സൗദി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒക്ടോബർ 20 വരെ വിമാനസർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ

വിമാനയാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ് നില പരിശോധിക്കണമെന്നും യാത്രയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഇരു വിമാനക്കമ്പനികളും യാത്രക്കാരോട് നിർദേശിച്ചു

സൗദി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒക്ടോബർ 20 വരെ വിമാനസർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ
dot image

മേഖലയിൽ തുടരുന്ന സുരക്ഷാ ആശങ്കകളും വ്യോമഗതാഗതത്തിലെ തടസ്സങ്ങളും കണക്കിലെടുത്ത് സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ നിയന്ത്രണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 20 വരെ നീട്ടി. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷിതമായി സർവീസുകൾ പുനരാരംഭിക്കാനാകുമോ എന്ന് വിലയിരുത്തുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു. സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും. അതേസമയം എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സൗജന്യമായി യാത്രാ തീയതി മാറ്റുന്നതിനോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരിച്ചുവാങ്ങുന്നതിനോ സൗകര്യമൊരുക്കിയിട്ടുമുണ്ട്.

വിമാനയാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ് നില പരിശോധിക്കണമെന്നും യാത്രയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഇരു വിമാനക്കമ്പനികളും യാത്രക്കാരോട് നിർദേശിച്ചു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് വ്യോമഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 8 മുതൽ 15 വരെയുള്ള എട്ട് ദിവസത്തിനിടെ സൗദിയിൽനിന്ന് പുറപ്പെടേണ്ട 4000ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കുകയോ പ്രവർത്തനം നിർത്തിവയ്ക്കുകയോ ചെയ്തു. വ്യോമയാന വിശകലന സ്ഥാപനമായ സിറിയത്തിന്റെ കണക്കുകൾ പ്രകാരം ഈ കാലയളവിൽ നിശ്ചയിച്ചിരുന്ന 8883 സർവീസുകളിൽ ഏകദേശം 46 ശതമാനവും നടന്നില്ല. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് തടസ്സങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത്. ഒക്ടോബർ 15ന് നിശ്ചയിച്ചിരുന്ന 366 ഷെഡ്യൂൾ ചെയ്ത സർവീസുകളിൽ 298 എണ്ണവും തടസ്സപ്പെട്ടു. ഇത് ആകെ സർവീസുകളുടെ 81 ശതമാനത്തിലധികമാണ്. അതേ ദിവസം ദമാമിൽ നിശ്ചയിച്ചിരുന്ന 131 സർവീസുകളിൽ 60 എണ്ണവും ജിദ്ദയിൽ 385 സർവീസുകളിൽ 87 എണ്ണവും തടസ്സപ്പെട്ടു.

ഒക്ടോബർ 13ന് റിയാദിലെ ഇന്ത്യൻ എംബസി നൽകിയ അറിയിപ്പിൽ എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും റിയാദ്, ദമാം, ജിദ്ദ സർവീസുകൾ ഒക്ടോബർ 17 വരെ നിർത്തിവച്ചതായി വ്യക്തമാക്കിയിരുന്നു. പുതിയ അറിയിപ്പോടെ നിയന്ത്രണം ഒക്ടോബർ 20 വരെ നീട്ടിയിരിക്കുകയാണ്. ആകാശ എയർ, ഇൻഡിഗോ തുടങ്ങിയ മറ്റ് ഇന്ത്യൻ വിമാനക്കമ്പനികളും സൗദിയിലേക്കുള്ള ചില സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടുകയും യാത്രയ്ക്ക് മുമ്പ് സർവീസ് സമയവും നിലവിലെ സ്ഥിതിയും സ്ഥിരീകരിക്കുകയും വേണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കുക. പ്രവർത്തനപരമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ airindiaexpress.com സന്ദർശിച്ച് തങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കണം എന്നിങ്ങനെ യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിമാനക്കമ്പനി അധികൃതർ പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തിയശേഷം മാത്രമേ സാധാരണ സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂവെന്ന് ഇരു വിമാനക്കമ്പനികളും അറിയിച്ചു.

Content Highlights: Air India and Air India Express have extended flight suspensions to Riyadh, Jeddah and Dammam until October 20, 2026, amid regional security concerns. Affected passengers should check refund and rescheduling options with their airlines.

dot image
To advertise here,contact us
dot image