

ദുബായിലെ ജനസംഖ്യയിൽ 80 ശതമാനത്തിലധികവും 20-നും 59-നും ഇടയിൽ പ്രായമുള്ള തൊഴിലെടുക്കുന്ന വിഭാഗക്കാരെന്ന് ഏറ്റവും പുതിയ കണക്കുകൾ. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം, ജനസംഖ്യയിലെ തൊഴിൽശേഷിയുള്ളവരുടെ എണ്ണം വൻതോതിൽ വർദ്ധിച്ച് കഴിഞ്ഞ വർഷം അവസാനത്തോടെ ഏകദേശം 36.8 ലക്ഷത്തിൽ (3,679,771) എത്തിയിട്ടുണ്ട്. ദുബായിലെ ആകെ ജനസംഖ്യ 45.8 ലക്ഷം (4,580,300) പിന്നിട്ട സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ദുബായിലെ തൊഴിൽശേഷിയുള്ള ജനവിഭാഗത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിൽ 72.38 ശതമാനം പുരുഷന്മാരും 27.62 ശതമാനം സ്ത്രീകളുമാണ്. ജോലി സാധ്യതകളും മികച്ച ജീവിത നിലവാരവും കാരണം പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർ ദുബായിലേക്ക് കൂടുതലായി എത്തുന്നതാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് പ്രാദേശിക മാധ്യമമായ ഇമാറാത്ത് അൽ യൗം റിപ്പോർട്ട് ചെയ്തു.
ജനസംഖ്യയിൽ ഏറ്റവും ഉയർന്ന പങ്കാളിത്തം 30-നും 39-നും ഇടയിൽ പ്രായമുള്ള വിഭാഗത്തിനാണ്. ആകെ ജനസംഖ്യയുടെ 30.52 ശതമാനവും (13.97 ലക്ഷം) ഈ പ്രായക്കാരാണ്. 20-നും 29-നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരുടെ എണ്ണം 10.6 ലക്ഷം പിന്നിട്ടിട്ടുണ്ട്. തൊഴിൽ മേഖലയിൽ കരിയറിന്റെ തുടക്കത്തിലുള്ളവരും ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നവരുമാണ് ഈ വിഭാഗത്തിലുള്ളത്.
അതേസമയം, 40-നും 59-നും ഇടയിൽ പ്രായമുള്ള പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും 47 ശതമാനത്തോളം വൻ വളർച്ചയുണ്ടായി. നിലവിൽ ദുബായിലെ ആകെ ജനസംഖ്യയുടെ 16.52 ശതമാനം കുട്ടികളും (20 വയസ്സിൽ താഴെയുള്ളവർ) 3.15 ശതമാനം മുതിർന്ന പൗരന്മാരുമാണ് (60 വയസ്സിന് മുകളിലുള്ളവർ). ചുരുക്കത്തിൽ, ജനസംഖ്യയുടെ വലിയൊരു ഭാഗവും പ്രൊഫഷണലുകളും ജോലിചെയ്യുന്ന വിഭാഗവുമാണെന്നത് ദുബായിയുടെ സാമ്പത്തിക രംഗത്തിന് വൻ ഊർജ്ജമാണ് നൽകുന്നത്.
Content Highlights: Dubai’s population has crossed 4.5 million, reaching 4.58 million by the end of 2025. Data shows that young people and working-age adults account for a large share of the emirate’s residents.