

യുഎഇയിൽ ഇന്ന് പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻഎംസി) അറിയിച്ചു. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇവ മഴയ്ക്ക് കാരണമാകുന്ന തരത്തിലുള്ള മേഘങ്ങളായിരിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കുറഞ്ഞ ദൃശ്യപരതയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാവിലെ 9 മണി വരെ റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. റോഡുകളിൽ യാത്ര ചെയ്യുന്നവർ, പ്രത്യേകിച്ച് വാഹനമോടിക്കുന്നവർ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അബുദാബിയിൽ 39 ഡിഗ്രി സെൽഷ്യസ് ദുബൈയിൽ 40 ഡിഗ്രി സെൽഷ്യസ്, ഷാർജയിൽ 42 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ താപനില ഉയരാൻ സാധ്യതയുണ്ട്. വിന്റർ സീസൺ ആരംഭിച്ചതോടെ താപനിലയിൽ പൊതുവേ കുറവ് രേഖപ്പെടുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസ് വരെയും ഷാർജയിൽ 25 ഡിഗ്രി സെൽഷ്യസ് വരെയും ദുബൈയിൽ 20 ഡിഗ്രി സെൽഷ്യസ് വരെയും താപനില താഴാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
രാവിലെകളിൽ തീരപ്രദേശങ്ങളിലെയും ഉൾപ്രദേശങ്ങളിലെയും ചില മേഖലകളിൽ ഈർപ്പത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞിരുന്നു. മണിക്കൂറിൽ നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ പൊതുവേ ശാന്തമായിരിക്കും. എന്നാൽ ഒമാൻ കടൽ മേഖലയിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Content Highlights: UAE is expected to experience generally clear to partly cloudy weather today, with humidity and a chance of fog in some areas, according to the NCM.