ദുബായിൽ പൂക്കളുടെ അത്ഭുതം തിരികെയെത്തുന്നു; ​മിറാക്കിൾ ഗാർഡൻ സീസൺ 15 ഒക്ടോബർ 8 മുതൽ

ടിക്കറ്റുകൾ ദുബായ് മിറാക്കിൾ ഗാർഡന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാണ്

ദുബായിൽ പൂക്കളുടെ അത്ഭുതം തിരികെയെത്തുന്നു; ​മിറാക്കിൾ ഗാർഡൻ സീസൺ 15 ഒക്ടോബർ 8 മുതൽ
dot image

ലോകത്തിലെ ഏറ്റവും വലിയ പുഷ്പോദ്യാനങ്ങളിലൊന്നായ ദുബായ് മിറാക്കിൾ ഗാർഡൻ 15-ാം സീസൺ ഒക്ടോബർ 8 മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കും. ശൈത്യകാലത്ത് ദുബായിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നായ മിറാക്കിൾ ഗാർഡൻ വർണാഭമായ പുഷ്പാലങ്കാരങ്ങളും കുടുംബസൗഹൃദ ആകർഷണങ്ങളുമായി ഇത്തവണയും സന്ദർശകരെ വരവേൽക്കും.

15-ാം സീസണിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. സാധുവായ എമിറേറ്റ്സ് ഐഡി ഹാജരാക്കുന്ന യുഎഇ സ്വദേശികൾക്കും താമസക്കാർക്കും പ്രത്യേക ഇളവോടെയാണ് പ്രവേശനം അനുവദിക്കുന്നത്. യുഎഇ സ്വദേശികൾക്കും താമസക്കാർക്കും മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക് 70 ദിർഹവും കുട്ടികൾക്കുള്ളത് 50 ദിർഹവുമാണ്. മൂന്ന് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനമുണ്ട് എന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്ക് മുതിർന്നവരുടെ ടിക്കറ്റ് 100 ദിർഹവും കുട്ടികളുടെ ടിക്കറ്റ് 80 ദിർഹവുമാണ്. മൂന്ന് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ദുബായ് മിറാക്കിൾ ഗാർഡനും ദുബായ് ബട്ടർഫ്ലൈ ഗാർഡനും ഒരുമിച്ച് സന്ദർശിക്കാനാകുന്ന കോമ്പോ ടിക്കറ്റിന് 140 ദിർഹമാണ്. ഈ എല്ലാ നിരക്കുകളും വാറ്റ് ഉൾപ്പെടാത്തതാണ്. ടിക്കറ്റുകൾ ദുബായ് മിറാക്കിൾ ഗാർഡന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാണ്.

150 മില്യനിലധികം പൂക്കൾ കൊണ്ട് അലങ്കരിച്ച വിസ്മയകരമായ പുഷ്പശില്പങ്ങളും പ്രമേയപരമായ പ്രദർശനങ്ങളുമാണ് ദുബായ് മിറാക്കിൾ ഗാർഡന്റെ പ്രധാന ആകർഷണം. ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെയും താമസക്കാരെയും ആകർഷിക്കുന്ന ഈ ഗാർഡൻ ദുബായിലെ ഏറ്റവും കൂടുതൽ ആളുകൾ ഫോട്ടോകൾ എടുക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

15-ാം സീസണിൽ പുതിയ പുഷ്പപ്രദർശനങ്ങളും പ്രത്യേക പ്രമേയപരമായ ആകർഷണങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു. ഒക്ടോബർ മുതൽ മേയ് വരെ പ്രവർത്തിക്കുന്ന മിറാക്കിൾ ഗാർഡൻ ദുബായിലെ ശൈത്യകാല വിനോദസഞ്ചാര സീസണിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

Content Highlights: Dubai Miracle Garden will reopen for its 15th season on October 8, featuring more than 150 million flowers, iconic floral displays and family-friendly attractions.

dot image
To advertise here,contact us
dot image