ദുബായിൽ ഡ്രൈവറില്ലാ ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനം പരീക്ഷിക്കുന്നു; പുതിയ പദ്ധതിയുമായി ആർടിഎ

പോഡിനുള്ളിലെ എയർ കണ്ടീഷനിങ് ക്രമീകരണങ്ങളും വിനോദ സംവിധാനങ്ങളും യാത്രക്കാർക്ക് സ്വന്തം ഇഷ്ടാനുസരണം ക്രമീകരിക്കാനാകും

ദുബായിൽ ഡ്രൈവറില്ലാ ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനം പരീക്ഷിക്കുന്നു; പുതിയ പദ്ധതിയുമായി ആർടിഎ
dot image

ഗതാഗതരംഗത്ത് പുതിയ സാങ്കേതികവിദ്യയുമായി ദുബായ്. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്നതും ഒരേസമയം ആറ് പേർക്ക് വരെ യാത്ര ചെയ്യാവുന്നതുമായ ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ സംവിധാനം സാധാരണ റോഡ് ഗതാഗതത്തിൽനിന്ന് വേർതിരിച്ച പ്രത്യേക പാതകളിലൂടെയാണ് പ്രവർത്തിക്കുക.

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒക്ടോബർ 11 ഞായറാഴ്ച ബ്ലൂവാട്ടേഴ്‌സിലാണ് ‘ദുബായ് ഗ്ലൈഡ്‌വേയ്‌സ്’ ഓട്ടോമേറ്റഡ് ട്രാൻസിറ്റ് സംവിധാനത്തിന്റെ നാലാഴ്ച നീളുന്ന പരീക്ഷണം ആരംഭിച്ചത്. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നിശ്ചിത സമയക്രമമില്ലാതെ ആവശ്യാനുസരണം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനാകും. ആർടിഎ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ പ്രത്യേക പാതയിലൂടെ അഞ്ച് മിനിറ്റ് പോഡിൽ യാത്ര ചെയ്താണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

ചെറിയ ഇലക്ട്രിക് വാഹനങ്ങളായ പോഡുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇടുങ്ങിയ പാതകളാണ് ഗ്ലൈഡ്‌വേയ്‌സ് സംവിധാനത്തിന്റെ പ്രത്യേകത. ഈ പാതകൾ ഭൂനിരപ്പിലോ ഉയർത്തിയ നിലയിലോ നിർമിക്കാനാകും. ഓരോ പോഡിലും നാല് മുതൽ ആറ് വരെ യാത്രക്കാർക്ക് സഞ്ചരിക്കാം. ഒറ്റത്തവണ ബാറ്ററി ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാനും സാധിക്കും. പരമ്പരാഗത പൊതുഗതാഗത സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമായി ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കുകയും മുഴുവൻ സമയവും പ്രവർത്തിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. പോഡിനുള്ളിലെ എയർ കണ്ടീഷനിങ് ക്രമീകരണങ്ങളും വിനോദ സംവിധാനങ്ങളും യാത്രക്കാർക്ക് സ്വന്തം ഇഷ്ടാനുസരണം ക്രമീകരിക്കാനാകും. ഡ്രെെവറില്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസറുകൾ, റഡാർ, ഹൈ ഡെഫനിഷൻ ക്യാമറകൾ എന്നിവ ഉപയോഗിക്കുന്നു. ഓരോ പോഡിലും 20 ഹൈ റെസല്യൂഷൻ ലിഡാർ (LiDAR) സെൻസറുകളുണ്ട്. വാഹനത്തിന് ചുറ്റുമുള്ള സാഹചര്യം നിരന്തരം നിരീക്ഷിക്കാനും സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാനും ഈ സംവിധാനങ്ങൾ സഹായിക്കും. പത്തിലധികം വാഹനങ്ങളെ വെർച്വൽ സംവിധാനത്തിലൂടെ ബന്ധിപ്പിച്ച് ഒരു സെക്കൻഡിൽ താഴെ ഇടവേളയിൽ പരസ്പരം സഞ്ചരിപ്പിക്കാനും കഴിയും. ഇതിലൂടെ കൂടുതൽ യാത്രക്കാരെ കാര്യക്ഷമമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇരുദിശകളിലുമായി മണിക്കൂറിൽ 20,000ത്തിലധികം യാത്രക്കാരെ കൊണ്ടുപോകാൻ സംവിധാനത്തിന് ശേഷിയുണ്ടെന്നാണ് ആർടിഎയുടെ വിലയിരുത്തൽ.

