ഇത്തിഹാദ് റെയിൽ സ്റ്റേഷൻ പരിസരങ്ങളിൽ വീടുകൾക്ക് ആവശ്യക്കാരേറുന്നു; വാടക നിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

സ്റ്റേഷനുകളിലേക്കുള്ള എളുപ്പവഴികളും യാത്രാസൗകര്യവുമാണ് ഇപ്പോൾ വീട് തിരഞ്ഞെടുക്കുമ്പോൾ ആളുകൾ പ്രധാനമായും നോക്കുന്നത്.

ഇത്തിഹാദ് റെയിൽ സ്റ്റേഷൻ പരിസരങ്ങളിൽ വീടുകൾക്ക് ആവശ്യക്കാരേറുന്നു; വാടക നിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്
dot image

യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. റെയിൽവേ ശൃംഖല യാഥാർത്ഥ്യമായതോടെ വരും നാളുകളിൽ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമുള്ള താമസസ്ഥലങ്ങൾക്ക് ആവശ്യക്കാർ ഏറുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ കണക്കുകൂട്ടൽ. പുതിയ മാറ്റം വിവിധ പ്രദേശങ്ങളിൽ വാടക നിരക്ക് ഉയരുന്നതിനും ഇടയാക്കും.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാഥാർത്ഥ്യമായത്. ദുബായ് - അബുദാബി ട്രെയിൻ സർവീസിന് തുടക്കം കുറിച്ചതോടെ ഇരു എമിറേറ്റുകൾക്കുമിടയിലുള്ള യാത്ര കൂടുതൽ എളുപ്പമായിട്ടുണ്ട്. ഇതോടെ വീടുകൾ തിരഞ്ഞെടുക്കുമ്പോൾ മികച്ച യാത്രാസൗകര്യവും റെയിൽ കണക്ടിവിറ്റിയും പ്രധാന ഘടകമായി മാറുകയാണ്. നിലവിൽ മുഹമ്മദ് ബിൻ സായിദ് സിറ്റി ഉൾപ്പെടെയുള്ള സ്റ്റേഷൻ പരിസരങ്ങളിൽ വീടുകൾ അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

അബുദാബിക്കും ദുബായിക്കും ഇടയിൽ ദിവസേന പത്ത് സർവീസുകളാണ് ഇത്തിഹാദ് നടത്തുന്നത്. ഒരു മണിക്കൂർ മാത്രമാണ് ഇരു എമിറേറ്റുകൾക്കുമിടയിലെ യാത്രാസമയം. റെയിൽ കണക്ടിവിറ്റി കാരണം യാത്രാസമയം കൂടുതൽ കൃത്യമായി കണക്കാക്കാൻ സാധിക്കുന്നതിനാൽ, ജോലിസ്ഥലത്തിന് തൊട്ടടുത്ത് തന്നെ താമസിക്കണമെന്ന നിർബന്ധം ആളുകളിൽ കുറയുകയാണ്. സ്റ്റേഷനുകളിലേക്കുള്ള എളുപ്പവഴികളും യാത്രാസൗകര്യവുമാണ് ഇപ്പോൾ വീട് തിരഞ്ഞെടുക്കുമ്പോൾ ആളുകൾ പ്രധാനമായും നോക്കുന്നത്.

വിപണിയിലെ ഈ മാറ്റം ആദ്യ ഘട്ടത്തിൽ വാടക നിരക്കുകളിലായിരിക്കും പ്രതിഫലിക്കുക. തുടർന്ന് ആവശ്യക്കാരുടെ എണ്ണം സ്ഥിരത കൈവരിക്കുന്നതോടെ വീടുകളുടെയും വസ്തുക്കളുടെയും വിൽപ്പനവിലയിലും ഇത് പ്രകടമാകുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ പ്രോപ്പർട്ടി വിലയിൽ പെട്ടെന്ന് ഒരു വലിയ കുതിച്ചുചാട്ടം ഉണ്ടായേക്കില്ലെന്നും, ഗതാഗത സൗകര്യത്തിന് പുറമെ വിപണിയിലെ മറ്റ് ഘടകങ്ങൾ കൂടി വിലയെ സ്വാധീനിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ റെയിൽ ശൃംഖല കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതോടെ യുഎഇയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് ‘ലൊക്കേഷൻ’ എന്ന ആശയത്തിനുതന്നെ പുതിയ നിർവചനം കൈവരും.

Content Highlights: The launch of Etihad Rail passenger services is increasing interest in residential areas around stations. Property experts expect rental demand to respond first, with rents potentially rising as connectivity improves. Khaleej Times

dot image
To advertise here,contact us
dot image