

വാഹനങ്ങളിലെ അത്യാധുനിക ഡിസൈനുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ ചൈനീസ് മന്ത്രാലയം പുതിയ സുരക്ഷാ നിയമങ്ങൾ നിർദ്ദേശിച്ചു. കാറുകളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന പൂർണ്ണമായും മറഞ്ഞിരിക്കുന്ന തരം ഡോർ ഹാൻഡിലുകൾ നിരോധിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അപകടസമയങ്ങളിൽ യാത്രക്കാർക്ക് വേഗത്തിൽ പുറത്തുകടക്കാനും രക്ഷാപ്രവർത്തനം സുഗമമാക്കാനും ഇത്തരം ഡിസൈനുകൾ തടസ്സമാകുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നടപടി.
ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ എല്ലാ കാർ വാതിലുകളും കൈകൊണ്ട് തുറക്കാൻ സാധിക്കുന്ന മെക്കാനിക്കൽ എമർജൻസി റിലീസ് സംവിധാനം നിർബന്ധമാക്കണമെന്ന് കരട് നിയമത്തിൽ പറയുന്നു. നിലവിൽ പല പ്രമുഖ ഇലക്ട്രിക് വാഹനങ്ങളിലും ഇത്തരം ഒളിഞ്ഞിരിക്കുന്ന ഹാൻഡിലുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പവർ നഷ്ടപ്പെടുകയോ വാഹനം കത്തുകയോ ചെയ്യുന്ന അടിയന്തര ഘട്ടങ്ങളിൽ ഇവ ലോക്കാകുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
ഡോർ ഹാൻഡിലുകൾക്ക് പുറമെ കാറുകളിലെ ഡിജിറ്റൽ ഡാഷ്‌ബോർഡുകൾക്കും നിയന്ത്രണങ്ങൾ വരുന്നുണ്ട്. വാഹനത്തിലെ പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകൾ നിയന്ത്രിക്കാൻ പൂർണ്ണമായും ടച്ച് സ്ക്രീനുകളെ ആശ്രയിക്കുന്നതിന് പകരം ഫിസിക്കൽ ബട്ടണുകളോ സ്വിച്ചുകളോ നിർബന്ധമാക്കും. ഡ്രൈവിംഗിനിടയിൽ ടച്ച് സ്ക്രീനുകൾ ഉപയോഗിക്കുന്നത് ശ്രദ്ധ തിരിക്കാൻ കാരണമാകുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ മാറ്റം നിർദ്ദേശിച്ചിരിക്കുന്നത്.
ചൈനയിലെ മിലിറ്ററി ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തയ്യാറാക്കിയ ഈ പുതിയ കർശന നിയമങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആഗോള വാഹന വിപണിയെയും പ്രമുഖ കാർ നിർമ്മാതാക്കളെയും സ്വാധീനിക്കാൻ പോന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയുടെ ഈ പുതിയ നീക്കം.
Content Highlights:China has proposed new vehicle safety standards targeting fully hidden car door handles.The proposed rules require mechanical emergency releases that allow doors to be opened manually if electronic systems fail.The changes aim to improve passenger evacuation and emergency rescue during accidents and vehicle fires.