ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ; ആരാധക ആവേശം ഇരട്ടിയാക്കാൻ യുഎഇ, സൗജന്യ വിമാനങ്ങളുടെ എണ്ണം കൂട്ടി

നേരത്തെ പ്രഖ്യാപിച്ച ആറ് വിമാനങ്ങളിലെയും സീറ്റുകൾ ബുക്കിങ് ആരംഭിച്ച് വെറും 10 മിനിറ്റിനുള്ളിൽ തന്നെ പൂർണ്ണമായും തീർന്നിരുന്നു

ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ; ആരാധക ആവേശം ഇരട്ടിയാക്കാൻ യുഎഇ, സൗജന്യ വിമാനങ്ങളുടെ എണ്ണം കൂട്ടി
dot image

ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ സൗദി അറേബ്യയെ നേരിടുന്ന യുഎഇ ദേശീയ ടീമിന് പിന്തുണയേകാൻ ജിദ്ദയിലേക്ക് കൂടുതൽ ആരാധകരെ എത്തിക്കാൻ യുഎഇ ഫുട്ബോൾ അസോസിയേഷൻ. ഇതിന്റെ ഭാ​ഗമായി ആരാധകർക്കായി സൗജന്യമായി ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങളുടെ എണ്ണം ആറിൽ നിന്ന് 12 ആയി ഉയർത്തി. വൻ ജനത്തിരക്കും ആവശ്യക്കാരും ഏറിയതോടെയാണ് യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പുതിയ നീക്കം.

നേരത്തെ പ്രഖ്യാപിച്ച ആറ് വിമാനങ്ങളിലെയും സീറ്റുകൾ ബുക്കിങ് ആരംഭിച്ച് വെറും 10 മിനിറ്റിനുള്ളിൽ തന്നെ പൂർണ്ണമായും തീർന്നിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ ആരാധകർക്ക് സൗദിയിലെത്തി മത്സരത്തിന് ആവേശം പകരാൻ കൂടുതൽ വിമാനങ്ങൾ അനുവദിക്കാൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. യുഎഇ ഫുട്ബോൾ അസോസിയേഷൻ നൽകിയ പ്രത്യേക ലിങ്ക് വഴി സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമായ സീറ്റുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെടുന്നതോടെ രജിസ്ട്രേഷൻ അവസാനിക്കും.

ഒക്ടോബർ ആറ് ചൊവ്വാഴ്ച യുഎഇ സമയം രാത്രി 10 മണിക്കാണ് ​ഗൾഫ് കപ്പിന്റെ കലാശപ്പോര്. സൗദിയിലെ ജിദ്ദയിലുള്ള പ്രിൻസ് അബ്ദുള്ള അൽ-ഫൈസൽ സ്റ്റേഡിയം ഫൈനലിന് വേദിയാകും. സൗദി അറേബ്യയാണ് ഫൈനലിൽ യുഎഇയുടെ എതിരാളി. മത്സരത്തിന് നേരിട്ടെത്തി ടീമിന് ആവേശം പകരണമെന്ന് ആഗ്രഹിക്കുന്നവർക്കായി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വിമാനങ്ങളിൽ സീറ്റ് ബുക്ക് ചെയ്യാനുള്ള പ്രത്യേക രജിസ്ട്രേഷൻ ലിങ്ക് യുഎഇ ഫുട്ബോൾ അസോസിയേഷൻ തുറന്നുകൊടുത്തു.

ശനിയാഴ്ച നടന്ന വാശിയേറിയ സെമിഫൈനലിൽ ഒമാനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് യുഎഇ ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ ലഭിച്ച പെനാൽറ്റി അവസരം നഷ്ടമായെങ്കിലും കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഫോർവേഡ് ഉസ്മാൻ കമാറ നേടിയ മിന്നുന്ന ഹെഡർ ഗോളാണ് യുഎഇക്ക് വിജയം സമ്മാനിച്ചത്. 2018-ന് ശേഷം ആദ്യമായാണ് യുഎഇ ഗൾഫ് കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. 2007, 2013 വർഷങ്ങളിലെ കിരീടനേട്ടത്തിന് ശേഷം മൂന്നാമതൊരു ഗൾഫ് കപ്പ് കൂടി സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യം.

Content Highlights: Following overwhelming demand from supporters, the UAE Football Association increased the number of chartered flights to Jeddah from six to 12. The flights will transport UAE fans for the Gulf Cup 27 final against Saudi Arabia on October 6.

dot image
To advertise here,contact us
dot image