രണ്ടാഴ്ചത്തെ ഇടിവിന് ശേഷം യുഎഇ സ്വർണ്ണവിലയിൽ മുന്നേറ്റം; വിപണിയിൽ മികച്ച പ്രതികരണമെന്ന് വ്യാപാരികൾ

കഴിഞ്ഞ രണ്ട് ആഴ്ചകൾക്കിടെ യുഎഇയിൽ സ്വർണ്ണവില ഗ്രാമിന് 28.50 ദിർഹത്തോളം കുറഞ്ഞിരുന്നു

രണ്ടാഴ്ചത്തെ ഇടിവിന് ശേഷം യുഎഇ സ്വർണ്ണവിലയിൽ മുന്നേറ്റം; വിപണിയിൽ മികച്ച പ്രതികരണമെന്ന് വ്യാപാരികൾ
dot image

തുടർച്ചയായ രണ്ടാഴ്ചത്തെ കടുത്ത വിലയിടിവിന് ശേഷം യുഎഇ വിപണിയിൽ സ്വർണ്ണവില ഉയരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് ആവശ്യക്കാർ ഏറിയത് വരും ദിവസങ്ങളിലും വില കൂടുതൽ ഉയർന്നേക്കുമെന്ന സൂചനകളുമാണ് പ്രാദേശിക വിപണിയിലും ചലനമുണ്ടാക്കിയത്. വിപണിയിൽ വാങ്ങലുകൾ ശക്തമായതോടെ വ്യത്യസ്ത കാരറ്റുകളിലുള്ള സ്വർണ്ണത്തിന് ഗ്രാമിന് 3.75 ദിർഹം മുതൽ 6.50 ദിർഹം വരെ വർദ്ധനവ് രേഖപ്പെടുത്തി.

ദുബായിലും ഷാർജയിലും നിലവിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 6.50 ദിർഹം ഉയർന്ന് 505.50 ദിർഹമായി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് ആറ് ദിർഹം വർദ്ധിച്ച് 468 ദിർഹത്തിലും 21 കാരറ്റ് സ്വർണ്ണത്തിന് 5.75 ദിർഹം വർദ്ധിച്ച് 448.75 ദിർഹത്തിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് അഞ്ച് ദിർഹം ഉയർന്ന് 384.75 ദിർഹത്തിലും 14 കാരറ്റ് സ്വർണ്ണത്തിന് 3.75 ദിർഹം വർദ്ധിച്ച് 300 ദിർഹത്തിലുമെത്തി.

കഴിഞ്ഞ രണ്ട് ആഴ്ചകൾക്കിടെ യുഎഇയിൽ സ്വർണ്ണവില ഗ്രാമിന് മൊത്തത്തിൽ 28.50 ദിർഹത്തോളം കുറഞ്ഞിരുന്നു. ഈ വലിയ ഇടിവിന് ശേഷമുള്ള സ്വാഭാവികമായ തിരിച്ചുവരവാണിതെങ്കിലും നിലവിലുണ്ടായിരുന്ന കുറഞ്ഞ നിരക്ക് ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ഒരുപോലെ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കേവലം ആഭരണങ്ങൾ എന്നതിലുപരി മികച്ചൊരു സുരക്ഷിത നിക്ഷേപമാർഗ്ഗമായി ആളുകൾ സ്വർണ്ണത്തെ കാണാൻ തുടങ്ങിയതോടെ ജ്വല്ലറികളിൽ വലിയ തോതിലുള്ള വ്യാപാരമാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Content Highlights: Gold prices in the UAE have risen after a two-week decline, with traders reporting a positive response in the market amid renewed interest from buyers.

dot image
To advertise here,contact us
dot image