

ന്യൂഡല്‍ഹി: വീണ്ടും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുംവെട്ട്. ഒമ്പാതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകമാണ് എന്‍സിഇആര്‍ടി പരിഷ്‌കരിച്ചത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം എന്നിവയെ കുറിച്ചുള്ള ചരിത്രമാണ് പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതിന് പകരമായി പ്രാദേശിക രാജാക്കന്മാരുടെ പോരാട്ടങ്ങള്‍ ഉള്‍പ്പെടുത്തും. മുഗളര്‍ക്കും തുര്‍ക്കികള്‍ക്കും എതിരെ രജപുത്രരും മറാത്തകളും സിഖുകാരും ജാട്ടുകളും നടത്തിയ ചെറുത്തുനില്‍പ്പ് ചരിത്ര പാഠപുസ്തകത്തിലെ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്ബര്‍ക്കെതിരെ മഹാറാണാ പ്രതാപും മുഗളര്‍ക്കെതിരെ അഹോം രാജവംശവും നടത്തിയ പോരാട്ടങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി. ഹിന്ദു ദേവതകള്‍ നല്‍കിയ വാളുമായി രാജാക്കന്മാര്‍ യുദ്ധം ചെയ്‌തെന്ന രീതിയിലുള്ള പരമ്പരാഗത വിശ്വാസങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവമായ പ്രശ്‌നം.
മധ്യകാല ഇന്ത്യയുടെ ചരിത്രത്തില്‍ അധിനിവേശത്തെ ചെറുത്തുനിന്നവരെ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് പാഠപുസ്തകത്തിന്റെ വ്യവസ്താപിത അജണ്ട എന്നാണ് വിലയിരുത്തല്‍. ഉദാഹരണത്തിന്, 1178-ല്‍ മൗണ്ട് അബുവിനു സമീപം മുഹമ്മദ് ഘോറിയെ നായികി ദേവി രാജ്ഞി പരാജയപ്പെടുത്തിയ സംഭവം ഇതില്‍ വിവരിക്കുന്നുണ്ട്. 'പ്രതിരോധവും അതിജീവനവും' (Resistance and Resilience) എന്ന അധ്യായം ഡല്‍ഹി സുല്‍ത്താനേറ്റ്, മുഗള്‍ ഭരണം എന്നിവയെക്കുറിച്ചും രജപുത്രര്‍, അഹോമുകള്‍, വിജയനഗര ഭരണാധികാരികള്‍, മറാത്തികള്‍, സിഖുകാര്‍, ജാട്ടുകള്‍ തുടങ്ങിയ പ്രാദേശിക ശക്തികളുടെ പ്രതികരണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
'മതപരമായ വിവേചനവും സാമൂഹിക പ്രയാസങ്ങളും നിറഞ്ഞ നിരന്തരമായ അധിനിവേശങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡം സാക്ഷ്യം വഹിച്ചു. തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച അധിനിവേശക്കാരെ പ്രാദേശിക ശക്തികള്‍ പലപ്പോഴും ചെറുത്തുനിന്നു. ഈ ചെറുത്തുനില്‍പ്പ് സൈനികവും സാംസ്‌കാരികവുമായ തലങ്ങളില്‍ നടന്നു. എന്നിരുന്നാലും, ഇന്ത്യന്‍ സംസ്‌കാരം അതിന്റെ അടിസ്ഥാന ആശയങ്ങളെയും മൂല്യങ്ങളെയും സംരക്ഷിച്ചുകൊണ്ട് അതിജീവനശേഷി പ്രകടമാക്കിയ ഒരു കാലഘട്ടം കൂടിയായിരുന്നു ഇത്. ബാഹ്യഭീഷണികളില്‍ നിന്ന് സ്വയം പ്രതിരോധിക്കുക മാത്രമല്ല, തങ്ങളുടെ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ സമൂഹം നിലകൊണ്ടു' എന്നും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. മുഗള്‍ ഭരണകാലത്ത് സിഖ് ഗുരുക്കന്മാര്‍ പീഡനങ്ങള്‍ നേരിട്ടെന്ന് സിഖ് ചരിത്രത്തെക്കുറിച്ചുള്ള ഭാഗം ചര്‍ച്ച ചെയ്യുന്നു. ഗുരു അര്‍ജുന്‍ ദേവ്, ഗുരു തേജ് ബഹാദൂര്‍ എന്നിവരുടെ വധശിക്ഷകളെക്കുറിച്ചും, സിഖ് ചെറുത്തുനില്‍പ്പിന്റെ തുടര്‍വികാസത്തില്‍ ഗുരു ഗോബിന്ദ് സിംഗ് വഹിച്ച പങ്കിനെക്കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.
