ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി മെട്രോയിലേക്ക് നേരിട്ട് നടക്കാം; പുതിയ നടപ്പാലം തുറന്നു

നടക്കാൻ താൽപര്യമില്ലാത്ത യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ സ്റ്റേഷനും മെട്രോ സ്റ്റേഷനും ഇടയിൽ സർവീസ് നടത്തുന്ന ആർടിഎയുടെ സൗജന്യ ഷട്ടിൽ ബസ്സും ഉപയോഗിക്കാം

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഇനി മെട്രോയിലേക്ക് നേരിട്ട് നടക്കാം; പുതിയ നടപ്പാലം തുറന്നു
dot image

ഇത്തിഹാദ് റെയിലിന്റെ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനിലേക്ക് ഇനി നേരിട്ട് നടന്നെത്താം. ഇരു സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന പുതിയ നടപ്പാലം ഇന്നുമുതൽ(ഒക്ടോബർ 15) യാത്രക്കാർക്കായി ഏറെക്കുറെ തുറന്നുകൊടുത്തു.‌

ഏകദേശം 400 മീറ്റർ നീളമുള്ള നടപ്പാതയിലൂടെ അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്റ്റേഷനിൽനിന്ന് മറ്റൊന്നിലേക്ക് എത്താൻ സാധിക്കും. ഇതോടെ ടാക്സിയെയോ മറ്റു റോഡ് യാത്രാമാർഗങ്ങളെയോ ആശ്രയിക്കേണ്ടതില്ല.

യാത്രക്കാർക്ക് സൗകര്യപ്രദമായി സഞ്ചരിക്കാൻ അടച്ചിട്ട നടപ്പാതയിൽ ട്രാവലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്കും ഇത് ഏറെ സഹായകരമാകും. ഉയരത്തിലുള്ള പാലത്തിലേക്ക് എത്താൻ എസ്കലേറ്ററുകളും സ്റ്റെപ്പുകളും ലഭ്യമാണ്. നടക്കാൻ താൽപര്യമില്ലാത്ത യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ സ്റ്റേഷനും മെട്രോ സ്റ്റേഷനും ഇടയിൽ സർവീസ് നടത്തുന്ന ആർടിഎയുടെ സൗജന്യ ഷട്ടിൽ ബസ്സും ഉപയോഗിക്കാം. നിലവിൽ സൗജന്യമായാണ് ഷട്ടിൽ ബസ് സർവീസ് ലഭിക്കുന്നത്. രണ്ട് മിനിറ്റിൽ താഴെ സമയംകൊണ്ട് യാത്ര പൂർത്തിയാക്കാനുമാകും. ഇതോടെ യാത്രക്കാർക്ക് നടപ്പാതയിലൂടെയോ ഷട്ടിൽ ബസിലൂടെയോ ഇരു സ്റ്റേഷനുകൾക്കുമിടയിൽ സഞ്ചരിക്കാൻ സാധിക്കും.

മെട്രോയുടെ റെഡ് ലൈനിലാണ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇത്തിഹാദ് റെയിലിൽ ദുബായിലെത്തുന്നവർക്ക് ഇനി ദുബായ് മറീന, ബിസിനസ് ബേ, ഡൗൺടൗൺ ദുബായ് തുടങ്ങിയ മേഖലകളിലേക്ക് മെട്രോ വഴി യാത്ര തുടരാം. ഇതിനായി സ്വകാര്യ വാഹനമോ ടാക്സിയോ ഉപയോഗിക്കേണ്ടതില്ല. ദുബായിലെ മറ്റു ഭാഗങ്ങളിൽനിന്ന് മെട്രോയിൽ എത്തുന്നവർക്കും അൽ യലായിസ് സ്റ്റേഷനിലേക്ക് നേരിട്ട് നടന്നെത്തി മറ്റ് എമിറേറ്റുകളിലേക്കുള്ള ട്രെയിനിൽ കയറാം. ടാക്സികളെയും സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കുന്നത് കുറച്ച് മെട്രോയും ട്രെയിനും സംയോജിപ്പിച്ചുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കും. ദുബായ്–അബുദാബി ട്രെയിൻ യാത്ര സെപ്റ്റംബർ 30നാണ് ഇത്തിഹാദ് റെയിൽ ദുബായ്–അബുദാബി യാത്രാ സർവീസുകൾ ആരംഭിച്ചത്. ദുബായിലെ അൽ യലായിസ് സ്റ്റേഷനെയും അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന യാത്രയ്ക്ക് ഏകദേശം ഒരു മണിക്കൂറാണ് വേണ്ടത്. കംഫർട്ട് ക്ലാസ് ടിക്കറ്റുകൾക്ക് 39 ദിർഹം മുതലും പ്രീമിയം ക്ലാസ് ടിക്കറ്റുകൾക്ക് 109 ദിർഹം മുതലുമാണ് നിരക്ക്. യാത്രക്കാർക്ക് ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

Content Highlights: Dubai has opened a 400-metre pedestrian bridge connecting Etihad Rail’s Al Yalayis station to Jumeirah Golf Estates Metro Station, making transfers between train and Metro services easier.

dot image
To advertise here,contact us
dot image