'പ്രിയനോടൊപ്പം ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘തേന്മാവിൻ കൊമ്പത്ത്'; വീഡിയോയുമായി മോഹൻലാൽ

1994ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി തുടരുകയാണ്

'പ്രിയനോടൊപ്പം ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘തേന്മാവിൻ കൊമ്പത്ത്'; വീഡിയോയുമായി മോഹൻലാൽ
dot image

മലയാള സിനിമയുടെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റീ റിലീസിന് മുന്നോടിയായി ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓർമ്മകളും ആവേശവും പങ്കുവെച്ച് മോഹൻലാൽ. മികച്ച ഫ്രെയിമുകളിലൂടെ ദൃശ്യഭംഗി തീർത്തും തിയേറ്ററുകളിൽ പൊട്ടിച്ചിരി സമ്മാനിച്ചും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ചിത്രം പ്രിയദർശനൊപ്പം ചെയ്ത തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്ന് മോഹൻലാൽ പറഞ്ഞു. 4K ദൃശ്യ മികവിൽ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററിൽ കാണാൻ മാണിക്യനായി താനും എത്തുകയാണെന്നും മോഹൻലാൽ പങ്കുവെച്ചു. ഒക്ടോബർ 8 ന് ആണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.

Also Read:

1994ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി തുടരുകയാണ്. മോഹൻലാലിന്റെ മാണിക്യനും ശോഭനയുടെ കാർത്തുമ്പിയും നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലവും പ്രണയവും നർമ്മവും നിറഞ്ഞ മുഹൂർത്തങ്ങളുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു. പുതിയ തലമുറയ്ക്കൊപ്പം പഴയ പ്രേക്ഷകർക്കും ബിഗ് സ്ക്രീനിൽ ചിത്രം വീണ്ടും ആസ്വദിക്കാനുള്ള അവസരമാണ് റീ റിലീസ് ഒരുക്കുന്നത്.

പുതിയ പതിപ്പിൽ 4K ദൃശ്യ മികവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒറിജിനൽ 35mm നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. കെ.വി. ആനന്ദിന്റെ മനോഹരമായ ഫ്രെയിമുകൾ കൂടുതൽ മികവോടെ ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന പ്രത്യേകതയും റീ റിലീസിനുണ്ട്. ഒറിജിനൽ ചിത്രത്തിന്റെ ദൃശ്യഭാവവും സ്വഭാവവും നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്.

ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന ആകർഷണമാണ്. ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ചിത്രത്തിന്റെ നർമ്മ മുഹൂർത്തങ്ങളും പശ്ചാത്തല ശബ്ദങ്ങളുമെല്ലാം പുതിയ സൗണ്ട് മിക്സിലൂടെ കൂടുതൽ തിയേറ്റർ അനുഭവം സമ്മാനിക്കും. അതുകൊണ്ട് തന്നെ പഴയ ഓർമ്മകളെ പുതിയ സാങ്കേതിക മികവോടെ വീണ്ടും അനുഭവിക്കാൻ കഴിയുന്ന റീ റിലീസായിരിക്കും ‘തേന്മാവിൻ കൊമ്പത്ത്’.

മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ്. ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.

പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണൻ നിർമ്മിച്ച ചിത്രം ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും തിയേറ്ററുകളിലെത്തും. റീ റിലീസിനായി ചിത്രം 4Kയിൽ റീമാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ്. മാണിക്യനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. രചന, സംവിധാനം: പ്രിയദർശൻ, നിർമ്മാതാവ്: എൻ. ഗോപാലകൃഷ്ണൻ, ബാനർ: പ്രസിദ്ധി ക്രിയേഷൻസ്, സൂര്യ സിനി ആർട്സ്, ഛായാഗ്രഹണം: കെ.വി. ആനന്ദ്, സംഗീതം: ബേണി-ഇഗ്നേഷ്യസ്, പശ്ചാത്തല സംഗീതം: എസ്.പി. വെങ്കടേഷ്, എഡിറ്റിംഗ്: എൻ. ഗോപാലകൃഷ്ണൻ, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജൻ, പ്രൊഡക്ഷൻ ഡിസൈൻ: സാബു സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രൻ, പിആർഒ: ഐശ്വര്യ രാജ്.

Content Highlights: Mohanlal priyadarshan movie thenmavin kombath to re release on october

dot image
To advertise here,contact us
dot image