സംശയങ്ങൾ മാറി: സൗദി പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി നഴ്സിനെ വിട്ടയച്ചു

വിശദമായ അന്വേഷണത്തിൽ ഇവർക്കെതിരായ സംശയങ്ങൾ ദുരീകരിക്കപ്പെടുകയും നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് വിട്ടയച്ചത്

സംശയങ്ങൾ മാറി: സൗദി പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി നഴ്സിനെ വിട്ടയച്ചു
dot image

നിയന്ത്രണമുള്ള മരുന്ന് കെെവശമുണ്ടെന്ന സംശയത്തെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിയായ നഴ്സ് ഫിലോമിന (32) മോചിതയായി. വിശദമായ അന്വേഷണത്തിൽ ഇവർക്കെതിരായ സംശയങ്ങൾ മാറുകയും നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് വിട്ടയച്ചത്.

വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീല​ഗിരി ജില്ലയുടെ അതിർത്തിയിലുള്ള അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവിയുടെയും ശെൽവിയുടെയും മകളായ ഫിലോമിന മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. അവധികഴിഞ്ഞ് ഈ മാസം പത്തിന് ബം​ഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ ജിദ്ദ വഴി റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജിദ്ദയിൽ വിമാനമിറങ്ങിയശേഷം പിതാവ് രവിക്കും ഭർത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തിൽ വിമാനത്താവളത്തിലെ ഉദ്യോ​ഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ല​ഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെട്ടെന്നും ഫിലോമിന അറിയിച്ചിരുന്നു, ഇതിന് പിന്നാലെ ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം ആശങ്കയിലായി. തുടർന്ന് ഫിലോമിനയെക്കുറിച്ച് അന്വേഷിക്കുകയും പരാതി നൽകുകയും ചെയ്തു.

റിയാദിലെ കിങ് ഫഹദ് ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലി സ്ഥലത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ കുടുംബം നിയമസഹായം തേടുകയുമായിരുന്നു. റിയാദിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിൽ നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചത്. സൗദിയിൽ നിയന്ത്രണമുള്ള മരുന്ന് കെെവശമുണ്ടെന്ന സംശയത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത ഫിലോമിനയെ തുടർനടപടികൾക്കായി ഡ്ര​ഗ്സ് കൺട്രോൾ വിഭാ​ഗത്തിന് കൈമാറുകയും വിശ​ദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ഒടുവിൽ ഇവർക്കെതിരായ സംശയങ്ങൾ നീങ്ങിയതോടെയുമാണ് വിട്ടയച്ചത്.

Content Highlights: Malayali nurse Philomina from Wayanad has been released in Saudi Arabia after an investigation into controlled objects found in her luggage at Jeddah airport.

dot image
To advertise here,contact us
dot image