ഗതാ​ഗതക്കുരുക്കിന് പരിഹാരം കാണുക ലക്ഷ്യം; ദുബായിലെ സ്കൂളുകൾക്ക് പുതിയ സമയക്രമം തീരുമാനിക്കും

ദുബായ് വിദ്യാഭ്യാസ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ രീതികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്

ഗതാ​ഗതക്കുരുക്കിന് പരിഹാരം കാണുക ലക്ഷ്യം; ദുബായിലെ സ്കൂളുകൾക്ക് പുതിയ സമയക്രമം തീരുമാനിക്കും
dot image

ദുബായിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂൾ സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നു. സ്കൂളുകളുടെ പ്രത്യേക അഭ്യർത്ഥനയും കുട്ടികളുടെ ക്ഷേമവും മുൻനിർത്തി, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (KHDA) മുൻകൂർ അംഗീകാരത്തോടെയാകും പുതിയ സമയക്രമം അനുവദിക്കുകയെന്ന് ഡയറക്ടർ ജനറൽ ഐഷ മിറാൻ വ്യക്തമാക്കി.

ദുബായിലെ ഓരോ സ്കൂളുകളും വ്യത്യസ്ത പാഠ്യപദ്ധതികളും പാഠ്യേതര പ്രവർത്തനങ്ങളുമാണ് പിന്തുടരുന്നത്. അതിനാൽ എല്ലാവർക്കും ഒരുപോലെ ബാധകമായ ഏകീകൃത സമയക്രമം പ്രായോഗികമല്ല. പകരം, ഓരോ സ്കൂളിന്റെയും ആവശ്യകത അനുസരിച്ച് സമയത്തിൽ ഇളവുകൾ നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാതികൾ ഉയർന്നാൽ KHDA ഇടപെടുകയും അനുയോജ്യമായ രീതിയിൽ ടൈംടേബിൾ പുനഃക്രമീകരിക്കാൻ നിർദേശം നൽകുകയും ചെയ്യും.

ദുബായ് വിദ്യാഭ്യാസ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ രീതികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകൾ ഒഴിവാക്കി നടന്നോ സൈക്കിളിലോ കുട്ടികൾ സ്കൂളുകളിലെത്തുന്നതിനെ പ്രോത്സാഹിപ്പിക്കും. എന്നാൽ സ്കൂൾ ബസുകളെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.

വീടുകളിൽ നിന്ന് 20 മിനിറ്റിനുള്ളിൽ സ്കൂളുകൾ അടക്കമുള്ള എല്ലാ അവശ്യ സേവനങ്ങളും ലഭ്യമാക്കുക എന്ന ദുബായിയുടെ '20-മിനിറ്റ് സിറ്റി' ആശയത്തിന് അനുസൃതമായാണ് ഈ പരിഷ്കാരങ്ങൾ. അതേസമയം, ഓൺലൈൻ പഠനവും നേരിട്ടുള്ള ക്ലാസുകളും സംയോജിപ്പിക്കുന്ന 'ഹൈബ്രിഡ് സ്കൂൾ' മോഡലുകൾക്ക് നിലവിൽ ഔദ്യോഗിക ലൈസൻസിംഗ് അംഗീകാരം നൽകിയിട്ടില്ലെന്നും ഭാവി മുന്നിൽ കണ്ടുള്ള പുതിയ വിദ്യാഭ്യാസ രൂപകൽപ്പനകൾ അതോറിറ്റിയുടെ പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു.

Content Highlights: Dubai is set to decide new school timings aimed at easing traffic congestion and improving traffic flow during busy hours

dot image
To advertise here,contact us
dot image