അക്ബറിനെതിരായ മഹാറാണാ പ്രതാപിന്റെ ചെറുത്തുനില്‍പ്പ്, മുഗള്‍ വിപുലീകരണത്തിനെതിരെ അഹോം രാജ്യം നടത്തിയ ദീര്‍ഘകാല പ്രതിരോധം, സരായിഘട്ട് യുദ്ധം എന്നിവയെക്കുറിച്ച് പുസ്തകം വിവരിക്കുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ചെറുത്തുനില്‍പ്പ്, മറാത്തകളുടെ 'സ്വരാജ്' എന്ന ആശയം, മുഗള്‍ ഭരണത്തിനെതിരായ ജാട്ട് വിഭാഗത്തിന്റെ എതിര്‍പ്പ് എന്നിവയും ചര്‍ച്ച ചെയ്യുന്നുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നും പിന്നീട് അവ പുനര്‍നിര്‍മ്മിച്ചെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ഭക്തി പ്രസ്ഥാനങ്ങളെക്കുറിച്ചും, ക്ഷേത്രാധിഷ്ഠിത ആരാധനയ്ക്ക് നിയന്ത്രണങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അവ വഹിച്ച പങ്കിനെക്കുറിച്ചും പറയുന്നുണ്ട്.
ഇന്ത്യയില്‍ ദേവതാരാധന ഒരു ദീര്‍ഘകാല പാരമ്പര്യമാണ്. ഏഴാം നൂറ്റാണ്ട് മുതല്‍ പല രാജാക്കന്മാരും രാജകുമാരന്മാരും സംഘര്‍ഷസമയങ്ങളില്‍ സംരക്ഷകരായി കാളി, ദുര്‍ഗ്ഗ, ഭവാനി തുടങ്ങിയ ദേവതകളെയും ശക്തിയുടെ മറ്റ് രൂപങ്ങളെയും ആരാധിച്ചിരുന്നു എന്നും പാഠപുസ്തകത്തിലെ ഭാഗം പറയുന്നു. പല രാജാക്കന്മാര്‍ക്കും ദേവതകളില്‍ നിന്നാണ് വാളുകള്‍ ലഭിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട ചരിത്ര പുസ്തകത്തിലെ പരാമര്‍ശം. 'ബസ്തര്‍ ഭരണാധികാരിയായിരുന്ന അന്നമരാജയ്ക്ക് മാണിക്യദേവിയില്‍ (ദന്തേശ്വരി) നിന്നാണ് വാള്‍ ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മധുരയിലെ സുല്‍ത്താനേറ്റ് സേനയ്ക്കെതിരെ വിജയനഗരത്തിലെ കുമാര കമ്പന ഉപയോഗിച്ചത് ദേവത നല്‍കിയ വാളാണെന്നും കരുതപ്പെടുന്നു. സമാനമായ രീതിയില്‍, ശിവജിക്കും തുല്‍ജാ ഭവാനി ദേവിയില്‍ നിന്ന് വാള്‍ ലഭിച്ചുവെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു' എന്നിങ്ങനെ പാഠപുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
Content Highlights: The revised NCERT Class 9 Social Science textbook shifts its historical focus towards regional kingdoms and resistance movements in medieval India, while the French Revolution and Russian Revolution have been moved out of the Class 9 curriculum. The new chapter includes accounts of resistance involving Rajputs, Marathas, Sikhs, Jats and the Ahom dynasty, along with Maharana Pratap’s resistance to the Mughals. Reports also note the inclusion of traditional narratives about rulers receiving swords from Hindu goddesses.