

യുഎഇയിൽ വീട്ടുജോലിക്കാർ മുന്നറിയിപ്പില്ലാതെ ജോലിയിൽ നിന്ന് മാറിനിൽക്കുകയോ അപ്രത്യക്ഷരാവുകയോ ചെയ്താൽ, അഞ്ച് ദിവസത്തിനകം അക്കാര്യം അധികൃതരെ അറിയിക്കണമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകി. തൊഴിലാളി എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തൊഴിലുടമകൾ മന്ത്രാലയത്തെ വിവരം അറിയിക്കേണ്ടത്.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ തൊഴിലുടമകൾക്ക് വളരെ എളുപ്പത്തിൽ ഇത് സംബന്ധിച്ച പരാതി നൽകാവുന്നതാണ്. ഇതിനായി വെബ്സൈറ്റിലോ ആപ്പിലോ ഉള്ള 'ഡൊമസ്റ്റിക് വർക്കർ സർവീസസ്' വിഭാഗത്തിൽ പ്രവേശിച്ച് 'അബ്സൻസ് ഫ്രം വർക്ക്' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
തുടർന്നുണ്ടാകുന്ന നിയമപരമായ സങ്കീർണ്ണതകളും മറ്റ് നടപടികളും ഒഴിവാക്കുന്നതിനായി നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ തന്നെ പരാതി നൽകാൻ തൊഴിലുടമകൾ ശ്രദ്ധിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രത്യേകം അഭ്യർത്ഥിച്ചു.
Content Highlights: UAE employers must report domestic workers who leave work without a valid reason within five days, according to the Ministry of Human Resources and Emiratisation.