യുവ അഭിഭാഷകയുടെ പരാതി ഗൗരവതരമെന്ന് നേത്യത്വം; ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടിയെന്ന് N N കൃഷ്ണദാസ്

പരാതികൾ പരിശോധിച്ച് കർശന നടപടിയെടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം

യുവ അഭിഭാഷകയുടെ പരാതി ഗൗരവതരമെന്ന് നേത്യത്വം; ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടിയെന്ന് N N കൃഷ്ണദാസ്
dot image

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായ ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് പീഡന ശ്രമം നടന്നതെന്നാണ് വിവരം. പരാതികൾ പരിശോധിച്ച് കർശന നടപടിയെടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. യുവ അഭിഭാഷകയുടെ ലൈംഗിക പീഡന പരാതി ഗൗരവതരമെന്നാണ് നേത്യത്വം വിലയിരുത്തുന്നത്.

അതേസമയം, ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റിയത് പാര്‍ട്ടി നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. 'പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കണമെന്നതായിരുന്നു കേന്ദ്രകമ്മിറ്റിയിടെ ആവശ്യം. പാര്‍ട്ടിപ്രവര്‍ത്തനങ്ങളെ കാലോചിതമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കാലത്തിനനുസരിച്ചുള്ള നവീകരണം വേണം. തെറ്റ് തിരുത്തലെന്നാകും മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്കത് കാലത്തിനനുസരിച്ചുള്ള നവീകരണമാണ്. മാറിയ സമൂഹത്തില്‍ മാറ്റത്തിനനുസരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്. പാര്‍ട്ടി നവീകരണത്തിന്‌റെ ഭാഗമായാണ് സെക്രട്ടറിയുടെ മാറ്റം', എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

ഇ എന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ പാര്‍ട്ടി നടപടികളുണ്ടാകുമെന്നാണ് വിവരം. പ്രത്യേക കമ്മീഷനെ വെച്ചാകും അന്വേഷിക്കുക. സംഘടനാപരമായി ഉയര്‍ന്ന പരാതികളും കമ്മീഷന്‍ അന്വേഷിക്കും. അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ കമ്മീഷനെ നിശ്ചയിച്ചേക്കും. പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി യുവതിയെ അപമാനിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്.

സുരേഷ് ബാബുവിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കണമെന്ന ശക്തമായ ആവശ്യം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പാര്‍ട്ടി പദവികളില്‍ സുരേഷ് ബാബു തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം. അതുകൊണ്ടുതന്നെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. തുടര്‍നടപടികള്‍ പരാതികള്‍ പരിശോധിച്ച ശേഷമെന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ജില്ലയില്‍ നിന്നുള്ള കേന്ദ്ര, സംസ്ഥാന വനിതാ നേതാക്കള്‍ യുവതിയുടെ പീഡന പരാതി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ എന്‍ സുരേഷ് ബാബുവിന്റെ സെക്രട്ടറി സ്ഥാനം തെറിച്ചത്.

എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ താൻ സ്വയം മാറുകയാണെന്നായിരുന്നു സുരേഷ് ബാബു ഇന്നലെ പ്രതികരിച്ചത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി പകരം വി ചെന്താമരാക്ഷനെയാണ് നിയമിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നതായി സുരേഷ് ബാബു പാര്‍ട്ടിയെ അറിയിച്ചുവെന്നും ഇതിനാല്‍ പകരം തന്നെ പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഇരുവരും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി ചെന്താമരാക്ഷന്‍ ഇന്നലെ പ്രതികരിച്ചത്. ചെന്താമരാക്ഷന്‍ തന്നേക്കാള്‍ പ്രബലനായ ജില്ലാ സെക്രട്ടറിയായി മാറുന്ന കാഴ്ച ഭാവിയില്‍ കാണാമെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

Content Highlights: Further party action may be taken against former Palakkad CPM district secretary E N Suresh Babu

dot image
To advertise here,contact us
dot image