നിലവിലുള്ള സമാന ഗതാഗത സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിർമാണത്തിനുള്ള മൂലധനച്ചെലവിൽ 90 ശതമാനം വരെയും പ്രവർത്തനച്ചെലവിൽ 70 ശതമാനം വരെയും കുറവുണ്ടാക്കാൻ കഴിയുമെന്നും ആർടിഎ വ്യക്തമാക്കുന്നു. ബ്ലൂവാട്ടേഴ്‌സിൽ നടക്കുന്ന പരീക്ഷണത്തിലൂടെ വാഹനങ്ങളുടെ സുരക്ഷ, വിശ്വാസ്യത, പ്രവർത്തനക്ഷമത, യാത്രക്കാരുടെ അനുഭവം എന്നിവ വിലയിരുത്തും. ഡ്രൈവറില്ലാ സഞ്ചാര സംവിധാനം, സെൻസറുകളുടെ പ്രവർത്തനം, ആശയവിനിമയ സംവിധാനങ്ങൾ, വാഹന നിയന്ത്രണം എന്നിവ പരീക്ഷണത്തിന്റെ ഭാഗമായി പരിശോധിക്കും. യാത്രാസമയം, ഉപയോഗിക്കാനുള്ള എളുപ്പം, പ്രത്യേക പാതകളിലൂടെയുള്ള വാഹനങ്ങളുടെ കാര്യക്ഷമമായ സഞ്ചാരം എന്നിവയും വിലയിരുത്തും. പരീക്ഷണത്തിൽനിന്ന് ലഭിക്കുന്ന ഫലങ്ങളുടെ അടിസ്ഥാനത്തിൽ സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത ആർടിഎ പരിശോധിക്കും. ഗതാഗത മേഖലയിലെ നൂതന സാങ്കേതികവിദ്യകളെ പ്രായോഗിക സംവിധാനങ്ങളാക്കി മാറ്റുന്നതിനും ദുബായിലെ നഗരസാഹചര്യങ്ങളിൽ അവ പരീക്ഷിച്ച് വിലയിരുത്തുന്നതിനും ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന് മത്താർ അൽ തായർ പറഞ്ഞു. പരീക്ഷണയോട്ടത്തിന് മുമ്പ് ഗ്ലൈഡ്‌വേയ്‌സ് സ്ഥാപകനും സഹ സിഇഒയുമായ മാർക്ക് സീഗർ, സഹ സിഇഒയും ചീഫ് ടെക്‌നോളജി ഓഫീസറുമായ ബ്ലേക്ക് ബാർബർ എന്നിവരോടൊപ്പം അദ്ദേഹം പദ്ധതിയുടെ അവതരണത്തിലും പങ്കെടുത്തു. വാഹനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന കൺട്രോൾ സെന്ററും അദ്ദേഹം സന്ദർശിച്ചു.

ദുബായിലെ ആദ്യത്തെ ഇത്തരത്തിലുള്ള ഓട്ടോമേറ്റഡ് ട്രാൻസിറ്റ് ശൃംഖല വികസിപ്പിക്കുന്നതിനായി ആർടിഎയും ഗ്ലൈഡ്‌വേയ്‌സും തമ്മിലുണ്ടാക്കിയ സഹകരണ കരാറിന്റെ ഭാഗമായാണ് പരീക്ഷണം നടക്കുന്നത്. ബ്ലൂവാട്ടേഴ്‌സിലെ പരീക്ഷണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തനസജ്ജീകരണങ്ങളും ഒരുക്കുന്നതിൽ ദുബായ് ഹോൾഡിങ്ങും പങ്കാളിയാകുന്നു. പദ്ധതി വിജയകരമായാൽ ദുബായിലെ ഭാവി ഗതാഗത സംവിധാനങ്ങളിൽ ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾക്ക് നിർണായക സ്ഥാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.

Content Highlights: Dubai’s Roads and Transport Authority has launched a four week trial of a driverless electric pod transport system designed to carry passengers on dedicated routes.

dot image
To advertise here,contact us
dot image