'ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന് കുത്തേറ്റ സംഭവം ഭീകരാക്രമണം'; വിമർശനവുമായി അൻവർ ഗർഗാഷ്

വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തന ബന്ധമോ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളോ ഉണ്ടോ എന്ന് യുഎഇ അധികൃതർ അന്വേഷിച്ചുവരികയാണ്

'ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന് കുത്തേറ്റ സംഭവം ഭീകരാക്രമണം'; വിമർശനവുമായി അൻവർ ഗർഗാഷ്
dot image

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റ് ആക്രമിക്കപ്പെട്ട സംഭവം അപകടകരമായ ഭീകരാക്രമണമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്. ആക്രമണത്തിൽ നിന്ന് വലിയ ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാർ കാണിച്ച ധീരത എല്ലാവിധ അഭിനന്ദനങ്ങൾക്കും അർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ എഫ്ഇസഡ് 1073 (FZ1073) വിമാനത്തിലുണ്ടായ ആക്രമണത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലേക്ക് അടിയന്തരമായി തിരിച്ചുവിട്ട് ലാൻഡ് ചെയ്യുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സന്ദേശത്തിലാണ് സംഭവം ഭീകരാക്രമണമാണെന്ന് അൻവർ ഗർഗാഷ് വ്യക്തമാക്കിയത്. "ഒരു ഭീകരാക്രമണത്തിനും വലിയ ദുരന്തത്തിനും മുന്നിൽ ധൈര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും യഥാർത്ഥ അർത്ഥമാണ് ആ പൈലറ്റ് തെളിയിച്ചത്. ഏറ്റവും കഠിനമായ സാഹചര്യത്തിൽ അദ്ദേഹം കാണിച്ച പ്രൊഫഷണലിസവും ധാർമ്മികബോധവും അദ്ദേഹത്തെ ഒരു യഥാർത്ഥ നായകനാക്കുന്നു," എന്ന് അദ്ദേഹം കുറിച്ചു. സംഭവത്തെ ലളിതവൽക്കരിക്കരുതെന്നും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകിയ അദ്ദേഹം, തീവ്രവാദ ഭീഷണികൾക്കെതിരെ എപ്പോഴും ജാഗ്രത അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.

വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തന ബന്ധമോ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളോ ഉണ്ടോ എന്ന് യുഎഇ അധികൃതർ അന്വേഷിച്ചുവരികയാണ്. സംഭവത്തിലെ തെളിവുകൾ ശേഖരിക്കുന്നതിനും യഥാർത്ഥ കാരണങ്ങളും ലക്ഷ്യങ്ങളും കണ്ടെത്തുന്നതിനുമായി യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സുരക്ഷാ-പ്രവർത്തന വശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് യു.എ.ഇ ജനറൽ സിവില്‍ ഏവിയേഷൻ അതോറിറ്റിയും വ്യക്തമാക്കി.

Also Read:

കുത്തേറ്റ നിലയിലും പൈലറ്റ് കാണിച്ച ധീരതയാണ് വിമാനത്തിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിച്ചത്. മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറക്കാൻ പൈലറ്റിന് സാധിച്ചതാണ് യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും ഉള്ളിലേക്ക് കടന്ന് അക്രമിയെ കീഴടക്കാൻ സഹായിച്ചത്. "സ്വന്തം ജീവന് വേണ്ടി പോരാടുമ്പോഴും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കണമെന്ന ചിന്ത മാത്രമാണ് മനസ്സിലുണ്ടായിരുന്നത്" എന്ന് പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിൽ ക്യാപ്റ്റൻ മച്ചാർ വ്യക്തമാക്കി.

പരിക്കേറ്റ പൈലറ്റിനെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് എത്തിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരവും സ്ഥിരതയുള്ളതുമാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ അറിയിച്ചു. പരിക്കുകളോടെ പോരാടി വിമാനത്തിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിച്ച പൈലറ്റ് സ്മിത് മച്ചാറിനെ ഇസ്രയേൽ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു.

Content Highlights: UAE Presidential Adviser Anwar Gargash described the Flydubai cockpit attack as a dangerous terrorist act and praised Indian pilot Smit Machchhar for his courage.

dot image
To advertise here,contact us
dot image