'മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല…ഞാനിങ്ങനെയാണ്'; രശ്മിക മന്ദാന

താൻ ഇങ്ങനെയാണെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി തനിക്ക് ജീവിതത്തിൽ അഭിനയിക്കേണ്ട കാര്യമില്ലെന്നും രശ്മിക പറഞ്ഞു

'മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല…ഞാനിങ്ങനെയാണ്'; രശ്മിക മന്ദാന
dot image

തനിക്കെതിരെ വരുന്ന നെ​ഗറ്റീവ് കമന്റുകളെ താൻ എങ്ങനെയാണ് നേരിടുന്നതെന്ന് തുറന്നു പറഞ്ഞ് രശ്മിക മന്ദാന. താൻ ഇങ്ങനെയാണെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി തനിക്ക് ജീവിതത്തിൽ അഭിനയിക്കേണ്ട കാര്യമില്ലെന്നും രശ്മിക പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'രണബാലി'യുടെ പ്രൊമോഷന്റെ ഭാ​ഗമായി മൈത്രി മൂവി മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

'ആരൊക്കെ എന്തൊക്കെ നെ​ഗറ്റീവ് കമന്റുകൾ പറഞ്ഞാലും അവരോട് ദയയോടെ പെരുമാറുക എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. എപ്പോഴും പോസിറ്റീവായ കാര്യങ്ങൾ മറ്റുള്ളവർക്ക് നൽകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. അതിനെ ചിലപ്പോൾ ആളുകൾ ഓവർ ആക്ടിങ് ആണെന്ന് പറയും, അല്ലെങ്കിൽ മറ്റെന്തെങ്കിലും പറയും. അത് എന്ത് തന്നെയായാലും എനിക്കതിൽ പ്രശ്നമില്ല. എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ഞാൻ ഇങ്ങനെ നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇതാണ് ശരിക്കുമുള്ള ഞാൻ, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല. ഞാനിതിൽ ഹാപ്പിയാണ്, എന്റെ കുടുംബം ഹാപ്പിയാണ്, എന്റെ സുഹൃത്തുക്കളും ആരാധകരും ഹാപ്പിയാണ്. അങ്ങനെ എല്ലാവരും ഹാപ്പിയാണ്', രശ്മിക മന്ദാന പറഞ്ഞു.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'രണബാലി'. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16 നാണ് വേള്‍ഡ് വൈഡ് റിലീസിനെത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷകരില്‍ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയില്‍ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് സിനിമയുടെ മുമ്പ് പുറത്തിറങ്ങിയ ടീസറില്‍ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവന്‍ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ അക്കാലത്ത് നടന്ന യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlights: Rashmika Mandanna opens up about her personal behaviour and reactions to trolls

dot image
To advertise here,contact us
dot image