

യുഎഇയിൽ പാഠഭാഗങ്ങൾ മനസ്സിലാക്കാനും സംശയങ്ങൾ ദൂരീകരിക്കാനും എഐ സാങ്കേതികവിദ്യയുടെ സഹായം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ്. അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ സഹായം ലഭിക്കാത്ത സമയങ്ങളിൽ പഠനത്തെ ലളിതമാക്കാൻ ചാറ്റ്ജിപിടി (ChatGPT) പോലുള്ള എഐ ടൂളുകൾ വിദ്യാർത്ഥികൾക്ക് വലിയ തോതിൽ ഉപകാരപ്പെടുന്നുണ്ട്. എന്നാൽ പഠനത്തിന് സഹായം തേടുന്നതും ഹോംവർക്കുകൾ പൂർണ്ണമായും എഐയെക്കൊണ്ട് ചെയ്യിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് സ്കൂൾ അധികൃതരുടെ വാദം.
അവധിക്ക് ശേഷം ക്ലാസുകളിൽ തിരിച്ചെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിയായ യഹിയ മുഹമ്മദിൻ്റെ അനുഭവം ഇതിനൊരു ഉദാഹരണമാണ്. സ്കൂൾ തുറന്ന ആദ്യ ആഴ്ചകളിൽ ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്ന യഹിയ, വിട്ടുപോയ പാഠഭാഗങ്ങൾ ലളിതമായ ഭാഷയിൽ മനസ്സിലാക്കാൻ സഹായിച്ചത് ചാറ്റ്ജിപിടിയാണെന്ന് പറയുന്നു. കുട്ടികൾക്ക് സ്വയം പഠിക്കാനും ആശയങ്ങൾ വ്യക്തമാക്കാനും ഇത് സഹായകരമാണെങ്കിലും സാങ്കേതികവിദ്യയോടുള്ള അമിത ആശ്രയം കുട്ടികളുടെ ചിന്താശേഷിയെയും ഗവേഷണ താൽപ്പര്യത്തെയും ബാധിക്കുമോ എന്ന ആശങ്ക രക്ഷിതാക്കൾ പങ്കുവെക്കുന്നുണ്ട്.
എഐ ടൂളുകളെ പൂർണ്ണമായി നിരോധിക്കുന്നതിന് പകരം അവ ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോഗിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രമുഖ സ്കൂൾ പ്രിൻസിപ്പൽമാർ വ്യക്തമാക്കുന്നു. ആശയങ്ങൾ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും സംശയങ്ങൾ തീർക്കാനും എ.ഐ ഉപയോഗിക്കാം. എന്നാൽ ഉത്തരങ്ങൾ പൂർണ്ണമായും എഐ നിർമ്മിതമായിരിക്കരുത്. സ്വന്തം അധ്വാനവും ചിന്തയും വഴി കണ്ടെത്തുന്ന അറിവുകൾക്കാണ് പഠനപ്രക്രിയയിൽ പ്രാധാന്യമുള്ളതെന്ന് റീജൻ്റ് ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡേവിഡ് വില്യംസ് പറഞ്ഞു.
അജ്മാനിലെ വുഡ്‌ലം പാർക്ക് സ്കൂളും സമാനമായ നയമാണ് പിന്തുടരുന്നത്. എഐ നൽകുന്ന എല്ലാ വിവരങ്ങളും പൂർണ്ണമായും ശരിയാകണമെന്നില്ലെന്നും വിവരങ്ങളുടെ ഉറവിടം പരിശോധിച്ച് സ്വന്തമായി വിലയിരുത്താനുള്ള കഴിവ് വിദ്യാർത്ഥികൾ വളർത്തിയെടുക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. പഠനത്തെ പിന്തുണയ്ക്കാൻ എ.ഐ ഉപയോഗിക്കാമെങ്കിലും വിദ്യാർത്ഥികളുടെ സ്വന്തം ചിന്താശേഷിക്ക് പകരമായി അതിനെ മാറ്റരുതെന്നാണ് യുഎഇയിലെ വിദ്യാലയങ്ങൾ നൽകുന്ന പ്രധാന സന്ദേശം.
Content Highlights: