

മാറിക്കൊണ്ടിരിക്കുന്ന പുതിയ ആഗോളക്രമത്തിന് അനുസൃതമായി ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ അടിയന്തരമായി ഘടനാപരമായ പരിഷ്കാരങ്ങൾ വരുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഇതിന് മാതൃകയാണ്. ചെറിയ രാജ്യങ്ങൾക്കിടയിൽ ശക്തമായ സഹകരണം ഈ പ്രക്രിയയെ പിന്തുണയ്ക്കും. ഇന്നലെ അബുദാബിയിൽ നടന്ന റെയ്സിന ഡയലോഗിന്റെ മിഡിൽ ഈസ്റ്റ് പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദി വേൾഡ് എഹെഡ്: പവർ, പർപ്പസ് ആൻഡ് പോസിബിലിറ്റി എന്ന വിഷയത്തിൽ യുഎഇ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം സംവദിച്ചു. ആഗോളക്രമത്തിലെ മാറ്റങ്ങൾ ദീർഘകാല പ്രവണതകളുടെയും അടിയന്തര സംഭവവികാസങ്ങളുടെയും ഫലമാണെന്ന് ജയശങ്കർ പറഞ്ഞു. ഓരോ രാജ്യവും സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ പങ്കാളിത്തങ്ങളും ബദൽ മാർഗങ്ങളും തേടുകയാണ്.
പരമ്പരാഗതമായ ചിന്താഗതികൾക്കപ്പുറം മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് കൂടുതൽ വ്യക്തമായ തന്ത്രപരമായ കാഴ്ചപ്പാട് രാജ്യങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹുരാഷ്ട്ര സംവിധാനങ്ങളിലെ പരിഷ്കാരം അടിയന്തരമാണ്. രാജ്യങ്ങളുടെ ചെറിയ കൂട്ടങ്ങൾ തമ്മിലുള്ള കൂടുതൽ ശക്തമായ സഹകരണത്തിലൂടെ ഇതിന് പിന്തുണ നൽകാനാകും എന്നും അദ്ദേഹം പ്രതികരിച്ചു. പ്രത്യേക വിഷയങ്ങളിൽ പരിമിതമായ രാജ്യങ്ങൾ ചേർന്ന് സഹകരിക്കുന്ന രീതിയാണ് മിനിലാറ്ററലിസം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള പങ്കാളിത്തം മാറുന്ന ആഗോള സാഹചര്യങ്ങളോട് ഇരു രാജ്യങ്ങളും പ്രതികരിച്ചതിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദുമായി അദ്ദേഹം ഉപയകക്ഷി കൂടിക്കാഴ്ചയും നടത്തി. ചർച്ചയെ ഊഷ്മളവും ഫലപ്രദവുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സമഗ്ര തന്ത്രപ്രധാനമ പങ്കാളിത്തത്തിന്റെ ഭാഗമായി ഉപയകക്ഷി, ആഗോള വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു. ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ജയശങ്കർ യുഎഇയിലെത്തിയത്. ഇന്ത്യയുടെ പ്രധാന ഗൾഫ് പങ്കാളികളിലൊന്നാണ് യുഎഇ. ഇന്ത്യക്കാർക്ക് വലിയ പ്രവാസ സാന്നിധ്യമുള്ള രാജ്യമാണ് യുഎഇ.
യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 35 ശതമാനം ഇന്ത്യക്കാരാണെന്നാണ് അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ കണക്ക്. 2024 ലെ കണക്കനുസരിച്ച് യുഎഇയിൽ ഏകദേശം 43 ലക്ഷം ഇന്ത്യൻ പൗരന്മാരുണ്ട്. ഇന്ത്യൻ പ്രവാസികളിൽ 15 ശതമാനത്തോളം അബുദാബി എമിറേറ്റിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവർ ദുബായ് ഉൾപ്പെടെയുള്ള മറ്റ് ആറ് എമിറേറ്റുകളിലായി കഴിയുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ.
Content Highlights: India’s External Affairs Minister S. Jaishankar has called for urgent reform of multilateral institutions, citing the India-UAE partnership as an example of cooperation amid changing global dynamics.