പെട്രോൾ വില വർദ്ധനവ്; ചെലവ് ചുരുക്കാൻ മെട്രോയും വർക്ക് ഫ്രം ഹോമും പിടിവള്ളിയാക്കി യുഎഇ നിവാസികൾ

സ്വന്തം വാഹനം ഒഴിവാക്കി മെട്രോയെ ആശ്രയിക്കുക, ജോലിസ്ഥലത്ത് വർക്ക് ഫ്രം ഹോം ദിവസങ്ങൾക്കായി ആവശ്യപ്പെടുക, യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക എന്നിവയാണ് പ്രധാനമായും ആളുകൾ സ്വീകരിക്കുന്ന വഴികൾ.

പെട്രോൾ വില വർദ്ധനവ്; ചെലവ് ചുരുക്കാൻ മെട്രോയും വർക്ക് ഫ്രം ഹോമും പിടിവള്ളിയാക്കി യുഎഇ നിവാസികൾ
dot image

യുഎഇയിൽ ഒക്ടോബർ മാസത്തിൽ ഇന്ധനവിലയിൽ 16 ശതമാനത്തിലധികം വർദ്ധനവുണ്ടായതിനെ തുടർന്ന്, ദൈനംദിന ജീവിതച്ചെലവ് ക്രമീകരിക്കുന്നതിനായി യാത്രകളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് പ്രവാസികൾ ഉൾപ്പെടെയുള്ള രാജ്യത്തെ നിവാസികൾ. സ്വന്തം വാഹനം ഒഴിവാക്കി മെട്രോയെ ആശ്രയിക്കുക, ജോലിസ്ഥലത്ത് വർക്ക് ഫ്രം ഹോം ദിവസങ്ങൾക്കായി ആവശ്യപ്പെടുക, യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക എന്നിവയാണ് പ്രധാനമായും ആളുകൾ സ്വീകരിക്കുന്ന വഴികൾ.

അൽ ഖുസൈസിൽ താമസിക്കുന്ന അൽവിൻ പിന്റോ ജെഎൽടി (JLT) യിലെ ഓഫീസിലേക്ക് യാത്ര ചെയ്യുന്നതിനായി ഇനി മുതൽ കാറിന് പകരം ദുബായ് മെട്രോ ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാസം തോറും 700 മുതൽ 800 ദിർഹം വരെ ഇന്ധനത്തിനായി ചെലവഴിച്ചിരുന്ന സ്ഥാനത്ത്, 350 ദിർഹത്തിന്റെ നോൾ (Nol) പാസ് ഉപയോഗിക്കുന്നതിലൂടെ പകുതിയിലധികം തുക ലാഭിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. യാത്രാസമയത്തിൽ 15 മിനിറ്റിന്റെ മാത്രം വ്യത്യാസമേ ഉള്ളൂ എന്നതും മെട്രോ തിരഞ്ഞെടുക്കാൻ കാരണമായി.

അജ്മാനിലെ ഹൊറൈസൺ ടവറിൽ നിന്ന് ദേരയിലെ ഓഫീസിലേക്ക് ദിവസവും യാത്ര ചെയ്യുന്ന ഷബീർ അഹമ്മദ്, മാസത്തിൽ പകുതി ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴിലുടമയോട് ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. പ്രതിമാസം 1,200 ദിർഹത്തിലധികം പെട്രോളിനായി ചെലവഴിച്ചിരുന്ന അദ്ദേഹത്തിന് പുതിയ നിരക്ക് വർദ്ധനവോടെ ഇത് 1,500 ദിർഹത്തിന് മുകളിലാകും. അതിനാൽ ഓഫീസിലെത്തുന്ന ദിവസങ്ങൾ കുറച്ച് ചെലവ് ചുരുക്കാനാണ് ഇദ്ദേഹത്തിന്റെ നീക്കം.

ഷാർജയിൽ നിന്ന് ബിസിനസ് ബേയിലെ ഓഫീസിലേക്കും ക്ലയന്റുകളുടെ ഓഫീസുകളിലേക്കും ദിവസവും യാത്ര ചെയ്യുന്ന സെയിൽസ് എക്സിക്യൂട്ടീവ് ഹമീദും യാത്രാരീതി മാറ്റാൻ നിർബന്ധിതനായിരിക്കുകയാണ്. കമ്പനി പകുതി ഇന്ധനച്ചെലവ് നൽകുന്നുണ്ടെങ്കിലും ഓരോ മാസവും 170 മുതൽ 250 ദിർഹം വരെ സ്വന്തം കൈയിൽ നിന്ന് അധികമായി ഇറക്കേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. ഇതിന് പരിഹാരമായി മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള ക്ലയന്റുകളുടെ സന്ദർശനം ഒരേ ദിവസങ്ങളിലേക്ക് ക്രമീകരിച്ച് പൊതുഗതാഗതം ഉപയോഗപ്പെടുത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Content Highlights: Rising petrol prices in the UAE are prompting residents to reduce travel costs by using the metro, public transport and work-from-home options.

dot image
To advertise here,contact us
dot image