കൊമ്പന്മാര്‍ ഇന്ന് ഗുവാഹത്തിയില്‍; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം രാത്രി 7.30 മുതല്‍

കൊമ്പന്മാര്‍ ഇന്ന് ഗുവാഹത്തിയില്‍; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്
dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ രാത്രി 7:30-നാണ് കിക്ക് ഓഫ്. സീസണ്‍ ഓപ്പണറില്‍ ഇന്റര്‍ കാശിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധികാരിക ജയം നേടിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പോരാട്ടത്തിനെത്തുന്നത്. ക്യാപ്റ്റന്‍ വിബിന്‍ മോഹനനും അരങ്ങേറ്റ താരം ആന്ദ്രെ ഗ്രീനും ലക്ഷ്യം കണ്ട മത്സരത്തില്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ബ്ലാസ്റ്റേഴ്‌സിനായി. ആന്ദ്രെ ഗ്രീന്‍, ജെയിംസ് ബോള്‍ട്ടണ്‍, നെബോജ്ഷ കൊസോവിച്ച്, മുഹമ്മദ് സനാന്‍, മോമോ യാന്‍സാനെ, പോള്‍ റാംഫാങ്‌സൗവ, സുമിത് ശര്‍മ്മ എന്നിവരുടെ അരങ്ങേറ്റത്തിനും ആദ്യ മത്സരം സാക്ഷ്യം വഹിച്ചിരുന്നു. കൊല്‍ക്കത്തയിലെ മൂന്ന് ദിവസത്തെ തീവ്ര പരിശീലനത്തിന് ശേഷമാണ് ടീം ഗുവാഹത്തിയിലെത്തിയത്.

മറുവശത്ത് കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെ 1-0 ന് തോല്‍പ്പിച്ചതിന്റെ കരുത്തിലാണ് ജുവാന്‍ പെഡ്രോ ബെനാലിയുടെ കീഴിലിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്. ജിതിന്‍ എംഎസ്, അലാദ്ദീന്‍ അജറൈ എന്നിവരുടെ മുന്നേറ്റങ്ങളും പ്രതിരോധത്തില്‍ അഷീര്‍ അക്തറും ഗോള്‍വലയ്ക്ക് മുന്നില്‍ ഗുര്‍മീത് സിംഗും അടങ്ങുന്നതാണ് അവരുടെ കരുത്ത്.

'അവര്‍ ഹോം ടീം ആയതുകൊണ്ടുതന്നെ സ്വന്തം തട്ടകത്തില്‍ ആക്രമിച്ച് കളിക്കാനാവും ശ്രമിക്കുക. കഴിഞ്ഞ കളിയില്‍ മികച്ച വിജയം നേടിയതിനാല്‍ അവര്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും, കളത്തില്‍ പൂര്‍ണ്ണ അച്ചടക്കത്തോടെയും ഒത്തിണക്കത്തോടെയും പൊരുതി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാവും ഞങ്ങളുടെ ദൗത്യം' - ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഹെഡ് കോച്ച് ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞു. ആദ്യ കളിയില്‍ നമ്മള്‍ ജയിച്ചെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ മെച്ചപ്പെടാനുണ്ട്. ക്ലീന്‍ ഷീറ്റ് സ്വന്തമാക്കാനും ഗോളുകള്‍ നേടാനും സാധിച്ചതും താരങ്ങള്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെ 90 മിനിറ്റും കളത്തിലിറങ്ങിയതും തീര്‍ച്ചയായും വലിയ പോസിറ്റീവുകളാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ 25 തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഒന്‍പത് വിജയങ്ങളുമായി മുന്‍തൂക്കം കേരള ബ്ലാസ്റ്റേഴ്സിനാണ്. ആറ് മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചപ്പോള്‍, പത്ത് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. കൊച്ചിയില്‍ കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1-1 എന്ന നിലയില്‍ സമനിലയിലാണ് മത്സരം അവസാനിച്ചത്.

content highlights: Kerala Blasters Aiming for Victory Streak as They Face NorthEast United in Guwahati Today

dot image
To advertise here,contact us
dot image