്സൈസ് മന്ത്രി എം ലിജു പറഞ്ഞു. സംഭവം അറിഞ്ഞയുടന് എക്സൈസ് കമ്മീഷണറോട് റിപ്പോര്ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് അബ്കാരി നിയമത്തില് ഭേദഗതി ചെയ്ത് ഹോര്ട്ടി വൈന്സ് കേരളത്തില് വില്ക്കാന് ഉള്പ്പെടെയുള്ള ചട്ടങ്ങള് രൂപീകരിച്ചിരുന്നു. ആ ചട്ടങ്ങളുടെ അടിസ്ഥാനത്തില് മുമ്പ് നല്കിയ അപേക്ഷയിലാണ് സര്ക്കാര് അധികാരത്തില് വന്ന ശേഷം എക്സൈസ് കമ്മീഷണറുടെ ഉത്തരവ് വന്നത്. ഇതില് സര്ക്കാരിന് കുറച്ച് കാര്യങ്ങളില് വ്യക്തത വരാനുണ്ട്. 15 ശതമാനം ആല്ക്കഹോളുള്ള വൈന്സ് ബേക്കറികളിലും സാധാരണ കടകളിലും എത്തിക്കുന്നതില് സര്ക്കാരിന് ആശങ്കയുണ്ട്. വിശദമായ റിപ്പോര്ട്ട് എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് മാത്രമെ സര്ക്കാര് തീരുമാനമെടുക്കൂ എന്നും മന്ത്രി എം ലിജു വ്യക്തമാക്കി.
Content Highlights: Minister M Liju has sought a report from the Excise Commissioner following reports of high-strength horti wine sales through bakeries.