ദുബായ് സഫാരി പാർക്ക് എട്ടാം സീസൺ; ഒക്ടോബർ 12 മുതൽ കുടുംബങ്ങൾക്കായി ഒരാഴ്ച നീളുന്ന ആഘോഷങ്ങൾ

കുട്ടികൾക്കായി ഫേസ് പെയിന്റിങ്, താൽക്കാലിക ടാറ്റൂകൾ, കലാ-കരകൗശല പ്രവർത്തനങ്ങൾ, ഔട്ട്ഡോർ ഗെയിമുകൾ തുടങ്ങി നിരവധി വിനോദ സംവിധാനങ്ങൾ ഒരുക്കുന്നു

ദുബായ് സഫാരി പാർക്ക് എട്ടാം സീസൺ; ഒക്ടോബർ 12 മുതൽ കുടുംബങ്ങൾക്കായി ഒരാഴ്ച നീളുന്ന ആഘോഷങ്ങൾ
dot image

ദുബായ് സഫാരി പാർക്കിന്റെ എട്ടാം സീസൺ ഒക്ടോബർ 12ന് ആരംഭിക്കും. പുതിയ പ്രമേയത്തോടെയും കുടുംബങ്ങൾക്കായുള്ള വിവിധ വിനോദപരിപാടികളോടെയുമാണ് പാർക്ക് വീണ്ടും തുറക്കുന്നത്. ഒക്ടോബർ 12 മുതൽ 18 വരെ ‘വൈൽഡസ്റ്റ് ഓപ്പണിങ് വീക്ക്’ എന്ന പേരിൽ പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

അൽ വർഖയിൽ 119 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ മുന്നൂറോളം ഇനങ്ങളിൽപ്പെട്ട 3,000ത്തിലധികം മൃഗങ്ങളുണ്ട്. ‘ലൈവ് മോർ വൈൽഡ് ലൈഫ്’ എന്നതാണ് ഈ സീസണിന്റെ പ്രമേയം. വന്യജീവി സംരക്ഷണത്തെക്കുറിച്ച് സന്ദർശകരിൽ അവബോധം വളർത്തുകയും മൃഗങ്ങളെ അടുത്തറിയാൻ അവസരമൊരുക്കുകയുമാണ് ലക്ഷ്യം. കുട്ടികൾക്കായി ഫേസ് പെയിന്റിങ്, താൽക്കാലിക ടാറ്റൂകൾ, കലാ-കരകൗശല പ്രവർത്തനങ്ങൾ, ഔട്ട്ഡോർ ഗെയിമുകൾ തുടങ്ങി നിരവധി വിനോദ സംവിധാനങ്ങൾ ഒരുക്കുന്നു. കൂടാതെ പുതിയതായി റോയൽ സഫാരി എക്സ്പീരിയൻസും അവതരിപ്പിക്കുന്നുണ്ട്. ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ്, അറേബ്യൻ ഡെസേർട്ട്, കിഡ്സ് ഫാം, അൽ വാദി എന്നിങ്ങനെ ആറ് മേഖലകളാണ് പാർക്കിലുള്ളത്.

ടിക്കറ്റിനൊപ്പം ലഭിക്കുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള അറേബ്യൻ ഡെസേർട്ട് സഫാരിയിൽ മരുഭൂമിയിലെ പ്രത്യേക ആവാസവ്യവസ്ഥയിൽ കഴിയുന്ന മൃഗങ്ങളെ കാണാൻ സാധിക്കും. വേട്ടയാടലിനെ തുടർന്ന് വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ ഒറിക്സ്, ഒട്ടകപ്പക്ഷി, സ്കിമിറ്റാർ ഹോൺഡ് ഓറിക്സ്, അഡാക്സ് തുടങ്ങിയ അറേബ്യൻ മൃ​ഗങ്ങൾ, ആഫ്രിക്കൻ വില്ലേജിലെ ആനകളും വെള്ള സിംഹങ്ങളും തുടങ്ങിയവയെയും കാണാൻ സാധിക്കും. ഗൈഡിന്റെ സഹായത്തോടെ ആഫ്രിക്കൻ, ഏഷ്യൻ ആവാസവ്യവസ്ഥകളെ അനുസ്മരിപ്പിക്കുന്ന മേഖലകളിലൂടെ ബസുകളിൽ സഞ്ചരിക്കാനും സാധിക്കും. മൂന്ന് വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്ക് ഒരാൾക്ക് 50 ദിർഹമാണ് ടിക്കറ്റ് നിരക്ക് വരുന്നത്. ഒക്ടോബർ 12 മുതൽ ആരംഭിക്കുന്ന പരിപാടി 18 വരെയാണ് ഉണ്ടാവുക.

Content Highlights: Dubai Safari Park will launch its eighth season on October 12, featuring a week of family friendly celebrations and entertainment activities.

dot image
To advertise here,contact us
dot image