

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് യുഎഇ. ഭീകരവാദ ബന്ധമോ മുൻകൂട്ടി പ്ലാൻ ചെയ്ത ഗൂഢാലോചനയോ ഉണ്ടോയെന്നാണ് പ്രധാന അന്വേഷണം. യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി നിയോഗിച്ച പ്രത്യേക പബ്ലിക് പ്രോസിക്യൂഷന്റെ സംഘമാണ് അന്വേഷണം നടത്തുക.
കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. യാത്രയ്ക്കിടെ കോക്ക്പിറ്റിൽ (ഫ്ലൈറ്റ് ഡെക്ക്) ജീവനക്കാർ തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായതാണ് യാത്രക്കാരുടെ സുരക്ഷയെ ഉൾപ്പെടെ ബാധിച്ചത്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പിന്നാലെ വിമാനം സൗദി അറേബ്യയിലെ തബൂക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ ചില വിമാന ജീവനക്കാരെ സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ലാൻഡിങ്ങിനെ തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഫ്ളൈ ദുബായ് രണ്ട് പകരം വിമാനങ്ങൾ അയക്കുകയും ചെയ്തു.
സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുമായി (GCAA) ചേർന്നാണ് പ്രോസിക്യൂഷൻ അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. വിമാനം യുഎഇയിൽ രജിസ്റ്റർ ചെയ്തതായതിനാലും യുഎഇ പതാക വഹിക്കുന്നതിനാലും സംഭവം നടന്നത് വിദേശ വ്യോമാതിർത്തിയിലാണെങ്കിൽ പോലും അന്വേഷണം നടത്താൻ യുഎഇ ജുഡീഷ്യൽ അതോറിറ്റിക്ക് നിയമപരമായ അധികാരമുണ്ടെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിഷയത്തിൽ തത്സമയ സഹായങ്ങൾ നൽകുകയും സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും ചെയ്ത സൗദി അധികൃതർക്ക് യുഎഇ നന്ദി രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകൾ ശേഖരിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുന്നത് വരെ ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുതെന്നും അറ്റോർണി ജനറൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Content Highlights: The UAE has ordered an investigation following a dispute between crew members aboard a flydubai flight.