വ്യാജ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ്: എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

ചില രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുകൾ യുഎഇ ലൈസൻസുകളാക്കി എളുപ്പത്തിൽ മാറ്റിയെടുക്കാമെന്ന അന്താരാഷ്ട്ര കരാറുകൾ മുതലെടുത്തായിരുന്നു തട്ടിപ്പ്

വ്യാജ ഡ്രൈവിങ് ലൈസൻസ് തട്ടിപ്പ്: എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
dot image

വ്യാജ വിദേശ ലൈസൻസുകൾ ഉപയോഗിച്ച് യുഎഇ ഡ്രൈവിംഗ് ലൈസൻസ് നേടിയെടുക്കാൻ തട്ടിപ്പ് നടത്തിയ എട്ടംഗ ക്രിമിനൽ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിങ് പരിശീലനത്തിൽ പങ്കെടുക്കുകയോ പരീക്ഷകൾ പാസാവുകയോ ബന്ധപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയോ ചെയ്യാത്ത ആളുകൾക്ക് വേണ്ടിയാണ് സംഘം വ്യാജ ലൈസൻസുകൾ സംഘടിപ്പിച്ചു നൽകിയിരുന്നത്.

ചില രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുകൾ യുഎഇ ലൈസൻസുകളാക്കി എളുപ്പത്തിൽ മാറ്റിയെടുക്കാമെന്ന അന്താരാഷ്ട്ര കരാറുകൾ മുതലെടുത്തായിരുന്നു തട്ടിപ്പ്. ഒരു ലൈസൻസിന് 10,000 ദിർഹം വീതമാണ് സംഘം ഈടാക്കിയിരുന്നത്. സർവീസിങ് ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘം, അയൽരാജ്യങ്ങളിലേക്ക് പോകുകപോലും ചെയ്യാതെ ലൈസൻസ് നേടിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളെ ആകർഷിച്ചിരുന്നത്. ദുബായ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, യുഎഇ വിദേശകാര്യ മന്ത്രാലയം, ആർടിഎ (RTA) എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്.

ഇത്തരം അനധികൃത വഴികളിലൂടെ നേടുന്ന ലൈസൻസുകൾ ഉപയോഗിച്ച് റോഡിലിറങ്ങുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവിംഗ് പരിശീലനങ്ങളും പരീക്ഷകളും ഒഴിവാക്കി ലൈസൻസ് സ്വന്തമാക്കുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, ഡ്രൈവർമാരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് തന്നെ ഭീഷണിയാണ്. വ്യാജ രേഖകൾ ഉപയോഗിച്ച് യുഎഇ ലൈസൻസ് നേടിയെടുക്കാൻ ശ്രമിക്കുന്നവർ കടുത്ത ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെടരുതെന്നും അധികൃതർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

Content Highlights: Dubai Police have arrested eight suspects accused of arranging fraudulent foreign driving licences for Dh10,000 each, bypassing mandatory driving lessons and tests.

dot image
To advertise here,contact us
dot image